ജപമാല മധുരം: 2019 ഒക്ടോബർ 09 (ദു:ഖകരമായ രഹസ്യങ്ങൾ – 4)

“അവനെ ക്രൂശിക്കണമെന്ന്‌ അവര്‍ നിര്‍ബന്ധപൂര്‍വ്വം ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു കൊണ്ടിരുന്നു. അവസാനം അവരുടെ നിര്‍ബന്ധം തന്നെ വിജയിച്ചു” (ലൂക്കാ 23:23).

മരത്താലേ വന്നത്…

ഫാ. അജോ രാമച്ചനാട്ട്

മരത്താലേ വന്നത് മരത്താലേ പരിഹരിക്കപ്പെടണമെന്നാണ് വി. അപ്രേമിന്റെ വാക്കുകൾ. ആദത്തിന്റെ പാപത്തിന് ക്രിസ്തുവിൻ്റെ പരിഹാരം.. ആദ്യസ്ത്രീയായ ഹവ്വായുടെ അനുസരണക്കേടിനു പകരം പുതിയനിയമത്തിലെ ഹവ്വാ ആയ മറിയത്തിന്റെ അനുസരണം.. അങ്ങനെ പോകുന്നു ആ Analogy.

മരത്താലേ വന്നത് ക്രിസ്തുവിലൂടെ, മരത്താലേ പരിഹരിക്കപ്പെട്ടെങ്കിൽ ഈയൊരു പരിഹാര മനോഭാവം നമുക്കും തുടരേണ്ടതുണ്ട് നമ്മുടെ ആത്മീയജീവിതത്തിൽ. എന്താണെന്നോ? കുടുംബത്തിൽ, കുടുംബചരിത്രത്തിൽ വന്ന വീഴ്ചകൾക്ക് നമ്മൾ പരിഹാരം ചെയ്യുമ്പോൾ ക്രിസ്തുവിന്റെ കുരിശുമരണ വേദനകളിൽ നാമും പങ്കുപറ്റുകയാണ്.. കുരിശെടുക്കുകയാണ്..
കുരിശിൽ മരിക്കുകയാണ്..

പരിഹാരം ചെയ്തുള്ള ആത്മീയതയൊക്കെ ഇന്ന് ഒരുപക്ഷേ മാറ്റിനിർത്തപ്പെട്ടേക്കാം. പക്ഷേ, ഇന്നത്തെ നമ്മുടെ ആത്മീയസമ്പത്ത് മുഴുവൻ കുരിശുകൾ ഏറ്റെടുത്ത മനുഷ്യരുടെ സംഭാവനകളാണെന്ന് മറക്കാതിരിക്കാം.

കൃപ നിറഞ്ഞ ദിവസം സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്