ജപമാല മധുരം – 2019 ഒക്ടോബർ 07 (ദു:ഖകരമായ രഹസ്യങ്ങൾ – 2)

“നോക്കൂ, മരണശിക്ഷ അര്‍ഹിക്കുന്ന ഒരു കുറ്റവും ഇവന്‍ ചെയ്‌തിട്ടില്ല. അതിനാല്‍ ഞാന്‍ ഇവനെ ചമ്മട്ടി കൊണ്ട്‌ അടിപ്പിച്ച്‌ വിട്ടയയ്‌ക്കും” (ലൂക്കാ 23:15-16).

ചമ്മട്ടി

ഫാ. അജോ രാമച്ചനാട്ട്

പീലാത്തോസിന്റെ വർത്തമാനത്തിൽ തന്നെ ഒരു ശരികേട് ഇല്ലേ? അങ്ങനെ ഗൗരവമായ ഒരു കുറ്റവും കാണുന്നില്ലെന്ന്! പിന്നെ എന്തിനാണ് സഹോ, നിങ്ങള്‍ ചമ്മട്ടി കൊണ്ട് ആ പാവം മനുഷ്യൻ്റെ ശരീരം തകർത്തു തരിപ്പണമാക്കിയത്?

ചമ്മട്ടി – ഓർക്കാൻ കൂടി ഭയപ്പെടുന്ന ദണ്ഡനോപകരണം. ചെന്നു വീഴുന്നിടത്ത് നിന്നും, മാംസക്കഷണങ്ങൾ പറിച്ചെടുത്ത് കൊണ്ടേ തിരികെ മടങ്ങൂ!!ചമ്മട്ടിയേക്കാളും ഭയക്കേണ്ട ചിലതുണ്ട് ഈ മണ്ണിൽ – ചില മനുഷ്യരുടെ നാവ് ആണത്. മാംസവും ചോരയും പറിച്ചെടുത്തേ അടങ്ങൂ. പീലാത്തോസിനെപ്പോലെ തന്നെയാണ് – ഒന്നുമുണ്ടായിട്ടല്ല, ഒരു സന്തോഷത്തിന്!

ചുറ്റും നോക്കിയാൽ കാണാം, ആരുടെയൊക്കെയോ നാവ് തകർത്തെറിഞ്ഞ ജീവിതങ്ങൾ.. മുറിഞ്ഞുപോയ കുടുംബബന്ധങ്ങൾ.. ആരെയും ഒന്നും വിശ്വസിപ്പിക്കാനാകാതെ കൂമ്പടഞ്ഞു പോയ ഒരുപാട് ജീവിതങ്ങൾ..  ഭാവി വഴിമുട്ടിയ കുഞ്ഞുങ്ങൾ.. നാവ് ചമ്മട്ടിയേക്കാൾ ഭീകരം തന്നെ!!

നാവ് മനോഹരമായാൽ.. എത്ര ആനന്ദകരമാകും സുഹൃത്തേ, ജീവിതം.. എത്ര സുന്ദരമാകും കുടുംബങ്ങൾ.. എത്ര രുചിയുള്ളതാകും ബന്ധങ്ങൾ..

മധുരം നിറഞ്ഞ ഒരു പകൽ സ്നേഹപൂർവം..

ഫാ. അജോ രാമച്ചനാട്ട്