ഫ്രാൻസിലെ പ്ലേഗ് രോഗബാധയെ സുഖപ്പെടുത്തിയ ഈശോയുടെ തിരുഹൃദയം

301 വർഷം മുൻപ് ഫ്രാൻ‌സിൽ ഒരു വലിയ പ്ലേഗ് രോഗബാധയുണ്ടായി. ആദിമകാല ഫ്രഞ്ച് ക്രൈസ്തവരുടെ ആദ്യത്തെ പൊതുവായുള്ള തിരുഹൃദയ ആരാധനയ്ക്ക് തുടക്കം കുറിക്കുവാൻ ഈ പകർച്ചവ്യാധി കാരണമായി മാറുകയായിരുന്നു. ആ സംഭവത്തെക്കുറിച്ച് വായിച്ചറിയാം.

ഫ്രാൻ‌സിൽ രണ്ടു വർഷത്തോളം നീണ്ടുനിന്ന പ്ളേഗ് ബാധയാൽ ആയിരക്കണക്കിന് ആളുകളായിരുന്നു മരണമടഞ്ഞത്. ഈ സമയം അവിടെയുണ്ടായിരുന്ന സി. ആൻ മെഡലെനിൻ എന്ന സമർപ്പിത തന്റെ സന്യാസജീവിതത്തിന്റെ ആദ്യകാലം മുതൽ ഈശോയുടെ തിരുഹൃദയ ഭക്തിക്ക് പ്രാധാന്യം കൊടുത്തിരുന്നു. വി. മാർഗരീറ്റ അലക്കോക്ക് ആരംഭിച്ച തിരുഹൃദയഭക്തി എന്ന വലിയ മിഷനിലായിരുന്നു സി. ആൻ മെഡലിനും ഉറച്ചുനിന്നത്. അങ്ങനെ ഈശോയുടെ തിരുഹൃദയത്തിനായി സമർപ്പിച്ച സി. ആൻ, ഒരു സംഘടന സ്ഥാപിക്കുകയും ദിവ്യകാരുണ്യത്തിൽ മനുഷ്യരോടു കൂടി വസിക്കുന്ന ഈശോയ്ക്ക് നന്ദിപറയുന്ന രീതിയിലുള്ള പ്രവർത്തനങ്ങള്‍ നടത്തിവരികയും ചെയ്തു. അങ്ങനെ 1717 ൽ വത്തിക്കാനിൽ നിന്ന് തിരുഹൃദയ കൂട്ടായ്‌മയ്ക്ക് അംഗീകാരം ലഭിച്ചു.

അതിനടുത്ത വർഷം അറുപതോളം വിശ്വാസികൾ ആരാധനയ്ക്കായി ദൈവാലയത്തിൽ എത്തുകയും പ്രാർത്ഥനയ്ക്കിടയിൽ പുരോഹിതനിൽ യേശുവിന്റെ മുഖം അര മണിക്കൂറിലധികം വിശ്വാസികൾ കാണുകയും ചെയ്തു. ആ അവസരത്തിൽ ദൈവം സി. ആനിന് ഒരു ദർശനം നൽകി. മാഴ്‌സെയിൽ നഗരം തന്റെ അധാർമ്മികതയെക്കുറിച്ച് അനുതപിച്ചില്ലെങ്കിൽ ശിക്ഷിക്കപ്പെടുമെന്നായിരുന്നു ആ വെളിപ്പെടുത്തൽ. മാഴ്‌സെയിൽ ജനതയുടെ ധാർമ്മികപരമായ കുറവുകളോടൊപ്പം തന്നെ ജാൻസെനിത്തത്തെയും അവർ മുറുകെ പിടിച്ചിരുന്നു. ക്രിസ്തു ഒരു വിഭാഗം ജനതയ്ക്കു വേണ്ടി മാത്രമാണ് പീഡകൾ സഹിച്ചു മരിച്ചതെന്നും അവർക്കു മാത്രമേ ജന്മനാ അവിടുത്തെ കൃപ ലഭിക്കുന്നുള്ളൂ എന്നുമായിരുന്നു ഈ വിശ്വാസത്തിലുള്ളവരുടെ പക്ഷം.

