ഉത്ഥാനം

അനീതിയും അധര്‍മ്മവും കള്ളസാക്ഷ്യവും അതിരുതീര്‍ത്ത ഒരു വിചാരണമുറിയില്‍ ഒറ്റയ്‌ക്കൊരാള്‍ – ക്രിസ്തു. പിന്നെ ഈ മണ്ണില്‍ നിന്നല്ലായിരുന്നു പിറവിയെന്നതിനാല്‍ ആകാശത്തിനും ഭൂമിയ്ക്കുമിടയില്‍ നെടുകെയും കുറുകെയും കെട്ടിയ കമ്പില്‍ അവസാനശ്വാസം. ഒടുവില്‍ കല്ലറ പിളര്‍ന്നുയര്‍ന്ന വെണ്‍കൊടിയടയാളം. ഉത്ഥാനമെന്നാല്‍ ഇതു മാത്രമാണോ?

ഉയിര്‍ത്തെഴുന്നേറ്റതു ക്രിസ്തു മാത്രമോ? അവനോടൊപ്പം ഉത്ഥിതമായതെന്തൊക്കെ? അഥവാ എന്നില്‍ ഞാന്‍ വിയര്‍ത്തുയര്‍പ്പിക്കേണ്ട കാര്യങ്ങളെന്തൊക്കെ?
ഉത്ഥാനം ആദ്യം ഓര്‍മ്മിപ്പിക്കുന്നത് ആ കല്ലറ തന്നെയാണ്. ‘തോട്ടത്തില്‍ ഒരു കല്ലറ.’ മനോഹരമായ എന്നാല്‍, അത്ര പരിചിതമല്ലാത്ത ഒരു കല്ലറ തന്നെയാണത്. തോട്ടമെന്നാല്‍ ഒരാളുടെ ആഹ്ലാദങ്ങളുടെ ആരവം അവസാനിക്കാത്തിടം എന്ന് തന്നെ അര്‍ത്ഥം.

ജീവിതത്തിന്റെ ആഹ്ലാദപ്പൂക്കള്‍ക്കിടയില്‍ ഒരു കല്ലറയൊളിപ്പിക്കുന്ന ജോസഫ്, അനശ്വരതയുടെ ആകാശത്തെ അറിയാതെ അടയാളപ്പെടുത്തുകയായിരുന്നു. ഈ ലോകവും അതിലെ നേട്ടങ്ങളും കടന്നുപോകും എന്ന ചിന്ത എപ്പോഴും ആത്മാവില്‍ സൂക്ഷിക്കുന്ന ഒരാള്‍ക്കെ, അത്തരം അടയാളങ്ങളെ തോട്ടനിര്‍മ്മാണവേളയില്‍ തന്നെ ഉറപ്പുവരുത്താനാവൂ. പിന്നെയാ സ്ത്രീ; ഏഴു പിശാചുക്കളെ പുറത്താക്കി എന്നൊക്കെയാണു വചനത്തിന്റെ മറ്റൊരു താളില്‍ അവളുടെ വിലാസം. ഒരു മോശം പുരുഷനെക്കുറിച്ചു പോലും ഇത്ര അപകടകരമായ സൂചന വിശുദ്ധ ഗ്രന്ഥത്തില്‍ ഒരിടത്തുമില്ലെന്നോര്‍ക്കുക. ”നീ എന്തിനാണു കരയുന്നത്?” അത്ര അലിവോടെ ആരും അവളോട് അങ്ങനെ ചേര്‍ന്നുനിന്നിട്ടില്ല. നഷ്ടപ്പെട്ടതു നിസാരമായിരുന്നില്ല. അതുകൊണ്ടാണ് അവളുടെ കണ്ണീര്‍പ്രവാഹം നിലയ്ക്കാതിരുന്നത്. ക്രിസ്തുവിനെ നഷ്ടപ്പെട്ടതാണ് അവളെ കരയിച്ചത്. നീ എന്തിനുവേണ്ടി കരയണം എന്നതിനെ നന്നായി അടയാളപ്പെടുത്തുന്നുണ്ട് ഈസ്റ്റര്‍.

ഒടുവിലാ പ്രാതല്‍; ചിതറിയോടിയവര്‍ വീണ്ടും ഒരുമിച്ചത് അവന്റെ വിചാരങ്ങളിലേക്കു മടങ്ങിയെത്താനായിരുന്നില്ല. എപ്പൊഴോ കൈവിട്ടുകളഞ്ഞ ആ പഴയ വള്ളവും വലയും അവരെ തിരികെ വിളിച്ചത്രെ! തിബേരിയൂസ് തീരത്തെ പ്രാതല്‍ വ്യത്യസ്തമായതു പിന്നെയും ചില കാരണങ്ങളാലാണ്. അവന്‍ മുറിച്ച അപ്പവും മീനും അവര്‍ കഴിച്ചത് ‘കുനിഞ്ഞിരുന്നു’ കൊണ്ടായിരുന്നില്ല. ഇനി ആരും കുനിയാതിരിക്കാന്‍ കുരിശിനു കീഴില്‍ അവന്‍ സ്വയം കുനിച്ചതിനെയായിരുന്നല്ലൊ ചരിത്രം കാല്‍വരിയെന്നു തിരിച്ചറിഞ്ഞത്.

ഈസ്റ്റര്‍ എന്നാല്‍ ഉയിര്‍പ്പെന്നര്‍ഥം. ഏറ്റവും വിപരീതമായ സാഹചര്യങ്ങളില്‍പ്പോലും എന്നിലെ ഏറ്റവും നല്ലതിനെ ഞാന്‍ ഉയിര്‍പ്പിക്കുമ്പോള്‍, ഞാന്‍ ഉയിര്‍ക്കുന്നു; ഉത്ഥിത
നൊപ്പം.

ഫാ. മാത്യു കിലുക്കന്‍