പൗരോഹിത്യം ഒരു ദാനമാണ്; ജോലിയല്ല: ഫ്രാൻസിസ് പാപ്പാ

ഒരു വൈദികനായിരിക്കുക എന്നത് ഒരു ജോലിയോ ജോലിയുടെ ഭാഗമോ അല്ല. മറിച്ച്, അത് ദൈവം നിങ്ങൾക്കു നൽകിയ മഹാദാനമാണെന്ന് വൈദികരെ ഓർമ്മപ്പെടുത്തി ഫ്രാൻസിസ് പാപ്പാ. സാന്താ മർത്തയിലെ വിശുദ്ധ കുർബാനയിലാണ് പാപ്പാ, പൗരോഹിത്യമെന്ന ദാനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് വൈദികരോട് സംസാരിച്ചത്.

വൈദികരിൽ ചിലരെങ്കിലും തങ്ങളുടെ വിളിയെ ഒരു തൊഴിലായിട്ടാണ് കാണുന്നത്. ഇങ്ങനെയുള്ളവർ ദൈവവിളിയുടെ പവിത്രത നഷ്ടപ്പെടുത്തുകയാണ്; തന്നെ അനുഗമിക്കാനുള്ള ക്രിസ്തുവിന്റെ ആഹ്വാനത്തെ കളങ്കപ്പെടുത്തുകയാണ്. നിങ്ങൾക്കു ലഭിച്ചിരിക്കുന്ന ദാനത്തെ നിരസിക്കരുത് എന്ന വചനഭാഗത്തെ ഉദ്ധരിച്ചുകൊണ്ട് പാപ്പാ വ്യക്തമാക്കി.

ദൈവം നിങ്ങൾക്ക് സൗജന്യമായി നൽകിയ ദാനമാണ് പൗരോഹിത്യം. അതൊരു തൊഴിലോ, കരാറോ അല്ല. ആ ദാനത്തെ സംരക്ഷിക്കേണ്ടതുണ്ട്. എന്തെങ്കിലുമൊക്കെ ചെയ്യുക എന്നത് രണ്ടാമത്തെ കാര്യമാണ്. ആദ്യത്തേതും പ്രധാനപ്പെട്ടതുമായത്, ദൈവത്തിന്റെ ദാനത്തെ ഒരുക്കത്തോടും വിശുദ്ധിയോടും കൂടി സ്വീകരിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് – പാപ്പാ വൈദികരെ ഓർമ്മിപ്പിച്ചു.

ശുശ്രൂഷയുടെ മഹാദാനം നമുക്കായി അനുവദിച്ചു തന്ന ദൈവത്തിന് നന്ദി പറഞ്ഞു കൊണ്ട്, അവനെ സ്നേഹിച്ചു കൊണ്ട് അനുദിനം നമ്മുടെ സേവനങ്ങൾ ആരംഭിക്കാം. വൈദികർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് സുവിശേഷം പ്രഘോഷിക്കുക എന്നത്. ഈ ദൗത്യത്തിനിടയിലും നമുക്ക് തന്ന ദൈവദാനത്തിന്റെ ചൈതന്യം നമ്മിൽ നിന്ന് നഷ്ടപ്പെടാതിരിക്കുവാൻ ഓരോ വൈദികനും ശ്രദ്ധയുള്ളവനായിരിക്കണം – പാപ്പാ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.