ജപമാല മധുരം: 2019 ഒക്ടോബർ 10 (ദുഃഖകരമായ ദിവ്യരഹസ്യം – 5)

“യേശുവിന്റെ കുരിശിനരികെ അവന്റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്റെ ഭാര്യ മറിയവും മഗ്‌ദലേന മറിയവും നില്‍ക്കുന്നുണ്ടായിരുന്നു”(യോഹ. 19:25).

വ്യാകുലസമുദ്രം

ഫാ. അജോ രാമച്ചനാട്ട്

Ocean of Sorrow എന്ന പേരിൽ ഒരു ബംഗാളി നോവൽ തന്നെയുണ്ട്. മിർ മുഷാറഫ് ഹുസ്സൈൻ എഴുതിയതാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ ബംഗാളിലെ മുസ്ലിം സമൂഹം അനുഭവിച്ച ദുരിതങ്ങളാണ് ഉള്ളടക്കം.

പരിശുദ്ധ മറിയത്തെ ‘വ്യാകുലസമുദ്രം’ എന്ന് വിളിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. ജീവിതകാലത്ത് ആ സ്ത്രീ അനുഭവിക്കേണ്ടി വന്ന ദുരിതങ്ങൾ ചില്ലറയല്ല. വിവാഹപൂർവ്വ ഗർഭം മുതൽ ഏകമകന്റെ ദയനീയ മരണം വരെ.. മറിയം ദുഃഖത്തിന്റെ കടൽ തന്നെ! പക്ഷേ, മറിയത്തിന്റെ ജീവിതം മുഴുവൻ സങ്കടവും കണ്ണീരുമായിരുന്നു എന്നു വ്യാഖ്യാനിച്ചാൽ നമുക്ക് തെറ്റി.

മകന്റെ മരണനേരത്ത് കുരിശിന്റെ ചുവട്ടിൽ നിൽക്കാൻ മനോബലം കാണിച്ച അവളുടെയുള്ളിൽ ധൈര്യത്തിന്റെ ഒരു കടൽ ഇല്ലേ? ഓടിപ്പോയി ആത്മഹത്യ ചെയ്യാതെ മകന്റെ ഉയിർപ്പിനു വേണ്ടി കാത്തിരുന്ന ആ അമ്മയുടെ ഉള്ളിൽ പ്രതീക്ഷയുടെ കടലല്ലാതെ വേറെ എന്താണ്? നിരാശപ്പെട്ട്‌ ചിതറിപ്പോയ ശിഷ്യരെ വീണ്ടും പെറുക്കിക്കൂട്ടി പരിശുദ്ധാത്മാവിനു വേണ്ടി, പ്രാർത്ഥിക്കാൻ കൂട്ടിരുന്ന ആ അമ്മ വെറും കണ്ണീർക്കടൽ മാത്രമാണോ?

സുഹൃത്തേ, ആർക്കും തല്ലിക്കെടുത്താനാവാത്ത പ്രതീക്ഷയുടെ, തകരാത്ത ദൈവാശ്രയബോധത്തിന്റെ, നിർമ്മല വിശുദ്ധിയുടെ, ക്ഷമയുടെ ആഴമുള്ള നീലക്കടലാണ് മറിയം. കണ്ടുമുട്ടുന്നവരിലൊക്കെയുണ്ട് ഇരമ്പുന്നൊരു കടൽ. അത് സ്നേഹത്തിൻ്റേതാകാം, കണ്ണീരിന്റേതാവാം, ക്ഷമയുടേതാകാം.. അല്ലെങ്കിലും കടലിൻ്റെയുളളം ഈ ഭൂമിയിൽ ആരു കണ്ടൂ?!

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം..
ഫാ. അജോ രാമച്ചനാട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.