വ്യാകുലങ്ങളുടെ 32 വർഷങ്ങള്‍ പുഞ്ചിരിയോടെ പൂര്‍ത്തിയാക്കിയ ഒരു വൈദികൻ

ക്ലിന്റന്‍ എന്‍. സി. ഡാമിയന്‍

ജീവിതത്തിലെ സഹനങ്ങളെ പ്രതി വിലപിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട അമൂല്യ ഗ്രന്ഥമാണ് ഫാദർ ഗബ്രിയേൽ പൊസേന്തി ഒ.ഐ.സി. 

തേടിയിറങ്ങി പടി വാതിൽക്കൽ ചെല്ലുമ്പോൾ കാണുന്നത് ഒരു കട്ടിലാണ്. കഴിഞ്ഞ 32 വർഷങ്ങളായി ഒരു വൈദികൻ തന്റെ ജീവിതം ക്രിസ്തുവിന് ദിനംപ്രതി നൽകീടുന്ന ബലി വേദിയായി തീർന്നിരിക്കുന്നു ആ കട്ടിൽ. 32 വർഷം ഒരു മുറിക്കുള്ളിൽ ഒരാൾ കഴിയുന്നുവെങ്കിൽ ഈ ലോകം വിധിക്കുന്നത് പരാജിതനെന്നാണ്. എന്നാൽ തന്റെ വേദനകളെയും സഹനങ്ങളെയും ക്രിസ്തുവിന് നൽകി ലോകത്തിന്റെ വിലയിരുത്തലുകളെ തള്ളിക്കളഞ്ഞ് ജീവിതം കൊണ്ട് സുവിശേഷമാകുന്നു ഈ വൈദികൻ. പുഞ്ചിരിയും നർമ്മവും ചേർന്ന് സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ
സഹനങ്ങൾക്കു തോൽപ്പിക്കാനാത്ത ദൈവകൃപ ആ കണ്ണുകളിൽ കാണാന്‍ സാധിക്കും.

അദ്ദേഹം തന്റെ ദൈവവിളിയെപ്പറ്റി നമ്മോട് സംസാരിക്കുന്നു: “സമർപ്പിത ജീവിതത്തിലേക്കുള്ള എന്റെ കടന്നു വരവ് പ്രയാസമേറിയതല്ലായിരുന്നു. കാരണം നല്ല പ്രാർത്ഥനയുടെ  അന്തരീക്ഷം നിറഞ്ഞ കുടുംബമായിരുന്നുഎന്‍റെത്. നിരവധി വൈദികരെയും സമർപ്പിതരെയും നൽകാൻ ഞങ്ങളുടെ കുടുംബങ്ങൾക്കു സാധിച്ചിരുന്നു. അതിനാൽ തന്നെ ഒരു പ്രയാസം അനുഭവപ്പെട്ടില്ലായിരുന്നു. അൾത്താര ബാലകനിൽ നിന്നും വൈദികനിലെക്കുള്ള യാത്ര മനസ്സിൽ ഞാൻ കുറിച്ചിരുന്നു.  അങ്ങനെ ബഥനി സന്യാസസമൂഹത്തിൽ ചേർന്നു. ചേരുമ്പോഴും മനസ്സിൽ ചെറിയ കലാവാസന ഉണ്ടായിരുന്നു, ”

കലകളോട് വളരെ താൽപര്യം കാട്ടിയിരുന്ന പൊസേന്തിയച്ചൻ ആബേലച്ചന്റെ കലാഭവനിൽ ഒരു വർഷം വാദ്യോപകരണങ്ങൾ പഠിക്കാൻ പോയിരുന്നു.
പൊസേന്തി അച്ചൻ തന്റെ ഓർമ്മകളിലെ ആബേലച്ചനെപ്പറ്റി വിവരിക്കുന്നു.

“വളരെ കൃപ നിറഞ്ഞ വൈദീകനായിരുന്നു അദ്ദേഹം. കലയെന്ന മാസ്മരിക ലോകത്തിലെക്ക് ഇന്നത്തെ പല പ്രമുഖ താരങ്ങളെയും കൈപിടിച്ച് ഉയർത്തിയത് അദ്ദേഹമാണ്. അതിലുപരി കലയെ സുവിശേഷത്തിന്റെ ഗന്ധം നൽകാൻ സാധിച്ച അപൂർവ്വ ജൻമം എന്നു തന്നെ പറയാം. കാരണം അദ്ദേഹത്തിന്റെ ഗാനങ്ങൾ തന്നെ കൃപയുടെ നീർച്ചാലുകൾ തന്നെയായിരുന്നു. എന്തിന് കുരിശിന്റെ വഴിയെ ഇത്രത്തോളം ഭക്തിസാന്ദ്രമാക്കി തീർത്തതും അദ്ദേഹം തന്നെയാണ്. ഒരോ രണ്ടോ തവണ കേട്ടവർക്ക് മന:പാഠമായി തീരും ആ പതിനാലു സ്ഥലങ്ങളിലെ ഗാനങ്ങളും. അത്രയേറെ ദൈവികമായ സാന്നിദ്ധ്യം അച്ചനിൽ ഉണ്ടായിരുന്നു.”

