സഭയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നത് മെത്രാനല്ല, പ്രതിനിധി സഭ: മാര്‍ താഴത്ത്

തൃശൂര്‍: സഭയുടെ സ്വത്തും പണവും കൈകാര്യം ചെയ്യുന്നത് തെരഞ്ഞെടുക്കപ്പെട്ട സമിതികളാണെന്നും മെത്രാന്മാരോ മെത്രാപ്പോലീത്തമാരോ അല്ലെന്നും തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. അവിഭക്ത തൃശൂര്‍ രൂപതയുടെ പ്രസ്ബിറ്ററല്‍-പാസ്റ്ററല്‍ കൗണ്‍സിലുകളുടെ സുവര്‍ണ്ണജൂബിലി ആഘോഷം ഡി.ബി.സി.എല്‍.സി. ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തിക, കണ്‍സള്‍ട്ടേറ്റീവ് സമിതികള്‍ അംഗീകരിച്ച പണമിടപാടുകള്‍ക്ക് ചെക്ക് ഒപ്പിടുന്നത് ചുമതലപ്പെട്ട വൈദികനാണ്. പലര്‍ക്കും ഇക്കാര്യം അറിയില്ല. അത്മയാരുടെയും വൈദികരുടെയും തെരഞ്ഞെടുക്കപ്പെട്ട സമിതികളാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. ഇടവകതലത്തിലും ഇത്തരം പ്രതിനിധി സഭകളാണ് തീരുമാനങ്ങളെടുക്കുന്നത്. സഭയ്ക്ക് ഇത്രയേറെ മുന്നേറാനായത് ഈ കൂട്ടായ്മ കൊണ്ടും കൂടിയാലോചന കൊണ്ടുമാണ്.

1887-ല്‍ തൃശൂര്‍ വികാരിയത്ത് സ്ഥാപിതമായപ്പോള്‍ പെരിയാറിന് വടക്കോട്ടു രാജ്യം മുഴുവനുമായിരുന്നു അധികാരപരിധി. അന്ന് കോട്ടയം വികാരിയത്ത് സ്ഥാപിതമായെങ്കിലും പിന്നീട് അതു ചങ്ങനാശ്ശേരിയായി മാറി. 1886-ല്‍ നിര്‍ത്തലാക്കിയ കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ തുടര്‍ച്ചയാണ് തൃശ്ശൂര്‍ രൂപത. തൃശ്ശൂര്‍ രൂപതയിലെ പാലയൂരിലും കൊടുങ്ങല്ലൂരിലുമാണ് മാര്‍ത്തോമാ ശ്ലീഹ സുവിശേഷപ്രഘോഷണത്തിനായി എത്തിയത്. വിശ്വാസപൗരാണികതയില്‍ തൃശ്ശൂരാണ് എന്നും മുന്നില്‍.

തൃശ്ശൂര്‍ അതിരൂപതയുടെ പരിധിയിലുള്ള പാലക്കാട്, ഇരിങ്ങാലക്കുട, രാമനാഥപുരം രൂപതകളിലെ അത്മായരുടെയും വൈദികരുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ച് മെത്രാപ്പോലീത്തന്‍ സിനഡ് സമ്മേളിക്കാവുന്നതാണെന്നും ആര്‍ച്ച്ബിഷപ് പറഞ്ഞു.
കുടുംബാംഗമാണെന്ന ബോധ്യം മറക്കുമ്പോഴാണ് സഭാമക്കള്‍ സഭാവിരുദ്ധ നിലപാടുകളിലേക്ക് മാറുന്നതെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട് പറഞ്ഞു. സഭയെ പീഡിപ്പിക്കുമ്പോള്‍ യേശുവിനെയാണ് പീഡിപ്പിക്കുന്നതെന്ന് ഓര്‍ക്കണം. സഭയെ കെട്ടിപ്പടുക്കുന്നതില്‍ അത്മായര്‍ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.

ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, പാലക്കാട് രൂപതാ വികാരി ജനറല്‍ മോണ്‍ ജോസഫ് ചിറ്റിലപ്പിള്ളി, വികാരി ജനറല്‍മാരായ മോണ്‍ തോമസ് കാക്കശേരി, മോണ്‍. ജോസ് വെല്ലൂരാന്‍ – തൃശൂര്‍ അതിരൂപത, മോണ്‍ ലാസര്‍ കുറ്റിക്കാട്ട്, മോണ്‍ ജോസ് പുളിക്കന്‍ – ഇരിങ്ങാലക്കുട രൂപത, മോണ്‍ ജീജോ ചാലക്കല്‍ – പാലക്കാട്, മോണ്‍. ജോര്‍ജ് നരിക്കുഴി – രാമനാഥപുരം, പ്രസ്ബിറ്ററല്‍, പാസ്റ്ററല്‍ സമിതികളുടെ സെക്രട്ടറിമാരായ ഫാ. മാത്യു കുറ്റിക്കോട്ടയില്‍, ഫാ. ജോസ് കോനിക്കര, ഡോ. മേരി റെജീന, ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍, ഫാ. റെജി പെരുമ്പിള്ളി, ഡെന്നി തെങ്ങുംപിള്ളി, ഫാ. ആന്റണി മുക്കാട്ടുകര, ദീപക് ജോസഫ്, ഫാ. ജോസഫ് കൂത്തൂര്‍, ഫാ. തോമസ് കാവുങ്ങല്‍, ടി.കെ. സിറിയക് എന്നിവര്‍ പ്രസംഗിച്ചു.