കുമ്പസാര രഹസ്യം സംരക്ഷിക്കാനായി ജീവന്‍ നല്‍കിയ പുരോഹിതര്‍

തങ്ങള്‍ വിശ്വസിക്കുന്ന നിലപാടില്‍, നല്‍കിയ വാക്കിന് വേണ്ടി ജീവിക്കുന്നവര്‍ ഒട്ടേറെ ഉണ്ടാകും. പക്ഷേ ആ വാക്കുകള്‍ക്കായി, അവയുടെ ഉറപ്പിനായി, അവ സംരക്ഷിക്കപ്പെടാനായി സ്വന്തം ജീവന്‍ വില നല്‍കിയവര്‍ അധികം ഉണ്ടാവില്ല.

“നിന്റെ പുരോഹിതന്റെ അടുത്തേക്ക് ചെല്ലുക, നിന്റെ ഹൃദയം അവനു മുമ്പില്‍  തുറക്കുക, നിന്റെ ഹൃദയത്തിന്റെ ഭാരം അവനു മുമ്പില്‍ ഇറക്കി വയ്ക്കുക, അയാള്‍ തരുന്ന ഉപദേശവും കൈകൊള്ളുക,” വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസിന്റെ  ഈ വാക്കുകള്‍ തന്നെ കുമ്പസാര രഹസ്യത്തിന്റെ പവിത്രത  എന്തെന്ന വ്യക്തമാക്കുന്നുണ്ട്.

വിശുദ്ധ കൂദാശയായ കുമ്പസാരവും, കുമ്പസാര രഹസ്യവും, ചിലര്‍ വിവാദമാക്കിയ സാഹചര്യത്തില്‍ കുമ്പസാര രഹസ്യം കാത്തു സൂക്ഷിക്കുന്നതിനായി ജീവന്‍ നല്‍കിയ ചില വൈദികരെ പരിചയപ്പെടാം. ഇതാ കുമ്പസാര രഹസ്യം പുറത്തു പറയാത്തതിനു കൊല്ലപ്പെട്ട ചില പുരോഹിതര്‍.

1. വിശുദ്ധ ജോണ്‍ നെപുംസ്യാനോസ്

വിശുദ്ധ വചനം സംരക്ഷിക്കാനായി ജീവന്‍ ബലികഴിക്കേണ്ടിവന്ന  വിശുദ്ധ ജോണ്‍ നെപുംസ്യാനോസ്,  ചെക്ക് റിപ്പബ്ലിക്കില്‍ 1340 നും 1350 നും ഇടയില്‍ ജനിച്ചതായി കരുതപ്പെടുന്നു. പ്രാഗ് അതിരൂപതയുടെ വികാരി ജനറൽ ആയി സേവനമനുഷ്ടിച്ചുകൊണ്ടിരിക്കുമ്പോഴാണ് വെയ്ൻസ്ലേസ് രാജാവിന്റെ ഭാര്യ സോഫിയ അദ്ദേഹത്തിന്റെ അടുത്ത് കുമ്പസാരിക്കുന്നത്. തന്റെ കോപത്തിനും, അളവില്‍ കവിഞ്ഞ കുശുമ്പിനും, പേരുകേട്ട രാജാവ്, തന്റെ ഭാര്യയുടെ കുമ്പസാര രഹസ്യം വെളിപ്പെടുത്തണമെന്നു   നെപുംസ്യാനോസിനോട് ആവശ്യപ്പെട്ടു.   അദ്ദേഹം അത് വിസമ്മതിച്ചു. സന്യാസിയുടെ തിരസ്കാരത്തില്‍ കോപിതനായ രാജാവ്‌, രഹസ്യം വെളിപ്പെടുത്തിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

പിന്നീടു ഒരു കോണ്‍വെന്റ് നിര്‍ത്തലാക്കണം എന്ന് രാജാവ് ആവശ്യപ്പെട്ടപ്പോള്‍ അതിനു വിസമ്മതിച്ച ജോണ്‍ നെപുംസ്യാനോസുമായി കലഹം ഉണ്ടായി. പള്ളിക്ക് അവകാശപ്പെട്ട വസ്തുവകകള്‍ രാജാവിന്റെ സ്വന്തക്കാര്‍ക്ക് നല്‍കുന്നതിനു  നെപുംസ്യാനോസ്  വിസമ്മതിച്ചു. ഒടുവില്‍ നെപുംസ്യാനോസിനെ പീഡിപ്പിച്ചു പുഴയിലെറിയാന്‍  രാജാവ്  ആവശ്യപ്പെട്ടു. അങ്ങനെ 1393 – ല്‍ അദ്ദേഹം കൊല്ലപ്പെട്ടു.