വൈദികനായ ശേഷം മുംബൈയിലെ സെന്റ് സേവിഴേയസ് കോളേജിൽ മാസ്സ്കമ്മ്യൂണികേഷനിൽ ബിരുദാനന്തരബിരുദപഠനത്തിനു ചേർന്നു.

“വളരെ രസകരമായിരുന്നു മുംബൈ ജീവിതം. ഇന്ത്യയിലെ അക്കാലത്തെ മികച്ച കോളേജിൽ പഠിക്കുക എന്നതു തന്നെ ഒരു ക്രെഡിറ്റ്‌ആയി കരുതിയിരുന്ന കാലം. സഹപാഠികളുടെ ഇടയിൽ ഒരു ലീഡർ സ്ഥാനം ലഭിച്ചിരുന്നു. ക്യാംപസിലെ എല്ലാ കാര്യങ്ങളിലും സജീവ പങ്കാളിത്തം ഉണ്ടായിരുന്നു. പഠനം പൂർത്തിയാക്കിട്ടും മനസ്സിൽ നാടകമെന്ന കലയോട് അതിയായ സ്നേഹം ഉള്ളിൽ ഉണ്ടായിരുന്നു. അതിനായി സിന്ധികൾ നടത്തിയിരുന്ന നാട്യകല എന്ന നാടക കളരിയിൽ ചേർന്നു. അങ്ങനെ നാടകത്തിലെ എല്ലാ വശങ്ങളും പഠിച്ചു. സംവിധായകന്‍ നടൻ, മേക്കപ്പ്, കലാസംവിധാനം തുടങ്ങിയ എല്ലാമേഖലകളിലും പ്രവർത്തിച്ചു. പിന്നെ കേരളത്തിലെക്ക് തിരിച്ചു.”

കേരളത്തിൽ തിരിച്ചെത്തിയ അച്ചൻ യുവാക്കളുടെ ഇടയിൽ പ്രവർത്തനം ആരംഭിച്ചു. വാനൊലി എന്ന പേൽ ഒരു ക്രിസ്തീയ കലാ സംഘത്തെ രൂപീകരിച്ചു.

“കലയിലൂടെ രണ്ട് മണിക്കൂർ നടത്തുന്ന പ്രസംഗം പത്ത് മിനിട്ട് കൊണ്ട് സദസ്സിന് എത്തിക്കാൻ സാധിക്കും. വാനൊലി അതിന്റെ ചുവടുപിടിച്ചാണ് രൂപീകരിച്ചത്. പ്രധാനമായും ഇടവക തിരുനാളുകളിൽ വൈകുന്നേരത്തെ കലാസന്ധ്യയായിരുന്നു വാനൊലിയുടെ ഇടം. പാട്ടും നൃത്തവും പിന്നെ നാടകവും അങ്ങനെ ഒരു സ്റ്റേജ്ഷോ. വളരെ ഭംഗിയായി പോയി കൊണ്ടിരുന്നു.” ആയിടക്കാണ് പൊസേന്തിഅച്ചന്റെ ജീവിതത്തെ മാറ്റിമറിച്ച ആ സംഭവം ഉണ്ടായത്.

ബത്തേരി രൂപതയുടെ മിഷൻ പ്രവർത്തനങ്ങൾക്കു വേണ്ടി മാനന്തവാടിയിലെക്ക് പോകാൻ തീരുമാനിച്ചു. “1985 മാർച്ച് 23. ബസ്സിലായിരുന്നു എന്റെ യാത്ര. വയനാടൻ ചുരം കേറി അതിന്റെ മുകളിലെത്തിയപ്പോൾ എതിരെ വന്ന ബസ്സുമായി കൂട്ടിയിടിച്ചു. ബസ്സ് മുഴുവൻ തകർന്നു. ഏറ്റവും പിന്നിലിരുന്ന ഞാൻ മുന്നിലെക്ക് തെറിച്ച് പോയി. പലയിടത്തും ഇടിച്ച് എന്റെ ബോധം പോയിരുന്നു.” ഒന്ന് നിര്‍ത്തിയിട്ട് അച്ചന്‍ തുടര്‍ന്നു.

