നിശബ്ദതയുടെ പ്രവാചകൻ – ഫാ. ബിജു ലോറൻസ് 

അന്നാ പെസഹാ തിരുനാളിൽ
കർത്താവരുളിയ കൽപ്പന പോൽ
തിരുനാമത്തിൽ ചേർന്നീടാം
ഒരുമയൊടീബലി അർപ്പിക്കാം… 

വിശുദ്ധ കുർബാന തുടങ്ങുകയാണ്. പക്ഷേ, വൈദികൻ ഗീതം പാടുന്നില്ല. പകരം ആംഗ്യഭാഷയിലാണ് പാട്ട്. ആംഗ്യ ഭാഷയിൽ കുർബാന അർപ്പിക്കുന്നത് ശബ്‌ദമില്ലാത്തവരുടെ വേദനകൾ അതിന്റെ പൂർണ്ണതയില്‍ മനസിലാക്കിയ ഒരു വൈദികൻ; ഫാ.ബിജു ലോറൻസ് മൂലക്കര. ശബ്ദമില്ലാത്തവരോടൊപ്പം ഉള്ള  ഒരു പതിറ്റാണ്ടു കാലത്തെ പ്രവർത്തനങ്ങളിലൂടെ  അവരുടെ പ്രവാചകനായി  മാറിയ വൈദികൻ. അപ്രതീക്ഷിതമായ സാഹചര്യത്തിൽ ദൈവത്തിന്റെ തിരഞ്ഞെടുപ്പ് മനസിലാക്കിയ അദ്ദേഹം ഇന്ന് കേരളത്തിലൂടനീളം ഓടി നടന്നു ബധിരരായ സഭാമക്കൾക്കായി ആത്മീയ ശുശ്രൂഷ ചെയ്യുകയാണ്.

വ്യത്യസ്തമായ ശുശ്രൂഷ മേഖലയിലേയ്ക്ക് 

രണ്ടു പതിറ്റാണ്ടോളം ബധിരരുടെ ഇടയിൽ സേവനം ചെയ്യുന്ന ഫാ.ബിജു ലോറൻസ് ഈ ശുശ്രൂഷ മേഖലയിലേയ്ക്ക് കടന്നു വരുന്നത് തികച്ചും  അപ്രതീക്ഷിതമായി ആണ്.  പൂനെ പേപ്പൽ സെമിനാരിയിൽ ഫിലോസഫി വിദ്യാർത്ഥി ആയിരുന്നപ്പോഴാണ് കനേഡിയൻ ഹോളി ക്രോസ്സ് വൈദികനായ ഫാ. ഹാരി സ്റ്റോക്കിനെ അദ്ദേഹം പരിചയപ്പെടുന്നത്. ഈ കണ്ടുമുട്ടലായിരുന്നു അദ്ദേഹത്തെ വ്യത്യസ്തമായ ശുശ്രൂഷാ മേഖലയെ കുറിച്ച് അറിയുന്നതിനും ബോധ്യപ്പെടുന്നതിനും ഇടയാക്കിയത്. മൂന്നു പതിറ്റാണ്ടായി ശ്രവണ വൈകല്യമുള്ളവരുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന മിഷനറി ആയിരുന്നു അദ്ദേഹം. യുവ വൈദികരുടെയും സമർപ്പിതരുടെയും ഇടയിൽ നിന്ന് തനിക്കു പിൻഗാമികൾ തേടിയാണ് അദ്ദേഹം പൂനെ സെമിനാരിയിൽ എത്തിയത്. തന്റെ ആശയം ഫാ. ഹാരി വൈദിക വിദ്യാർത്ഥികളുടെ മുന്നിൽ അവതരിപ്പിച്ചു. അദ്ദേഹത്തിന് വിവിധ കോൺഗ്രിഗേഷനുകളിൽ നിന്നായി നിരവധി ആളുകളെ ലഭിച്ചു. എന്നാൽ കഠിന പരിശീലനങ്ങൾക്കൊടുവിൽ അത് 10  പേരായി ചുരുങ്ങി. ആ പത്തുപേരിൽ നിന്നാണ് അദ്ദേഹം ബിജു അച്ചനെ തിരഞ്ഞെടുക്കുന്നത്.

തടസ്സങ്ങളെ അതിജീവിച്ചു ദൗത്യത്തിലേയ്ക്ക് 

ബധിരരായവർക്കായി ഇത്തരമൊരു ദൗത്യം ഏറ്റെടുക്കാനുള്ള അച്ചന്റെ തീരുമാനത്തെ ഹോളി ക്രോസ്സ് സഭയും കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൗതുകത്തോടെയായിരുന്നു വീക്ഷിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കളെയും ബന്ധുക്കളെയും ഏറെ ഇത് ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാൽ തന്റെ മേലുള്ള ദൈവീക പദ്ധതി തിരിച്ചറിഞ്ഞ അദ്ദേഹം  തന്റെ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഫിലോസഫി പഠനത്തിന് ശേഷം ബധിരർക്കായുള്ള പ്രവർത്തനമേഖലയിൽ സജീവമായ അദ്ദേഹം ഫാ. ഹാരി സ്റ്റോക്ക് അഭ്യസിപ്പിച്ച ആംഗ്യഭാഷ താല്പര്യപൂർവം പഠിച്ചെടുത്തു. കൂടാതെ  ബധിരരായവരോട് സംസാരിക്കുവാനും കൂടുതൽ സമയം ചിലവഴിക്കുവാനും ആരംഭിച്ചു.

