പുരോഹിതർ നിങ്ങളെ കീഴടക്കുവാൻ വരുന്നു. സൂക്ഷിക്കുക!  

ഫാ. ഷീൻ പാലക്കുഴി

‘ചെസ്റ്റൺ കോൾഡ്!’ ജലദോഷത്തിനുള്ള മരുന്നാണ്. അസ്വസ്ഥത കലശലായതു കാരണം ഒരു ഗുളിക വിഴുങ്ങിയിട്ടാണ് തലേരാത്രി ഉറങ്ങാൻ കിടന്നത്. അതുകൊണ്ടു തന്നെ രാവിലെ ഉണരാൻ പതിവിലും വൈകി. ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് പെട്ടെന്നു റെഡിയായി തിടുക്കത്തിൽ വണ്ടിയെടുത്തു പുറപ്പെടുകയായിരുന്നു.

മലങ്കര കത്തോലിക്കാസഭയുടെ വൈദികസമ്മേളനത്തിന്റെ രണ്ടാം ദിവസമാണ്. രാവിലെ ആറേമുക്കാലിനാണ് ഗിരിദീപത്തിൽ വിശുദ്ധ കുർബാന. സമ്മേളനത്തിനു വന്നെത്തിയ അഞ്ഞൂറിലധികം വൈദികരും കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ തിരുമേനി ഉൾപ്പടെ സഭയിലെ മുഴുവൻ മെത്രാപ്പോലീത്തമാരും ഒരുമിച്ചു പങ്കെടുക്കുന്ന സമൂഹബലിയാണ്. മലങ്കര കത്തോലിക്കാസഭയുടെ ചരിത്രത്തിൽ അത്രയും പുരോഹിതന്മാർ ഒരുമിച്ചു ബലിയർപ്പിക്കുന്നത് ആദ്യമായാണെന്നു തോന്നുന്നു! ഒരു കാരണവശാലും ആ ചരിത്രനിമിഷത്തെ നഷ്ടപ്പെടുത്താൻ പാടില്ല.

അര മണിക്കൂർ കൊണ്ട് ബാലരാമപുരത്തു നിന്ന് നാലാഞ്ചിറ ഗിരിദീപം കൺവൻഷൻ സെന്ററിലെത്തണം. അടുത്ത ദിവസം ആറ്റുകാൽ പൊങ്കാലയാണ്. വഴിയിൽ തടസ്സങ്ങളുണ്ടായേക്കാം. ഒരു മാർഗ്ഗതടസ്സവും ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് വണ്ടിയോടിച്ചത്. സെമിനാരിയിൽ പഠിക്കുന്ന കാലത്തും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. തലേദിവസത്തിന്റെ ജോലിഭാരവും മടിയും ക്ഷീണവും കാരണം രാവിലെ തലപൊങ്ങാതിരുന്ന ദിവസങ്ങൾ. പ്രഭാതനമസ്കാരം തുടങ്ങും മുൻപുള്ള കുരിശുമണി ശബ്ദം കേട്ടാവും ചിലപ്പോൾ ഞെട്ടിയുണരുക. അപ്പോഴേക്കും കൂട്ടുകാരെല്ലാവരും എഴുന്നേറ്റ് പള്ളിയിൽ എത്തിയിട്ടുണ്ടാവും. പിന്നെ വിശുദ്ധ കുർബാന തുടങ്ങും മുമ്പെങ്കിലും പള്ളിയിലെത്താനുള്ള ഓട്ടപ്പാച്ചിലാണ്. പള്ളിയിലെത്തുമ്പോൾ താമസിച്ചുപോയതിന്റെ ജാള്യം മറയ്ക്കാൻ എന്തൊക്കെ സൂത്രങ്ങൾ അക്കാലങ്ങളിൽ കണ്ടെത്തിയിരിക്കുന്നു!

