നാസികളിൽ നിന്ന് യഹൂദരെ രക്ഷിച്ച ‘റോമിന്റെ മാലാഖ’ എന്ന് അറിയപ്പെട്ടിരുന്ന വൈദികൻ

നിരവധി യഹൂദരെ അവരുടെ മതമോ, നിറമോ, രാഷ്ട്രീയമോ നോക്കാതെ രക്ഷപ്പെടുത്താൻ തന്റെ സ്വാധീനം ഉപയോഗിച്ചു ശ്രമിച്ച വ്യക്തിയാണ് ഫാ. ഫൈഫർ. പന്ത്രണ്ടാം പീയൂസ് മാർപാപ്പയുടെ അടുത്ത സഹപ്രവർത്തകനുമായിരുന്നു അദ്ദേഹം. ‘റോമിന്റെ മാലാഖ’ എന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹത്തിന് എങ്ങനെയാണ് ആ പേര് ലഭിച്ചതെന്നു വായിച്ചറിയാം…

ജർമ്മൻ സാമ്രാജ്യത്തിന്റെ ബവേറിയൻ വിഭാഗത്തിൽ സ്ഥിതിചെയ്യുന്ന ബ്രണ്ണൻ പട്ടണത്തിൽ 1872 ഒക്ടോബർ 18 -നാണ് മാർക്കസ് ഫൈഫർ ജനിച്ചത്. 17 വയസ്സുള്ളപ്പോൾ അദ്ദേഹം ദിവ്യരക്ഷക സൊസൈറ്റിയിൽ ചേർന്നു. ‘സാൽവറ്റോറിയൻസ്’ എന്നും ഈ സമൂഹം അറിയപ്പെട്ടിരുന്നു. സന്യാസ സഭയിൽ ചേർന്ന ശേഷം അദ്ദേഹം പാൻക്രാറ്റിയസ് എന്ന പേര് സ്വീകരിച്ചു.

1896 മെയ് 30 -നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുന്നത്. സുപ്പീരിയർ ജനറലും ഈ സന്യാസ സമൂഹത്തിന്റെ സ്ഥാപകനുമായ ഫ്രാൻസിസ് മേരി ജോർദന്റെ പേഴ്‌സണൽ സെക്രട്ടറി ആയിട്ടായിരുന്നു വൈദികൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ നിയമനം. റോമിലെ സാൽവറ്റോറിയൻ മാതൃഭവനത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്.

1902 -ൽ സാൽവറ്റോറിയൻസിന്റെ പ്രൊക്യുറേറ്റർ ജനറലായി ഫാ. ഫൈഫർ തിരഞ്ഞെടുക്കപ്പെട്ടു. ഈ സ്ഥാനം അദ്ദേഹത്തെ, സ്ഥാപകനായ ഫാ. ജോർദന്റെ കൺസൾട്ടറായി നിയമിക്കപ്പെടുന്നതിന് ഇടയാക്കി. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സാൽവറ്റോറിയൻ ജനറൽ, റോം വിട്ട് സ്വിറ്റ്സർലൻഡിലെ ഫ്രിബർഗിലേക്ക് മാറാൻ തീരുമാനിച്ചു.

13 വർഷമായി ഫാ. പാൻക്രാറ്റിയസ് പ്രൊക്യുറേറ്റർ ജനറലായിരുന്നു. ഈ സമയത്ത്, വത്തിക്കാനിലെ കൂരിയയിലെ ആളുകളുമായി അദ്ദേഹം നല്ല ബന്ധം നിലനിർത്തിപ്പോന്നു. ഫാ. ജോർദാൻ പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും മൂലം രാജി വച്ചതിനെ തുടർന്ന് പുതിയ സുപ്പീരിയർ ജനറലായി ഫാ. ഫൈഫർ തിരഞ്ഞെടുക്കപ്പെട്ടു.

ഓർഡറിലെ മിക്ക അംഗങ്ങൾക്കും അദ്ദേഹത്തിൽ വലിയ വിശ്വാസമുണ്ടായിരുന്നു. അടുത്ത 30 വർഷത്തേക്ക് ഫാ. ഫൈഫർ ആണ് ഈ സന്യാസ സമൂഹത്തെ നയിച്ചത്. തന്റെ സമൂഹാംഗങ്ങൾക്ക് ഒരു മികച്ച മാതൃകയായിരുന്നു ഈ വൈദികൻ.

