കുടംബമൂല്യങ്ങളും പൈതൃകവും പരിപാലിക്കുന്നതിൽ അമ്മമാരുടെ പങ്ക് നിസ്തുലം: മാർ ആലഞ്ചേരി

കാക്കനാട്: കുടുംബമൂല്യങ്ങളും പൈതൃകവും പരിപാലിക്കുന്നതിൽ അമ്മമാരുടെ പങ്ക് നിസ്തുലമെന്ന് സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി. കോട്ടയം അതിരൂപതയുടെ അൽമായ വനിതാ സംഘടനയായ ക്‌നാനായ കത്തോലിക്കാ വിമൺസ് അസോസിയേഷൻ രൂപതാ-ഫൊറോന നേതൃത്വങ്ങൾ സംയുക്തമായി സംഘടിപ്പിച്ച സഭാ-സമുദായ പഠനയാത്ര കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബ ബന്ധങ്ങൾ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇക്കാര്യത്തിൽ കുടുംബനാഥനെയും ഇതര കുടുംബാംഗങ്ങളെയും കൂട്ടിയോജിപ്പിച്ച് പരമ്പരാഗത മൂല്യങ്ങളും പൈതൃകവും സംരക്ഷിക്കുന്നതിലും കൈമാറുന്നതിലും പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ക്‌നാനായ സമുദായ പാരമ്പര്യത്തിൽ ജീവിക്കുന്നതിലും അവ കൈമാറുന്നതിലും ക്‌നാനായ വനിതകളുടെ തീക്ഷ്ണത മാതൃകാപരമാണെന്നും ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യങ്ങളും സ്വവംശവിവാഹനിഷ്ഠ ഉൾപ്പടെയുള്ള പരമ്പരാഗത മൂല്യങ്ങളും കാത്തുപരിപാലിക്കുന്നതിൽ പൂർവ്വികർ നൽകിയ പ്രാധാന്യത്തെ സീറോ മലബാർ സഭ അതീവതാല്പര്യത്തോടെ പരിഗണിക്കുന്നുവെന്നും സഭയുടെ വളർച്ചയിൽ ക്‌നാനായ സമുദായത്തിന്റെ പങ്കിനെ സഭ സന്തോഷത്തോടെ വിലമതിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സീറോ മലബാർ സഭ കൂരിയാ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി. കെ.സി.ഡബ്ല്യു.എ. പ്രസിഡന്റ് ഡോ. മേഴ്‌സി ജോൺ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപതാ വികാരി ജനറാൾ മോൺ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി. കെ.സി.ഡബ്ല്യു.എ. സെക്രട്ടറി സിൻസി പാറേൽ, അതിരൂപതാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.  ഫൊറോന വികാരിമാർ, ഫൊറോന ചാപ്ലെയിൻമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മൗണ്ട് സെന്റ് തോമസ് മ്യൂസിയം സന്ദർശിച്ച ശേഷം ക്‌നാനായ കുടിയേറ്റ കേന്ദ്രമായ കൊടുങ്ങല്ലൂർ, മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം, ചെറായി എന്നീ പ്രദേശങ്ങൾ കെ.സി.ഡബ്ല്യു.എ. അംഗങ്ങൾ ഫൊറോന അടിസ്ഥാനത്തിൽ സന്ദർശിച്ചു. നാനൂറിലധികം പേർ പഠനയാത്രയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