വി. മത്തായിയിൽ നിന്നും നേരിട്ട് സുവിശേഷം കേട്ട വിശുദ്ധ

സുവിശേഷകനായ വി. മത്തായിയെ അപൂർവ്വമായി എങ്കിലും എത്യോപ്യയുടെ അപ്പസ്തോലൻ എന്ന് വിശേഷിപ്പിക്കാറുണ്ട്. പാരമ്പര്യത്തിൽ പറയുന്നതനുസരിച്ച്, എത്യോപ്യയിൽ സുവിശേഷം പഠിപ്പിക്കുകയും അവിടെ വച്ച് രക്തസാക്ഷ്യം വരിക്കുകയും ചെയ്ത വ്യക്തിയാണ് മത്തായി സുവിശേഷകൻ.

വി. മത്തായി സുവിശേഷകനെ നമുക്ക് പരിചിതമാണെങ്കിലും അദ്ദേഹത്തിൽ നിന്നും സുവിശേഷം കേട്ട ഒരു വിശുദ്ധയെ നമുക്ക് അത്ര പരിചയം കാണില്ല. എത്യോപ്യക്കാരിയായ വി. എഫിജീനിയ ആണ് ആ ഭാഗ്യവതി. വി. എഫിജീനിയ ഒരു രാജകുമാരി കൂടി ആയിരുന്നു. ഈ വിശുദ്ധയുടെ ജീവിതത്തെക്കുറിച്ച് വായിക്കാം…

മത്തായി സുവിശേഷകന്റെ ദീർഘനാളത്തെ സുവിശേഷവത്കരണത്തിന്റെ ഫലമായി എത്യോപ്യയിൽ ക്രൈസ്തവ വിശ്വാസം വളർന്നുതുടങ്ങി. അന്ന് അവിടെയുണ്ടായിരുന്ന രാജകുടുംബമടക്കം നിരവധി ആളുകൾ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. ദൈവപ്രേരണയാൽ എഫിജീനിയ വിശുദ്ധീകരിക്കുകയും നൂറോളം സ്ത്രീകളടങ്ങുന്ന സമൂഹത്തിന്റെ മിസ്ട്രെസ്സായി നിയമിക്കപ്പെടുകയും ചെയ്തു. ഈ പാരമ്പര്യങ്ങൾക്കു പുറത്ത് വി. എഫിജീനിയയെക്കുറിച്ചുള്ള വിവരങ്ങൾ വളരെ കുറവാണ്. ഇക്കാരണത്താൽ, പൊതു ആരാധന കലണ്ടറിൽ അവളെ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിൽ തന്നെയും വി. മത്തായിയുടെ തിരുനാൾ ആഘോഷിക്കുന്ന ദിവസം തന്നെയാണ് വി. എഫിജീനിയയെയും അനുസ്മരിക്കുന്നത്.

സത്യം എന്തുതന്നെയായാലും സുവിശേഷം എഴുതിയ ആളിൽ നിന്നുതന്നെ അത് കേൾക്കാൻ കഴിയുകയും അതിലൂടെ വിശുദ്ധയായി ജീവിക്കുകയും ചെയ്തു എന്നത് അത്ഭുതകരവും അപൂർവ്വവുമാണ്. നാളുകൾക്കിപ്പുറം ആഫ്രിക്കൻ അടിമകൾക്കിടയിലും തെക്കേ അമേരിക്ക ഉൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വി. എഫിജീനിയയോടുള്ള ഭക്തി വളർന്നുവന്നു. ഇവർക്കിടയിൽ വിശുദ്ധയുടെ തിരുനാൾ ദിനത്തിന് വലിയ പ്രാധാന്യമുണ്ടായിരുന്നു. വളരെ ആഘോഷപൂർവ്വം ഈ വിശുദ്ധയുടെ തിരുനാൾ അവർ കൊണ്ടാടി.

ഒരുപക്ഷേ, ആധുനിക ലോകത്തിന് അത്ര പരിചിതമല്ലെങ്കിലും വി. മത്തായി സുവിശേഷകൻ ആദ്യം ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തനം നടത്തിയവരിലൊരാൾ എന്ന നിലയിൽ വിശുദ്ധയുടെ ഓർമ്മ കത്തോലിക്കാ സഭയിൽ നിലനിൽക്കുകയും ചെയ്തു.

ഇത്തരത്തിൽ ആധുനിക ലോകത്തിന് പരിചിതമല്ലാത്ത അനേകം വിശുദ്ധർ ഉണ്ടായിരുന്നു. ഒരുപക്ഷേ, കത്തോലിക്കാ സഭയുടെ വളർച്ചയിൽ നിർണ്ണായകമായ മാതൃകകൾ നൽകുവാൻ കഴിഞ്ഞത് ഈ വിശുദ്ധരായ വ്യക്തികൾക്കായിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.