മഴ തുടരും: മൂന്ന് ജില്ലകളില്‍ ഞായറാഴ്ചയും റെഡ് അലേര്‍ട്ട്

വടക്കന്‍ കേരളത്തില്‍ നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര  മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുക എന്നതുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർദ്ധിക്കും.

ആഗസ്റ്റ് 10-ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,തൃശ്ശൂർ എന്നീ ജില്ലകളിലും ആഗസ്റ്റ് 11-ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും ആഗസ്റ്റ് 12-ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും ആഗസ്റ്റ് 13-ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും ആഗസ്റ്റ് 14-ന് ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണവകുപ്പ് ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.