1713-ല്‍ ക്ലമന്റ് പതിനൊന്നാമൻ പാപ്പാ ഇതിനെ ശക്തമായി അപലപിച്ചുവെങ്കിലും ഫ്രാൻസിലെ ജനങ്ങൾ അത് കണക്കിലെടുത്തില്ല. അതിനുശേഷം 1720-ൽ പശ്ചിമേഷ്യയിൽ നിന്നുള്ള ഒരു കപ്പൽ മുഖാന്തിരം മാർസലിൽ വലിയ പ്ലേഗ് ബാധയുണ്ടായി. ജനജീവിതത്തെ സാരമായി ബാധിച്ച ഈ രോഗം മൂലം ദൈവാലയങ്ങൾ പോലും അടച്ചിടേണ്ടതായി വന്നു. എങ്കിലും സി. ആൻ മെഡലെലിന്റെ കോൺവെന്റ് വളരെ സുരക്ഷിതമായിരുന്നു. അതിനാൽ തന്നെ ആനിനും മറ്റ് അംഗങ്ങൾക്കും ആ സമയത്ത് ഒരുപാട് ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുവാൻ കഴിഞ്ഞു. പിന്നീട് സുപ്പീരിയറിന്റെ ആവശ്യപ്രകാരം സി. ആൻ ഈ മഹാമാരി തുടച്ചുനീക്കുന്നതിനായി എന്തു ചെയ്യണമെന്ന് തിരുഹൃദയ ഈശോയോട് ആവശ്യപ്പെട്ടു. ഫ്രാൻസിലെ ആബെ ഓഫ് ക്ലെയർവെൽ ദൈവാലയത്തിൽ തിരുഹൃദയത്തിന്റെ തിരുനാൾ ആചരിക്കണമെന്ന് ദൈവം അറിയിപ്പ് നൽകി.

അങ്ങനെ ബിഷപ്പ് ഡി ബെൽസ്‌നസ് മാർസലിൽ രൂപതയിൽ 1720 നവംബർ ഒന്നാം തീയതി നഗരം ഈശോയുടെ തിരുഹൃദയത്തിനു സമർപ്പിക്കുകയും തിരുനാൾ ആഘോഷിക്കുകയും ചെയ്തു. ഇതായിരുന്നിരിക്കണം ചരിത്രത്തിലെ ആദ്യത്തെ തിരുഹൃദയ സമർപ്പണവും പൊതു ആരാധനയും. ആ സമയം മുതൽ പ്ളേഗിൽ നിന്ന് ഫ്രാൻസിലെ ജനങ്ങൾ വിടുതൽ പ്രാപിച്ചു എന്ന് സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ പിന്നീട് രണ്ടു വർഷത്തിനു ശേഷം 1722-ൽ പ്ലേഗ് വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോൾ ദിവ്യകാരുണ്യത്തിനും ഈശോയുടെ തിരുഹൃദയഭക്തിക്കുമായി പ്രദക്ഷിണങ്ങൾ നടത്തുവാനായി ബിഷപ്പ് ഡി ബെൽസൻസ് മുൻകൈയെടുത്തു.

മാർസില്ലേ നഗരത്തിന്റെ കൗൺസിലർമാരൊന്നും 1720-ലെ ആരാധനയിലും ദിവ്യകാരുണ്യ സമർപ്പണത്തിലുമൊന്നും പങ്കെടുത്തിരുന്നില്ല. എന്നാൽ 1722-ലെ ദിവ്യകാരുണ്യ – തിരുഹൃദയ പ്രദക്ഷിണത്തിൽ ഭരണാധികാരികളും കൗൺസിലർമാരുമടക്കം എല്ലാവരും പങ്കെടുത്തു. അതിനുശേഷം സെപ്റ്റംബറോടു കൂടി ഈ മഹാമാരി അപ്രത്യക്ഷമാകുകയും ചെയ്തു. സി. ആൻ മെഡലെലിൻ 1730-ൽ മരണമടയുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.