സമാധാനപരമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൽ കത്തോലിക്കർക്കുള്ള പങ്ക് നിർണ്ണായകം 

ചൈനീസ് അധികാരികളുടെ അടിച്ചമർത്തലിനെതിരെ ഭീതിയില്ലാതെ കത്തോലിക്കരും മറ്റ് ക്രിസ്ത്യാനികളും പ്രതിഷേധങ്ങളുമായി രംഗത്തെത്തുന്നത് തനിക്ക് കാണാൻ കഴിയുന്നുവെന്ന് ഹോങ്കോംഗ് ഫെഡറേഷൻ ഓഫ് കാത്തലിക് സ്റ്റുഡന്റ്‌സ് ആക്ടിംഗ് പ്രസിഡന്റ് എഡ്വിൻ ചൗ. പ്രതിഷേധസമരങ്ങള്‍ ഏറ്റവും സമാധാനപരമായി നടത്തുന്നതിന് കത്തോലിക്കർ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ചൗ ചൂണ്ടിക്കാട്ടി.

പലപ്പോഴും പല സമരങ്ങൾ ആക്രമണപരമായി മാറുന്നുണ്ട്. എന്നാൽ, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം അവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പ്രതിഷേധ റാലികൾ ഒക്കെയും ഏറ്റവും സമാധാനപരമായി മുന്നേറുന്നതാണ് കാണുവാൻ കഴിയുന്നത്. പ്രതിഷേധങ്ങളോ മുദ്രാവാക്യങ്ങളോ കൂടാതെ പ്രാർത്ഥനകളും ഹല്ലേലൂയാ ഗീതങ്ങളുമായി മുന്നേറുന്ന സമാധാനറാലികൾ പലപ്പോഴും പലർക്കും മാതൃകയും സാക്ഷ്യവുമായി മാറുകയാണ്. ഇതൊരു അത്ഭുതം തന്നെ – ചൗ വെളിപ്പെടുത്തുന്നു.

പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കുന്നവരിൽ ഏറെയും ക്രിസ്ത്യാനികളാണ്. തങ്ങളുടെ സുഹൃത്തുക്കളെ ശാന്തതയിലും സമാധാനത്തിലും മുന്നോട്ടു കൊണ്ടുപോകുവാനുള്ള വലിയ ഉത്തരവാദിത്വം കത്തോലിക്കർ ഏറ്റെടുക്കുന്നു. അതിനാൽ തന്നെ പ്രാർത്ഥനയും ഹല്ലേലൂയാ ഗീതങ്ങളുമായി ഒരു സമാധാനപരമായ അന്തരീക്ഷം അവർ സൃഷ്ടിക്കുന്നു. കൂടാതെ, സമ്മേളനങ്ങൾ പലപ്പോഴും പ്രാർത്ഥനയോടെ തുടങ്ങി വിശുദ്ധ കുർബാനയോടെ അവസാനിക്കുന്ന തരത്തിലാകും ക്രമീകരിക്കുക. അതിനാൽ, പ്രതിഷേധറാലി ആണെങ്കിൽ തന്നെയും അത് സമാധാനത്തിൽ അവസാനിപ്പിക്കുവാൻ ജനങ്ങൾ തയ്യാറാവുന്നു – ചൗ വ്യക്തമാക്കി.