കൗമാരക്കാരുമായി എങ്ങനെ ആശയവിനിമയം നടത്താം

കാഴ്ചപ്പാടുകളും തീരുമാനങ്ങളും സംഭവിക്കുന്ന കാലമാണ് കൗമാരം. എല്ലാക്കാരത്തിലും അഭിപ്രായം ഉണ്ടാകുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്ന പ്രായം കൂടിയാണിത്. ഈ പ്രായത്തില്‍ പ്രാര്‍ത്ഥനയിലും വിശ്വാസത്തിലും അവരെ ഉറപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് കടമയുണ്ട്. അതിനായി  അവരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക എന്നതാണ് ഫലപ്രദമായ മാര്‍ഗ്ഗം.

കൗമാരക്കാരുമായി അവരുടെ മാതാപിതാക്കള്‍ക്ക് എങ്ങനെ കൂടുതല്‍ നല്ല രീതിയില്‍ ആശയവിനിമയം നടത്താന്‍ പറ്റും?

1. പ്രഭാഷണം നടത്താതെ സംഭാഷണം നടത്തുക

ചിലപ്പോള്‍ മാതാപിതാക്കള്‍ അവര്‍ക്ക് പറയാനുള്ള പരാതികള്‍ മുഴുവന്‍ മക്കളോട് പറയും. പക്ഷേ മക്കള്‍ക്ക് പറയാനുള്ളത് ഒരിക്കലും കേള്‍ക്കാന്‍ തയ്യാറാവില്ല. സംഭാഷണം എപ്പോഴും രണ്ടുപേര്‍ ഉള്‍പ്പെടുന്നതാണെന്ന് ഓര്‍മ്മിക്കണം. അതിനാല്‍ മക്കളുമായി സംഭാഷണം നടത്തുക, പ്രഭാഷണം അരുത്.

2. സംസാരം ആക്രമിക്കുന്ന രീതിയില്‍ ആയിരിക്കരുത്

രണ്ടുപേരില്‍ ഒരാളുടെ വികാരങ്ങള്‍ വ്രണപ്പെട്ടാല്‍ സംഭാഷണം പരാജയപ്പെടുന്നു. അതിനാല്‍ നിങ്ങളുടെ കുട്ടിയെ കടന്നാക്രമിക്കുന്ന തരത്തിലുള്ള വാക്കുകള്‍ ഉപയോഗിക്കാതിരിക്കുക. ബൈബിള്‍ കഥകളും സാരോപദേശ കഥകളും സംഭാഷണത്തില്‍ ഉള്‍പ്പെടുത്താം. അവര്‍ കേള്‍ക്കാന്‍ താത്പര്യമുള്ളവരാണെങ്കില്‍. ക്രിസ്തു തന്റെ ജനത്തോട് സംസാരിച്ചത് ഉപമകളിലൂടെയായിരുന്നു എന്നോര്‍ക്കുക.

3. അവരുടെ അഭിപ്രായങ്ങളെ ആദരിക്കുക

കൗമാരക്കാരുമായി സംസാരിക്കുമ്പോള്‍ അവര്‍ പറയുന്നത് മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നുണ്ട് എന്ന് അവര്‍ക്ക് മനസിലായാല്‍ അവരുടെ പകുതി പ്രശ്‌നങ്ങളും ഇല്ലാതാകും. കൗമാരം അഭിപ്രായം രൂപപപ്പെടുന്ന പ്രായമാണെന്ന് പറഞ്ഞു കഴിഞ്ഞു. അതിനാല്‍ ഏതൊരു വിഷയത്തിലും അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കൂടി മാനിക്കുക.

4. സംഭാഷണം ചെറുതും ലളിതവുമാക്കുക 

സാധാരണ ഗതിയില്‍ മാതാപിതാക്കള്‍, പറയേണ്ടതിന്റെ അമ്പത് ശതമാനത്തിലധികം കാര്യങ്ങള്‍ കുട്ടികളോട്  പറയുന്നുണ്ട്. അതിന്റെ ആവശ്യമില്ല. ‘എനിക്ക് മനസ്സിലായി. ഇനിയിത് ആവര്‍ത്തിക്കേണ്ട കാര്യമില്ല’ എന്ന് കുട്ടിയെക്കൊണ്ട് പറയിപ്പിക്കുന്നതിനുമുമ്പ് സംഭാഷണം അവസാനിപ്പിക്കുക.

5. നിങ്ങള്‍ നിങ്ങളായിതന്നെ സംസാരിക്കുക 

മാതാപിതാക്കള്‍ കുട്ടികളെപോലെയോ അവരുടെ കൂട്ടുകാരെപ്പോലെയോ സംസാരിക്കേണ്ട കാര്യമില്ല. തങ്ങളായിരിക്കുന്ന ഉത്തരവാദിത്വത്തില്‍ നിന്നു വേണം സംസാരിക്കാന്‍. മാതാപിതാക്കള്‍ തങ്ങളുടെ സ്ഥാനം സൂക്ഷിക്കുമ്പോഴാണ് കുഞ്ഞുങ്ങള്‍ക്ക് അവരോട് ബഹുമാനം രൂപപ്പെടുന്നത്.

6. തിടുക്കം കൂട്ടാതിരിക്കുക

കുട്ടികളുമായി സംസാരിക്കുന്ന നിമിഷങ്ങളെ സ്വര്‍ഗ്ഗീയമാക്കാന്‍ ശ്രമിക്കുക. ഒരിക്കലും തിടുക്കം കൂട്ടരുത്. തങ്ങള്‍ക്കുവേണ്ടി മാതാപിതാക്കള്‍ ആവശ്യത്തിന് സമയം ചിലവഴിക്കുന്നു എന്ന് കുട്ടികള്‍ക്ക് ബോധ്യം വരേണ്ടതുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.