സഭാ നിര്‍മ്മിതിയില്‍ യുവജനങ്ങള്‍ക്കുളള പങ്ക്

ഫാ. ജോസഫ് ആലഞ്ചേരില്‍ SMYM
ഫാ. ജോസഫ് ആലഞ്ചേരില്‍ SMYM

മിശിഹായുടെ ഉത്ഥാനത്തിന് ആദ്യ ദൃക്‌സാക്ഷിയാര് എന്ന ചോദ്യത്തിന് വി. മര്‍ക്കോസ് സുവിശേഷകന് വ്യത്യസ്തമായ ഉത്തരമാണുളളത്. തൈലാഭിഷേകത്തിന് അതിരാവിലെ ശവകുടീരത്തിലെത്തിയ സ്ത്രീകള്‍ കണ്ടത് വെള്ളവസ്ത്രം ധരിച്ച ഒരു യുവാവ് വലതുഭാഗത്ത് ഇരിക്കുന്നതായിട്ടാണ് (മര്‍ക്കോ. 16: 5). ഈശോയുടെ ഉത്ഥാനത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമാണ് വി. മര്‍ക്കോസ് ശ്ലീഹാ ഒരു യുവാവിന് നല്‍കിയത്. ഉത്ഥാനദൃശ്യത്തില്‍ ഒരുപക്ഷെ പടയാളികള്‍ കണ്ടതും പിന്നീട് ഈശോ വെളിപ്പെടുത്തിയതിലൂടെ മഗ്ദേലന മറിയം അറിഞ്ഞതുമായ വിവരങ്ങളേക്കാള്‍ കൂടുതല്‍ രഹസ്യങ്ങള്‍ വ്യക്തമായി അറിഞ്ഞിരുന്നത് ആ യുവാവാണ് എന്ന് സുവിശേഷകന്‍ പിന്നീട് സൂചിപ്പിക്കുന്നുണ്ട്.

ഉയിര്‍ത്തെഴുന്നേറ്റ ഈശോ എവിടെയാണെന്നും എങ്ങോട്ടു പോകുന്നുവെന്നും ഈ ലോകത്തില്‍ മറ്റാരും അറിയുന്നതിനുമുമ്പേ ഈ യുവാവാണ് അറിഞ്ഞതെന്ന് സുവിശേഷകന്‍ പറയുന്നു. ഈ യുവാവ് ഒരു ദൈവദൂതനാണെന്ന് ഒരു സൂചനയും വി. മര്‍ക്കോസ് നല്‍കാതിരിക്കുമ്പോഴും ശ്ലീഹന്മാര്‍ ഇനി എന്തു ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നതും ആ യുവാവാണ്. ഉത്ഥിതന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെപ്പോലെ പ്രത്യക്ഷപ്പെടുന്നുണ്ട് ആ ചെറുപ്പക്കാരന്‍. അതുകൊണ്ടാണല്ലോ അയാള്‍ പറയുന്നത്, ‘നിങ്ങള്‍ പോയി അവന്റെ ശിഷ്യന്മാരോടും പത്രോസിനോടും പറയുക: അവന്‍ നിങ്ങള്‍ക്കു മുമ്പേ ഗലീലിയിലേയ്ക്കു പോകുന്നു. അവന്‍ നിങ്ങളോട് പറഞ്ഞിരുന്നതുപോലെ അവിടെവച്ച് നിങ്ങള്‍ അവനെ കാണും’ (മര്‍ക്കോ. 16:7) എന്ന്.

യുവജനകേന്ദ്രീകൃതമായി രചിക്കപ്പെട്ട പുസ്തകമാണ് ബൈബിള്‍ എന്ന സൂചനയെ സാര്‍ത്ഥകമാക്കാന്‍ വിവിധ കാലങ്ങളില്‍ രക്ഷാകരചരിത്രത്തിലെ ദുര്‍ഘടവഴികള്‍ താണ്ടി, തേനും പാലും ഒഴുകുന്ന കാനാന്‍ നാടുകളിലേയ്ക്ക് ദൈവജനത്തെ നയിക്കാന്‍ ദൈവം തിരഞ്ഞെടുക്കുന്നവരിലധികവും യുവജനങ്ങളാണ്. പൂര്‍വ്വപിതാവായ ജോസഫ് എന്ന മുപ്പത് വയസ്സുകാരനില്‍ തുടങ്ങി സഭാപീഡകനായ സാവൂളിന്റെ മാനസാന്തരം വരെ എത്തിനില്‍ക്കുന്ന തീക്ഷ്ണതയുടെയും ചുറുചുറുക്കിന്റെയും സംഭവബഹുലമായ രമണീയചരിത്രം. എല്ലാറ്റിന്റെയും കേന്ദ്രസ്ഥാനത്ത് നസ്രായനായ ഈശോ എന്ന യുവാവ് നില്‍ക്കുന്നു.