പന്ത്രണ്ടാം പീയൂസ് മാർപാപ്പയുമായുള്ള ബന്ധം

രണ്ടാം ലോകമഹായുദ്ധ സമയത്ത് – 1943-1944 കാലയളവിൽ റോമിലെ നാസി അധിനിവേശ സമയത്ത്, പന്ത്രണ്ടാം പീയൂസ് മാർപാപ്പയും ജർമ്മൻ നേതൃത്വവും തമ്മിലുള്ള ഒരു അനൗപചാരിക മധ്യവർത്തിയായി ഫാ. ഫൈഫർ മാറി. രണ്ട് ദിവസം കൂടുമ്പോൾ വത്തിക്കാനിലെ സ്റ്റേറ്റ് സെക്രട്ടേറിയറ്റിലേക്ക് ഫാ. ഫൈഫർ പോവുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്തിരുന്നു. അറസ്‌റ്റിലായ യഹൂദർക്ക് സന്ദേശങ്ങൾ കൈമാറാനും അദ്ദേഹം പ്രയത്നിച്ചിരുന്നു. അസംഖ്യം യഹൂദന്മാർ ഇങ്ങനെയുള്ള സഹായങ്ങൾ വഴി മരണത്തിൽ നിന്ന് രക്ഷപ്പെട്ടിരുന്നു.

റോമിലെ മാലാഖ

ഫാ. ഫൈഫറിന്റെ ശ്രമത്താൽ എത്ര ജൂതന്മാർ മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെന്ന് അറിയില്ല. ഒരവസരത്തിൽ വധശിക്ഷ നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന 249 ജൂതന്മാരെ ഫാ. ഫൈഫറിന്റെ ഇടപെടലിനെ തുടർന്ന് മോചിപ്പിച്ചു. മറ്റൊരവസരത്തിൽ, റോമിലെ നാസി സേനയുടെ കമാൻഡറായ ജനറൽ റെയ്‌നർ സ്റ്റാഹലിന്റെ അടുത്തേക്ക് അദ്ദേഹം നേരിട്ട് പോയി.

എല്ലാ ദിവസവും ജൂതന്മാരെ പാർപ്പിച്ചിരുന്ന ജയിലുകൾ അദ്ദേഹം സന്ദർശിക്കുകയും അവിടെ വധശിക്ഷയിൽ നിന്ന് മോചിപ്പിക്കപ്പെട്ട ഒരു തടവുകാരനുമായി അദ്ദേഹം മടങ്ങുകയും ചെയ്തിരുന്നു. ഒരിക്കൽ, ഫയറിംഗ് സ്ക്വാഡിലൂടെ വധശിക്ഷക്കു വിധിച്ച 400 തടവുകാരെ മോചിപ്പിക്കാൻ അദ്ദേഹം നാസികളെ പ്രേരിപ്പിച്ചു.

മതമോ, നിറമോ, രാഷ്ട്രീയമോ നോക്കാതെ എല്ലാവരെയും സഹായിക്കാൻ ഫാ. ഫൈഫർ ശ്രമിച്ചു. നിരവധി ഇറ്റാലിയൻ നഗരങ്ങളെ ബോംബാക്രമണത്തിൽ നിന്ന് രക്ഷിക്കാൻ തന്റെ സ്വാധീനം ഉപയോഗിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അധികം താമസിയാതെ അദ്ദേഹം ‘റോമിന്റെ മാലാഖ’ എന്നറിയപ്പെട്ടു.

1945 മെയ് 12 -ന് ഒരു അപകടത്തിൽ ഫാ. ഫൈഫർ മരിച്ചു. അന്ന് അദ്ദേഹത്തിന് 73 വയസ്സായിരുന്നു. ഈ ജർമ്മൻ പുരോഹിതന്റെ ബഹുമാനാർത്ഥം ഇറ്റലിക്കാർ റോമിലെ ഒരു തെരുവിന് അദ്ദേഹത്തിന്റെ പേരാണ് നൽകിയിരിക്കുന്നത്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.