ആത്മീയതയിൽ കുട്ടികളെ വളർത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

നിർമ്മലതയും നിഷ്കളങ്കതയും ഒത്തുചേരുന്ന സുന്ദരമായ കാലഘട്ടമാണ് കുട്ടിക്കാലം. തനിക്കു ചുറ്റും നടക്കുന്നവയെ അണുവിട തെറ്റാതെ വീക്ഷിക്കുകയും സ്വായത്തമാക്കുകയും ചെയ്യുന്ന പ്രായമാണിത്. എന്തിനെയും അറിയാനും കൈപ്പിടിയിലാക്കാനും കൊതിക്കുന്ന നിഷ്കളങ്കമായ ഈ കാലഘട്ടത്തിൽ കുട്ടികൾ ഒരു നിരീക്ഷകന്റെ വേഷമാണ് അണിയുക. തന്റെ ചുറ്റുപാടികളിൽ നിന്ന് ലഭിക്കുന്നവയെ ഉള്ളിലാക്കി അവയിൽ നിന്ന് തന്റേതായ വ്യക്തിത്വ൦ രൂപപ്പെടുത്തുന്ന ഈ പ്രായത്തിൽ, മാതാപിതാക്കൾ തങ്ങളുടെ ജീവിതരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് ആവശ്യമാണ്.

അതിന് പ്രധാനകാരണം, കുട്ടികൾ മാതാപിതാക്കളുടെ കൂടെയാണ് കൂടുതൽ സമയവും ചിലവിടുന്നത് എന്നതാണ്. കുട്ടികൾ അവരുടെ മാതാപിതാക്കളുടെ ജീവിതം കണ്ടാണ്, അവരുടെ ജീവിതരീതികൾ മനസിലാക്കിയാണ് വളരുന്നത്. നിങ്ങളുടെ ജീവിതരീതികൾ, പ്രാർത്ഥനകൾ, വാക്കുകൾ, പ്രയോഗങ്ങൾ ഇവയെല്ലാം നിങ്ങൾപോലും അറിയാതെ ഒരു കുട്ടി നിരീക്ഷിക്കുന്നുണ്ട്. അതിനാൽ കുട്ടികളിൽ വ്യക്തമായ ആദ്ധ്യാത്മികത രൂപപ്പെടുത്തുന്നതിൽ മാതാപിതാക്കൾക്കുള്ള സ്ഥാനം വളരെ വലുതാണ്.

കുട്ടികളിൽ ആത്മീയതുടെ നാമ്പുകൾ രൂപപ്പെടുത്തുന്നതിനും മൂല്യങ്ങൾ പകർന്നു നൽകുന്നതിനും മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.

1. കുട്ടികളെ സ്നേഹിക്കുക. കഴിയുന്നതും അവരോടൊപ്പം ആയിരിക്കാൻ ശ്രമിക്കുക.

2. കുട്ടികളുടെ മുന്നില്‍ വച്ച് കലഹിക്കുകയോ തെറ്റായ വാക്കുകൾ പ്രയോഗിക്കുകയോ അരുത്. അത് കുട്ടികളിൽ കലഹത്തിന്റേതായ സന്ദേശം പകരുന്നതിന് കാരണമാകും.

3. കുട്ടികൾക്ക് നല്ല കഥകൾ പറഞ്ഞുകൊടുക്കുക. ബൈബിൾ കഥകളിലൂടെ ഈശോയെയും മാതാവിനെയും കുറിച്ചുള്ള കാര്യങ്ങൾ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുക.

4. മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കുട്ടികളുടെ സാന്നിധ്യത്തിൽ പറയാതിരിക്കുക. മറിച്ച്, മറ്റുള്ളവരിലെ നന്മകൾ കണ്ടെത്തുവാൻ പ്രോത്സാഹിപ്പിക്കുകയും അങ്ങനെ ചെയ്യുമ്പോൾ അഭിനന്ദിക്കുകയും വേണം. മാതാപിതാക്കളെ അനുസരിക്കേണ്ടതിന്റെ പ്രാധാന്യവും അവരോടുള്ള ബഹുമാനവും എന്താണെന്ന് സ്വജീവിതത്തിലൂടെ കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുക.

5. വൈദികരെയും സന്യസ്തരെയും സഭയെയും താഴ്ത്തിക്കെട്ടിയുള്ള സംസാരങ്ങൾ കുട്ടികളുടെ മുന്നിൽ വച്ച് നടത്തരുത്. അത്തരം സംഭാഷണങ്ങളിലൂടെ കുട്ടികളിലേയ്ക്ക് സഭാവിരുദ്ധമായ മനോഭാവം കടന്നുവരാൻ സാധ്യതയുണ്ട്.

6. വിശുദ്ധ കുർബാനയ്ക്കായി പള്ളിയിലെത്തുമ്പോൾ കുട്ടികളെയും ഒപ്പം കൂട്ടുക. അത് ദൈവവുമായുള്ള അടുപ്പത്തിലേയ്ക്ക് കുട്ടികളെ കൊണ്ടുവരാന്‍ സഹായിക്കും.

7. കുട്ടികൾക്ക് എന്തും തുറന്നു സംസാരിക്കാവുന്ന കൂട്ടുകാരായി മാറുക. അവരുടെ നിഷ്കളങ്കമായ സംശയങ്ങൾക്ക് വിവേകപൂർവ്വം മറുപടി നൽകുക. കാരണം, നമ്മിൽ നിന്നു പുറപ്പെടുന്ന ഓരോ വാക്കും കുട്ടികൾ ഒപ്പിയെടുക്കും.

8. പ്രാർത്ഥിക്കുമ്പോൾ കുട്ടികളെയും അടുത്തിരുത്തുക. പ്രാത്ഥനയുടെ അർത്ഥവും ആഴവും കുട്ടികൾക്ക് മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കുക.

9. മറ്റുള്ളവർക്ക് സഹായങ്ങൾ നൽകുമ്പോൾ അത് കുട്ടികളെക്കൊണ്ട് ചെയ്യിക്കുവാൻ ശ്രമിക്കുക. അതിലൂടെ പങ്കുവയ്ക്കലിന്റെ അനുഭവം കുട്ടികളിൽ വളർന്നുവരട്ടെ.

10. സഭാസംബന്ധമായ കാര്യങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിലൂടെ സഭയും സഭയുടെ പ്രവർത്തനങ്ങളും പരിചയപ്പെടാനുള്ള അവസരമാണ് കുട്ടികൾക്ക് നാം നൽകുന്നത്.

ഇതുപോലെ ചെറിയ ചെറിയ കാര്യങ്ങളിലൂടെ കുട്ടികളില്‍ ആത്മീയമായ മനോഭാവവും മൂല്യങ്ങളും വളര്‍ത്തിയെടുക്കാന്‍ കഴിയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.