സെമിനാരി, ശരിക്കും ഒരു വീടു തന്നെയായിരുന്നു. പരസ്പരം ഇണങ്ങിയും പിണങ്ങിയും സ്നേഹിച്ചും ശാസിച്ചും വീണും എഴുന്നേറ്റുമൊക്കെ സഹോദരങ്ങളായി ഞങ്ങളെ വളർത്തിയെടുത്ത വീട്. ഒന്നോർത്താൽ ജനിച്ചുവളർന്ന ഒന്നാമത്തെ വീടിനെക്കാൾ നഷ്ടബോധം തോന്നിക്കുന്ന രണ്ടാമത്തെ വീട്! ഭാഗ്യം! കൃത്യസമയത്തു തന്നെ സമ്മേളനസ്ഥലത്തെത്തി. വണ്ടിയൊതുക്കി ശീതീകരിച്ച ഹാളിനകത്തേക്ക് കയറുമ്പോഴേക്കും ശ്ഹീമോ നമസ്കാരം ആരംഭിച്ചിരുന്നു! പുറത്തുള്ള മറ്റ് ശബ്ദങ്ങൾക്കൊന്നും പ്രവേശനമില്ലാത്ത വിശാലമായ ഹാളിൽ അഞ്ഞൂറു പുരുഷന്മാരുടെ സ്വരം ഉച്ചത്തിൽ മുഴങ്ങി. ഘനഗാംഭീര്യമാർന്ന ആ സ്വരം കേട്ടപ്പോൾ തന്നെ ഉള്ളൊന്നു തുടിച്ചു. പതിനൊന്നു വർഷം നീണ്ട സെമിനാരിക്കാലം ഓർമ്മ വന്നു. വെള്ളയുടുപ്പും കറുത്ത പാന്റുമിട്ട് പ്രാർത്ഥനാപുസ്തകവും കയ്യിൽ പിടിച്ചു നിന്ന ചെറുപ്പക്കാരെ ഓർമ്മ വന്നു. കലർപ്പില്ലാത്ത ദൃഢമായ ആ പുരുഷസ്വരം ഒരുമിച്ചങ്ങനെ കേട്ടുനിൽക്കാൻ തന്നെ ഒരു സുഖമാണ്!

നമസ്കാരത്തിനു ശേഷം തിരുവസ്ത്രമണിഞ്ഞ് അൽപ്പനേരം ഇരിപ്പിടത്തിലിരുന്നു. കുർബാന തുടങ്ങാൻ ഇനിയും സമയമുണ്ട്. ഹാളിൽ സുഖകരമായ തണുപ്പു തങ്ങിനിൽപ്പുണ്ട്. കണ്ണുകളടച്ച് പഴയതെന്തൊക്കെയോ ഓർത്തങ്ങനെയിരുന്നു. ജ്യേഷ്ഠൻമാരിലാരോ പിന്നിൽനിന്ന് തോളിൽതട്ടി വിളിച്ചപ്പോഴാണ് മയക്കത്തിൽ നിന്നുണർന്നത്. കുർബാന തുടങ്ങിയത് അറിഞ്ഞില്ല. നോക്കിയപ്പോൾ എല്ലാവരും എഴുന്നേറ്റു കഴിഞ്ഞു. ഞാൻ മാത്രം കസേരയിൽ കുത്തിപ്പിടിച്ചിരിക്കുന്നു. എല്ലാ ആലസ്യങ്ങളും ഒറ്റനിമിഷം കൊണ്ട്‌ ആവിയായിപ്പോയി. ഇടംവലം നോക്കാതെ ഞെട്ടിയെഴുന്നേറ്റു. ഛെ! നാണക്കേടായല്ലോ! പിന്നെ ‘ഇതൊക്കെ ആർക്കും പറ്റാവുന്ന ഒരബദ്ധമല്ലേ’, ‘നിങ്ങളിൽ ഉറങ്ങാത്തവൻ എന്നെ കല്ലെറിയട്ടെ’ എന്നൊക്കെ സ്വയം ന്യായീകരിച്ച്, ‘ചെസ്റ്റൺ കോൾഡി’നെ മനസ്സാ സ്മരിച്ച് ഒന്നുമറിയാത്ത പോലെ നിന്നു! ജാഗരൂകരായിരിക്കേണ്ട നീണ്ട യാത്രയ്ക്കിടയിൽ ചിലപ്പോൾ ചെറുതായി ഒന്നു മയങ്ങിപ്പോവുമ്പോൾ തട്ടിവിളിച്ച് കൂടെ കൂട്ടാനല്ലെങ്കിൽപ്പിന്നെ എന്തിനാണ് സഹോദരന്മാർ!