2. വിശുദ്ധ മത്തെയോ കൊറേയ 

1866- ല്‍ മെക്സിക്കോയിലെ സകട്ടെക്കയില്‍ ജനിച്ച  മാത്തെയോ കൊറേയ 1893 – ലാണ് വൈദികന്‍ ആകുന്നത്. ചാപ്ലിനായി സേവനം അനുഷ്ടിച്ച അദ്ദേഹം നൈറ്റ്സ് ഓഫ് കൊളംബസിലെ ഒരു അംഗമായിരുന്നു. 1927 – ല്‍ ജനറൽ യൂലോജിയോ ഓർട്ടിസയുടെ നേതൃത്വത്തില്‍ ഉള്ള മെക്സിക്കന്‍ സൈന്യം അദേഹത്തെ അറസ്റ്റ് ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കൊല്ലപ്പെടാന്‍ പോകുന്ന ഒരു കൂട്ടം ആളുകളുടെ കുമ്പസാരം കേള്‍ക്കാനായി  അദേഹത്തെ നിയോഗിച്ചു. കുമ്പസാരത്തിനു ശേഷം ആ രഹസ്യം വെളിപ്പെടുത്താന്‍ ജനറല്‍ ആവശ്യപ്പെട്ടപ്പോള്‍   കൊറേയ  അത് അനുസരിച്ചില്ല. ‘ക്രിസ്റ്റെറോ’ യുദ്ധ കാലഘട്ടത്തില്‍ മെക്സിക്കന്‍ സര്‍ക്കാരിനെതിരായി പ്രവര്‍ത്തിക്കുന്ന തടവുകാരുടെ കുമ്പസാര രഹസ്യം വെളിപ്പെടുത്താത്തതിനാണ് അദേഹത്തെ മെക്സിക്കോയില്‍ വെച്ച് വകവരുത്തിയത്.

3. ഫാ. ഫെലിപ്പ് സീസര്‍ 

“നിങ്ങള്‍ എന്ത് വേണമെങ്കിലും ചെയ്തോളൂ, ഞാന്‍ കുമ്പസാര വെളിപ്പെടുത്തുന്നതിലും നല്ലത് മരണമാണ്,” കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പുള്ള  ഫാ. ഫെലിപ്പ് സീസരുടെ വാക്കുകളാണിവ.

വലെസിയന്‍ വൈദീകനായിരുന്ന ഫാ. ഫെലിപ്പ് സീസര്‍ സ്പെയിനിലെ ആഭ്യന്തരയുദ്ധ സമയത്ത് ചില കുമ്പസാര രഹസ്യങ്ങള്‍ വെളിപ്പെടുത്താത്തതിനാണ് കൊല്ലപ്പെടുന്നത്. യുദ്ധകാലയളവില്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിട്ടത് കത്തോലിക സമൂഹത്തിനാണ്. 1936 -ല്‍ ജയിലിലേക്ക് കൊണ്ടുപോയ ഫാ. സീസറിനെ ഫ്രാന്‍സുകാരനായ ഒരു സന്യാസിയുടെ കുമ്പസാരം കേള്‍ക്കാനായി നിയമിച്ചു. കുമ്പസാരത്തിനു ശേഷം അയാളെ കൊല്ലപ്പെടുത്തിയിട്ടു ഫാ. സീസരോട് കുമ്പസാര രഹസ്യം പറയാന്‍ ആവശ്യപ്പെട്ടു. എതിര്‍പ്പ് പറയുന്നതിന് മുമ്പ് തന്നെ എതിര്‍ത്താല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വഴങ്ങാഞ്ഞ അദേഹത്തെ അവര്‍ 1936 സെപ്റ്റംബര്‍ 8 -ന്  കൊന്നു കളഞ്ഞു.

4. ഫാ. ഫെർണാണ്ടോ ഒൽമെഡോ റെഗുവേറ 

സ്പെയിനിലെ അഭ്യന്തരയുദ്ധത്തിന്റെ മറ്റൊരു ഇരയാണ്  ഫാ. ഫെർണാണ്ടോ ഒൽമെഡോ റെഗുവേറ. കുമ്പസാര രഹസ്യം വെളിപ്പെടുതുന്നതിലും നല്ലത് മരണം വരിക്കുന്നതാണെന്ന് തീരുമാനമെടുത്ത മറ്റൊരു വൈദീകന്‍.

1873- ല്‍ സാന്റിയാഗോ ഡി കമ്പോസ്റ്റലയിൽ ജനിച്ച അദ്ദേഹം, 1904 – ലാണ് പുരോഹിതനാകുന്നത്. ഒരു കപ്പുച്ചിന്‍ സഭംഗമായിരുന്നു അദ്ദേഹം.  പ്രൊവിന്‍ഷ്യല്‍ സെക്രട്ടറിയായിരുന്ന അദേഹത്തെ പിന്നീട് സ്പാനിഷ്‌ സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു. ഏറെ മര്‍ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമൊടുവില്‍ കുമ്പസാര രഹസ്യം വെളുപ്പെടുത്താതായപ്പോള്‍ കൊല്ലുകയായിരുന്നു. 1936- ലാണ് അദ്ദേഹം കൊല്ലപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.