യുവജനങ്ങളുടെ വിയര്‍പ്പും ചോരയും ഒഴുകിവീണ് കുതിര്‍ന്ന മണ്ണില്‍ നിന്നാണ് തിരുസഭയാകുന്ന ‘തണല്‍വൃക്ഷം’ വളര്‍ന്ന് ശിഖരങ്ങളാല്‍ ഈ ഭൂമിയാകെ പടര്‍ന്നുപന്തലിച്ചത്. ഇങ്ങനെയൊരു പുനഃര്‍വിചിന്തനത്തിന്റെ വെളിച്ചത്തിലാണ് ലോകാരാധ്യനായ കത്തോലിക്കാസഭയുടെ അമരക്കാരന്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ യുവജനങ്ങളെക്കുറിച്ച് മനനം നടത്താന്‍ സഭയെ ക്ഷണിക്കുന്നത്.

വിശുദ്ധ ബൈബിള്‍, നിര്‍ണ്ണായകമായ ഒരു സ്ഥാനം സഭയുടെ നിര്‍മ്മിതിയില്‍ യുവജനങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കിലും ആദ്യനൂറ്റാണ്ടുകള്‍ക്കു ശേഷം ഏതാണ്ട് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ വരെ സഭയുടെ പ്രമാണരേഖകളില്‍ യുവജനങ്ങളെക്കുറിച്ച് കാര്യമായ പരാമര്‍ശം ഉണ്ടായതായി കാണുന്നില്ല. എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ യുവജനങ്ങളില്‍ വീണ്ടും പ്രതീക്ഷയര്‍പ്പിച്ചു. അതിനാല്‍ യുവജനങ്ങളെ സംബോധന ചെയ്തുകൊണ്ടാണ് കൗണ്‍സില്‍ അവസാനിപ്പിച്ചത് – അവസാനമായി പ്രിയപ്പെട്ട യുവജനമേ, സഭ അതിന്റെ അന്തിമപ്രബോധനം നിങ്ങളോട് പറയുവാനാഗ്രഹിക്കുന്നു. ചരിത്രത്തിന്റെ ഭീമാകാരമായ പരിവര്‍ത്തനത്തിന്റെ ഈ കാലത്ത് നിങ്ങളാണ് പഴയതലമുറയില്‍ നിന്നും വിശ്വാസത്തിന്റെ ദീപശിഖ ഏറ്റുവാങ്ങേണ്ടവര്‍.

വത്തിക്കാന്‍ കൗണ്‍സിലിന്റെ മനസ്സോടുചേര്‍ന്നാണ് പരിശുദ്ധ പിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പയും ചിന്തിക്കുന്നത്. 2013-ലെ ലോകയുവജന സമ്മേളനത്തില്‍ പാപ്പ പറഞ്ഞ പ്രസംഗം വിശ്വപ്രസിദ്ധമായിരുന്നല്ലോ. ളോഹയും ശിരോവസ്ത്രവുമില്ലാത്ത വിശുദ്ധരെ നമുക്ക് ആവശ്യമുണ്ട് എന്ന് യുവജനങ്ങളെ നോക്കി പാപ്പാ പറഞ്ഞു. അദ്ദേഹത്തിന്റെ ആ ചിന്തയില്‍ നിന്നാണ് യുവജനങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍ ഒക്‌ടോബര്‍ മാസം റോമില്‍ സിനഡ് നടക്കുന്നത്. അതീവ പ്രാധാന്യമുളള ദൗത്യമാണ് യുവജനങ്ങള്‍ക്കുള്ളതെന്ന് പരിശുദ്ധ പിതാവ് കരുതുന്നു.

സഭ യുവജനങ്ങളില്‍ നിന്ന് പഠിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പ പറയുന്നു. മാര്‍പാപ്പ തുടരുന്നു: ‘യുവജനങ്ങളെ ശ്രദ്ധിക്കുന്നതിലൂടെ ഇന്നത്തെ ലോകത്തോട് സംസാരിക്കുന്ന ദൈവത്തെ സഭയ്ക്ക് കേള്‍ക്കുവാനാകും. കാലത്തിന്റെ അടയാളങ്ങള്‍ തിരിച്ചറിയുവാന്‍ യുവജനത്തിനറിയാം. അവരെ ശ്രദ്ധിക്കുന്നതിലൂടെ സഭ സഞ്ചരിക്കാന്‍ വിളിക്കപ്പെട്ട വഴികള്‍ ഏതെന്ന് തിരിച്ചറിയാന്‍ കഴിയും. നവസുവിശേഷവത്ക്കരണത്തിന്റെ ചാലകമായ യുവജനങ്ങള്‍ക്ക് സഭയെ ഓര്‍മ്മിപ്പിക്കാനും ഒരുക്കുവാനും മറ്റാരേക്കാളും കൂടുതല്‍ സാധിക്കും. അവരെക്കൂടാതെ സഭയ്ക്ക് ആധുനിക കാലത്തോട് സംവദിക്കാനാവില്ല – ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ഈ ദര്‍ശനത്തില്‍ യുവജനങ്ങളെ സഭയിലേയ്ക്ക് തിരികെ ആനയിക്കുവാന്‍ കഴിയുമെന്ന് നമുക്ക് പ്രത്യാശിക്കാം.

ഫാ. ജോസഫ് ആലഞ്ചേരില്‍ SMYM

കടപ്പാട്: ഫോര്‍ച്യൂണ്‍ വോയ്സ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