സത്യത്തിൽ രണ്ടു ദിവസത്തെ വൈദികസമ്മേളനം ശരിക്കും ആഘോഷിച്ചത് ഈ സാഹോദര്യത്തെയും സൗഹൃദത്തെയുമാണ്. ഭക്ഷണമേശകളും ടീ ബ്രേക്കുകളും ഒഴിവുനേരങ്ങളുമൊക്കെ പൊട്ടിച്ചിരികളും തമാശകളും കൊണ്ട് മുഖരിതമായി. ഇടവകകളിൽ വലിയ ഗൗരവക്കാരായി കാണപ്പെടുന്നവർപോലും തങ്ങളുടെ പിണക്കങ്ങളൊക്കെ മറന്ന് പഴയ സൗഹൃദങ്ങൾ പുതുക്കി പൊട്ടിച്ചിരിക്കുന്നത് പലയിടങ്ങളിൽ കണ്ടു. കെട്ടിപ്പൂട്ടി വച്ചിരുന്ന ഹൃദയങ്ങൾ പലതും പ്രതിരോധിക്കാനാവാതെ തുറവികൾക്ക് കീഴ്പെടുന്നുണ്ടായിരുന്നു.
ഗൗരവത്തിന്റെയും കാർക്കശ്യത്തിന്‍റെയും അഴിഞ്ഞുവീണ മുഖംമൂടികളുമായി തങ്ങളുടെ വികാരിയച്ചന്മാർ നിൽക്കുന്നത് ദൈവജനം കൂടി ഒന്നു കാണേണ്ടതായിരുന്നു!

ഒരുമിച്ചു വഴിപങ്കിട്ട സെമിനാരിക്കാലവും പൗരോഹിത്യസ്വീകരണവും കഴിഞ്ഞ് ഇനിയൊരിക്കലും ഒരുമിച്ചുവരാൻ കഴിയാത്ത വ്യത്യസ്തമായ വഴികളിലേക്കാണ് ഓരോരുത്തരും യാത്രയായത്. കുറേക്കാലത്തിനു ശേഷം ഒരു വഴിയമ്പലത്തിൽ വച്ച് താൽക്കാലികമായി ഒന്നു കണ്ടുമുട്ടിയ പോലെ. ഇത്തിരിനേരം കൊണ്ട് ഒരുപാട് കാര്യങ്ങൾ പങ്കുവച്ചു പിരിയുകയാണ്. അൽപ്പനേരമേ ഒരുമിച്ചുണ്ടാവുകയുള്ളൂ എന്നറിയാമെങ്കിലും നൈമഷികതയുടെ ആ മധുരം എത്രകാലം കഴിഞ്ഞാലാണ് തീർന്നുപോവുക! അനേകവർഷങ്ങൾക്കു ശേഷമാണ് പലരെയും കാണുന്നത്. ചിലരൊക്കെ യൗവ്വനയുക്തരായി കാണപ്പെട്ടുവെങ്കിലും ഭൂരിഭാഗം പേരും അകാലവാർദ്ധക്യം ബാധിച്ചവരെപ്പോലെ കാണപ്പെട്ടു. മുടി നരച്ചവരുണ്ട്. ശരീരം ചീർത്തവരുണ്ട്. മെല്ലിച്ച് ആത്മാവിലേക്ക് ഒതുങ്ങിയവരുണ്ട്. പക്ഷെ, അനുഭവങ്ങളുടെ കെടാത്ത വെളിച്ചവും ഊർജ്ജവും അവരുടെ മുഖത്ത് ഓളം വെട്ടി. നീണ്ടകാലത്തെ പരിശീലനം കൊണ്ട് ആർജ്ജിച്ചെടുത്ത അറിവുകളൊക്കെ ജ്ഞാനമായി കാലം പരിവർത്തനപ്പെടുത്തിയതു പോലെ. സംസാരിക്കുമ്പോൾ അവരുടെ വാക്കുകളിൽ അത് ജ്വലിച്ചു. പലരും പരസ്പരം തിരിച്ചറിഞ്ഞത് ശരീരത്തിന്റെ രൂപഭാവങ്ങൾ കൊണ്ടായിരുന്നില്ല, മറിച്ച് ആത്മാവുകൊണ്ടു തൊട്ടുനോക്കിയാണ്.