ഒൻപതു വർഷങ്ങൾക്കു മുൻപ് 2008 ഒക്ടോബർ 29 നു പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം തന്റെ പ്രഥമ ബലിയർപ്പണം നടത്തിയത് ആംഗ്യ ഭാഷയിലായിരുന്നു. തന്റെ ഗുരുഭൂതനായ ഫാ. ഹാരി സ്റ്റോക്കിന്റെ നിർദ്ദേശപ്രകാരം ബാംഗ്ലൂരിലെ ഒരു ബധിര സമൂഹത്തിനു മുന്നിലാണ് അദ്ദേഹം തന്റെ പ്രഥമ ദിവ്യബലി അർപ്പിച്ചത്. 2013- ൽ ഫാ. ഹാരി അന്തരിച്ചതോടെ ഹോളിക്രോസ് സഭാ സമൂഹത്തിന്റെ ഉത്തരവാദിത്വം ഫാ. ബിജു ഏറ്റെടുത്തു.

വ്യക്തിപരമായ തയ്യാറെടുപ്പുകൾ 

ശ്രവണ വൈകല്യമുള്ളവരെ ശുശ്രൂഷിക്കുന്നതിനായി ഇറങ്ങിത്തിരിച്ച അച്ചന്റെ മുന്നോട്ടുള്ള ജീവിതം ഏറെ തടസങ്ങൾ നിറഞ്ഞതായിരുന്നു. അതിൽ പ്രധാനമായിരുന്നു ആംഗ്യഭാഷ പഠിക്കുക എന്നത്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇവ പഠിച്ചെടുക്കുക എന്നത് അല്പം ബുദ്ധിമുട്ടാണ്. ഈ പ്രയാസങ്ങൾ അച്ചനെയും തുടക്കത്തിൽ വലച്ചിരുന്നു. എങ്കിലും താല്പര്യത്തോടെ അദ്ദേഹം മുന്നോട് നീങ്ങി. ബധിരരായവരോട് സംസാരിക്കുന്നതിനും അവരുടെ ഒപ്പം ആയിരിക്കുന്നതിനും അദ്ദേഹം നടത്തിയ വ്യക്തിപരമായ അധ്വാനങ്ങൾ ഏറെ ആയിരുന്നു. ഈ മേഖലയിൽ പ്രവർത്തിക്കുന്നതിന് പല കോഴ്സുകളും അദ്ദേഹം പഠിച്ചു കഴിഞ്ഞു. ആദ്യം പഠിച്ചത് അമേരിക്കൻ സൈൻ ലാങ്ഗ്വേജ്‌ ആയിരുന്നു. തുടർന്ന് ഇന്ത്യൻ ആംഗ്യ ഭാഷ പഠിച്ചു. ഇപ്പോൾ എംജി യൂണിവേഴ്‌സിറ്റിയിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സ് പഠിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം.

ബധിരർക്കായുള്ള പ്രവർത്തന മേഖല 

ബധിരർക്കായുള്ള കത്തോലിക്കാ സഭയുടെ വിവിധ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് ഫാ. ബിജു ഇപ്പോൾ. പാലാ മണ്ണാക്കനാട് ഒഎൽസി ബധിര സ്കൂളിൽ മാസത്തിലൊരിക്കൽ കുട്ടികൾക്കായി ആംഗ്യ ഭാഷയിൽ ബലിയർപ്പിക്കുന്നതിനായി അദ്ദേഹം എത്തും. തന്നെയുമല്ല അവിടെയുള്ള കുട്ടികളുമായി ചിലവിടാൻ കിട്ടുന്ന സമയം ഒക്കെ അദ്ദേഹം അവരുടെ ഒപ്പം  ഉണ്ടാവും. കൂടാതെ ബധിരരായ കത്തോലിക്കാ വിശ്വാസികളെ കുമ്പസാരിപ്പിക്കുന്നതിനും അവർക്കായി വചന ശുശ്രൂഷ നൽകുന്നതും വിശുദ്ധ കുർബാന അർപ്പിക്കുന്നതിനും അദ്ദേഹം പ്രത്യേകം താല്പര്യം പ്രകടിപ്പിക്കുന്നു. കൂദാശകൾ സ്വീകരിക്കാൻ കഴിയാതെ വരുന്നതാണ് ഇത്തരക്കാരുടെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ഇന്ന് അച്ചൻ അഭിപ്രായപ്പെടുന്നു.  അതിനാൽ ബധിരരായവർക്കു ആത്മീയ ശുശ്രൂഷ നിർവഹിക്കുന്നതിനായി  കേരളത്തിലൂടനീളം ഓടിനടക്കുകയാണ് അച്ചൻ.

