ജപമാല മധുരം: 2019 ഒക്‌ടോബർ 08 (ദു:ഖകരമായ രഹസ്യങ്ങൾ – 3)

“ഒരു മുള്‍ക്കിരീടം മെടഞ്ഞ്‌ അവന്റെ ശിരസ്സില്‍ വച്ചു. വലതുകയ്യില്‍ ഒരു ഞാങ്ങണയും കൊടുത്തു. അവന്റെ മുമ്പില്‍ മുട്ടു കുത്തിക്കൊണ്ട്‌, യഹൂദരുടെ രാജാവേ, സ്വസ്‌തി! എന്നുപറഞ്ഞ്‌ അവര്‍ അവനെ പരിഹസിച്ചു” (മത്തായി 27:29).

മുൾക്കിരീടം

ഫാ. അജോ രാമച്ചനാട്ട്

മുൾക്കിരീടം മറ്റൊരുവന്റെ സൃഷ്ടിയാണ്. ആരും സ്വയമേ എടുത്തു വയ്ക്കുന്നുമില്ല, മറ്റാരൊക്കെയോ ചേർന്ന് ഒരാൾക്കുമേൽ ഉറപ്പിക്കുകയാണ്..

എന്റെ സുഹൃത്തേ, ആരോപിക്കപ്പെടുന്ന കുറ്റങ്ങളാണ് മുൾക്കിരീടങ്ങൾ. ആരോപണങ്ങൾക്ക് ഏദൻ തോട്ടത്തോളം പഴക്കമുണ്ട്.. ആരാലും മനസിലാക്കപ്പെടാതെ പോവുക – അതൊരു വല്ലാത്ത വേദന തന്നെയാണ്. എല്ലാവരുടെയും തുറിച്ചുനോട്ടങ്ങളും അടക്കം പറച്ചിലുകളും!! മുൾക്കിരീടങ്ങളുടെ ഭാരം ചിലപ്പോൾ നമ്മെ നമ്മളല്ലാതാക്കും. ആരോപണങ്ങളാൽ വ്രണപ്പെട്ട് എങ്ങോട്ടോ ഇറങ്ങിപ്പോയവരുണ്ട്. ജീവിതം മതിയെന്ന് വച്ചവരുണ്ട്. ലോകത്തോട് മനസ്സിൻ്റെ വാതായനങ്ങളടച്ച് വനവാസം നയിക്കുന്നവരുമുണ്ട്.

എൻ്റെ തമാശ പറച്ചിലുകളും വിനോദങ്ങളും മറ്റൊരാൾക്ക് മുൾക്കിരീടമാവരുതേ, ദൈവമേ…

ശുഭദിനം സ്നേഹപൂർവം.. .
ഫാ. അജോ രാമച്ചനാട്ട്