‘ഭാരത് മാതാ കീ…’ എന്ന് ആർത്തുവിളിച്ചത് മറ്റാരുമല്ല, വലിയ ഇടയൻ അഭിവന്ദ്യ കർദ്ദിനാൾ ക്ലീമീസ് കാതോലിക്കാ ബാവാ തിരുമേനി തന്നെയാണ്. ശിരസ്സിൽ നിന്ന് ആവേശം താഴേയ്ക്കൊഴുകുമ്പോൾ ‘ജയ്…’ എന്നു മുഷ്ടിചുരുട്ടി വിളിക്കാതിരിക്കുന്നതെങ്ങനെ! കത്തിച്ച മെഴുകുതിരികളുമായി അങ്കണത്തിൽ ഒരുമിച്ചുകൂടി, അതിർത്തിയിൽ ജീവൻ ഹോമിച്ച ധീരജവാന്മാർക്ക് അന്ത്യാഞ്ജലിയർപ്പിച്ച ആ ചടങ്ങ് അത്യന്തം ഹൃദയസ്പർശിയായിരുന്നു.
ബിഷപ് മാർ തോമസ് തറയിലാണ് സമ്മേളനത്തിന്റെ തുടക്കത്തിൽ ചിന്തകൾക്ക് തിരികൊളുത്തിയത്. ഫാദർ സ്റ്റാൻ ഫോർച്യൂണയുടെ വാക്കുകളും സംഗീതവും ആദ്യ ദിവസത്തെ കൊഴുപ്പിച്ചു. രണ്ടാം ദിവസം സന്തോഷ് മാത്യു IAS, അൽമായരുടെ വൈദികസങ്കൽപ്പങ്ങൾ പങ്കുവച്ചു. ബിഷപ് തോമസ് മാർ എവുസേബിയോസ് തിരുമേനിയുടെ പ്രഭാഷണം സത്യത്തിൽ ഹൃദയം കീറിമുറിച്ചു കളഞ്ഞു. തുടർന്നു നടന്ന തുറന്ന ചർച്ചകൾക്കൊടുവിൽ ബാവാ തിരുമേനിയുടെ സമാപന സന്ദേശത്തോടെ സമ്മേളനം പര്യവസാനത്തിലേക്ക്.

നല്ല ഓർമ്മകളും ഓർമ്മപ്പെടുത്തലുകളുമാണ് വൈദികസമ്മേളനം നൽകിയത്. സംസാരിക്കാൻ തുടങ്ങിയപ്പോഴേക്കും തീർന്നുപോയെങ്കിലും പുതിയ ആത്മീയ ബോധ്യങ്ങൾ, അർത്ഥമുള്ള ജീവിതശൈലികൾ, ശക്തമായ ദൈവ-മനുഷ്യബന്ധങ്ങൾ, ആഴമുള്ള സൗഹൃദങ്ങൾ, കരുത്തുറ്റ ജീവിതസാക്ഷ്യങ്ങൾ… അങ്ങനെ ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് മിണ്ടിയുംപറഞ്ഞും രണ്ടുനാൾ!
വിമർശനങ്ങളിലും ഉതപ്പുകളിലും മാധ്യമവിചാരണകളിലും ഞങ്ങൾ തളരില്ല. തള്ളേണ്ടതിനെ തള്ളും, കൊള്ളേണ്ടതിനെ കൊള്ളും. ഞങ്ങളാരും ഒറ്റയ്ക്കല്ല. ലോകമെമ്പാടും വരുന്ന നാലരലക്ഷം കത്തോലിക്കാ പുരോഹിതരുടെ സാഹോദര്യമാണ് അതിന്റെ ശക്തി. മാനുഷികമായ ദൗർബല്യങ്ങളെ ഞങ്ങൾ നേരിടുന്നത് അപ്രകാരമാണ്. ഒരുവന്റെ കുറവ് അപരൻ പരിഹരിക്കും. ജീവൻ കൊടുത്തും ക്രിസ്തുവിന്റെ ശരീരത്തെ കാത്തുസൂക്ഷിക്കും. നിങ്ങൾ എന്തുവേണമെങ്കിലും പറഞ്ഞുകൊള്ളൂ, ഞങ്ങൾക്ക് ഉറച്ച ബോധ്യങ്ങളുണ്ട്. ക്രിസ്തുവിനെക്കുറിച്ച് വ്യക്തമായ ധാരണകളുമുണ്ട്! ഇതുവരെ കണ്ടിട്ടില്ലാത്ത കരുത്തോടെ ക്രിസ്തുവിന്റെ പുരോഹിതർ നിങ്ങളെ കീഴടക്കുന്ന കാലം വരുന്നു! ലോകമേ നീ ഭയപ്പെടുക തന്നെ വേണം!

ഫാ. ഷീൻ പാലക്കുഴി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.