2017 ജൂൺ മാസത്തോടെ നാലുവർഷം നീണ്ടുനിന്ന തന്റെ ഇടവക സേവനം അവസാനിപ്പിച്ചു ബധിരർക്കായി മുഴുവൻ സമയവും സേവനം ചെയ്യുവാൻ തീരുമാനിച്ചു. അദ്ദേഹത്തിന്‍റെ തീരുമാനങ്ങൾക്കുള്ളിലെ നന്മ മനസിലാക്കിയ  ഹോളിക്രോസ് സഭയുടെ അധികാരികൾ പഴയ മൈനർ സെമിനാരി ഈ മിനിസ്ട്രിക്കായി വിട്ടു നൽകി.  പ്രേഷിത ശുശ്രൂഷയിലൂടെ ഭിന്നശേഷിക്കാരായവരെ പരിശീലിപ്പിക്കുന്നതിനായി ഒരു സംവിധാനം രൂപപ്പെടുത്തുകയാണ് അദ്ദേഹം. ഒരു ഹോളിക്രോസ് പാസ്റ്ററൽ ഹോം തുടങ്ങുന്നതിനുള്ള പദ്ധതിയിലാണ് അദ്ദേഹം ഇപ്പോൾ

സ്വപ്‌നങ്ങൾ 

തൃശൂർ കേന്ദമാക്കി മൂകബധിര കേന്ദ്രം തുടങ്ങുന്നതോടെ സമൂഹത്തിൽ പിന്നോട്ട് നിൽക്കുന്ന ഇത്തരം ആളുകൾക്കായി കൂടുതൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ കഴിയും എന്ന്‌ അച്ചൻ വിശ്വസിക്കുന്നു. പത്താം ക്ലാസ് കഴിയുന്ന വിദ്യാർത്ഥികൾക്കായി ആത്മീയ പരിശീലന പരിപാടികളും ബധിരമൂക ദമ്പതികൾക്കായി ബോധവത്കരണവും വിവിധ മേഖലകളിൽ ഇത്തരക്കാർക്ക് തൊഴിൽ  നല്കുവാനുള്ള അവസരവുമാണ് ഈ ശുശ്രൂഷയിലൂടെ ലക്‌ഷ്യം വയ്ക്കുന്നത്. വൈകല്യമുള്ള യുവതീയുവാക്കൾക്ക് ഒരു വിവാഹ ഒരുക്ക സെമിനാർ നടത്തുന്നതിനോ അവരുടെ കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോ ഉള്ള സംവിധാനങ്ങൾ കേരളത്തിൽ ഇല്ല. അതിനാൽ അത്തരം സംവിധാനങ്ങൾ ആരംഭിക്കണം. ഇത്തരം ഗൗരവമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ ഒരു സംവിധാനം അത്യാവശ്യമാണ് എന്ന്‌ അച്ചൻ വിശ്വസിക്കുന്നു. ശ്രവണ വൈകല്യമുള്ളവരെ ഒരുമിച്ചു കൂട്ടുന്നതിനും അവർക്കു അജപാലന ശുശ്രൂഷ നൽകുന്നതിനും രൂപതാ തലത്തിൽ സംവിധാനങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ദൈവം തന്നിൽ ഏൽപ്പിച്ച ദൗത്യത്തെ ഏറ്റവും ഭംഗിയായ രീതിയിൽ നിറവേറ്റുന്നതിനായുള്ള ഓട്ടത്തിലാണ് ശബ്ദമില്ലാത്തവരുടെ ഈ പുരോഹിതൻ. രക്ഷയിലേക്കുള്ള യാത്രയിൽ സഭാ മാതാവിന് തന്റെ ഒരു കുഞ്ഞു പോലും നഷ്ടമാകാതെ ഇരിക്കുന്നതിനായി  കുറവുകളുള്ളവരെ കൂടെ ഇരുത്തി അവരെ ആത്മീയതയിലേക്ക് നയിച്ച് കൊണ്ട് അച്ചൻ നടത്തുന്ന പ്രവർത്തനങ്ങളിൽ ദൈവം അദ്ദേഹത്തെ വഴിനടത്തട്ടെ. ശബ്ദമില്ലാത്തവരുടെ ശബ്ദമായികൊണ്ട് ആംഗ്യ ഭാഷയിലൂടെ അദ്ദേഹം പകരുന്ന ദൈവസ്നേഹത്തിന് അനേകരുടെ ഉള്ളങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയട്ടെ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.