“അവസാനം എന്നെ അവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു. അവിടെ മരപ്പലകകൾ ചേർത്ത തറയിൽ കിടത്തി. അപകടമറിഞ്ഞ് അന്നത്തെ
ബത്തേരി രൂപതാ അദ്ധ്യക്ഷൻ ആയിരുന്ന സിറിൾ മാർ ബസേലിയോസ് പിതാവ് എത്തി. എന്റെ അവസ്ഥ കണ്ട് തിരുവല്ലായിൽ നിന്നും ആംബുലൻസ്  മൃതസംസ്കാരത്തിന്റെ  ഒരുക്കങ്ങളുമായി യാത്ര തിരിച്ചു. കാരണം എന്നെ കണ്ടവർ പറഞ്ഞിരുന്നു മരണത്തിലേക്കാണ് അച്ചൻ പോയികൊണ്ടിരിക്കുന്നത്. ഐസിയുവിൽ കിടന്നെങ്കിലും എനിക്ക്  ബോധം തിരികെ വന്നില്ല. അവസാനം ഡോക്ടർമാർ വിധിയെഴുതി ഇനി ഫാദർ ഗബ്രിയേൽ പൊസേന്തി ജീവിതത്തിലെക്ക് തിരികെ വരില്ല. കൂടാതെ തന്നെ നട്ടെല്ല് തകർന്നതിനാൽ ഇരുപത്തിയഞ്ച് കിലോ ഭാരം വരുന്ന ഒരു സാധനം എന്റെ തലയുമായി ബന്ധിപ്പിച്ച് കിടത്തിയിരുന്നു. അങ്ങനെ അവിടെ നിന്ന് വെല്ലൂരിലെക്ക്. അവിടെയും അസാധ്യമെന്ന ഉത്തരത്തിനു മുമ്പിൽ തമിഴും ആന്ധ്രയും കൂടി കലർന്ന ഭാഷയിൽ  ഒരു ഫിസിയോതെറാപ്പിസ്റ്റ് എന്നോട് പറഞ്ഞു. ‘ഞാൻ തിരികെ കൊണ്ടുവരും.’ സത്യത്തിൽ ആ മനുഷ്യൻ ഒരു ദൈവദൂതൻ തന്നെയായിരുന്നു. പതിയെ എന്നെ അയാൾ സ്നേഹം നൽകി പരിപാലിച്ചു. അതിനോടപ്പം ഒരിക്കൽ അസാധ്യമെന്നു പറഞ്ഞവർക്കു മുന്നിലൂടെ കുറച്ചു ദൂരം സ്വതന്ത്ര്യനായി നടത്തിച്ചു. ഞാൻ തന്നെ അതിയശിച്ചു പോയി. പതിയെ ഞാൻ വീൽചെയറിൽ ഇരുന്ന് തുടങ്ങി.”

പക്ഷേ, അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ പൊസേന്തി അച്ചന്‍ തയാറായില്ല. നാടകത്തോടുള്ള അടങ്ങാത്ത ആഗ്രഹത്തിൽ നാല് നാടകങ്ങൾ എഴുതി തയ്യാറാക്കി, സംവിധാനം ചെയ്ത് അരങ്ങിൽ എത്തിച്ചു. അതെല്ലാം മാർ ഈവാനിയോസ് തിരുമേനിയെപ്പറ്റിയായിരുന്നു.

കഴിഞ്ഞ 32 വർഷങ്ങളെ എങ്ങനെ നോക്കി കാണുന്നു എന്ന ചോദ്യത്തിന് പൊസേന്തിഅച്ചൻ നൽകിയ ഉത്തരം അതിശയിപ്പിക്കുന്നതായിരുന്നു: “എന്റെ പേരിനു കാരണക്കാരനായ വിശുദ്ധ ഗബ്രിയേൽ പൊസേന്തി 23 വയസ്സിൽ സഹനങ്ങളിലൂടെ കടന്നു പോയി ക്ഷയരോഗ ബാധിതനായി മരണപ്പെട്ടു. വ്യാകുലങ്ങളുടെ വിശുദ്ധനായി അറിയപ്പെടുന്നു. എന്നിൽ അത് വീണ്ടും പൂർത്തിയായി.”

ഇതുവരെ കേട്ടതിൽ ഒരു മികച്ച വാക്യം പൊസേന്തി അച്ചൻ തന്റെ സഹനങ്ങളെപ്പറ്റി പറഞ്ഞു. “നഗ്നമായ കാൽപാദങ്ങളെ പ്രതി ഒരു ജോഡി ചെരുപ്പിനായി ഞാൻ ദൈവത്തിനു മുൻപിൽ വിലപിച്ചു. എന്നാൽ ഇരുകാലുകളുമില്ലാത്ത ഒരുവനെ കണ്ടപ്പോൾ എന്റെ വിലാപത്തെ ഞാൻ നന്ദിയുടെ കീർത്തനമാക്കി തീർന്നു; ഇരു കാലുകൾ തന്ന ദൈവത്തിനായി.”

തിരികെ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ അനുഗ്രഹിച്ചിട്ടു പറഞ്ഞു. ” ബഥനി സന്യാസ സമൂഹത്തിന്റെ ശതാബ്ദി വരുന്നുണ്ട്. അതിൽ ഒരു വലിയ സ്റ്റേജ് പരിപാടി ചെയ്യണം. അതിനായി മോൻ പ്രാർത്ഥിക്കണം.”

നടന്നു നീങ്ങുമ്പോഴും ഉള്ളിൽ ഒരു ആനന്ദമായിരുന്നു. കലയുടെ ക്രിസ്തുവിനെ ദർശിച്ച ആനന്ദം.

ക്ലിന്റന്‍ എന്‍. സി. ഡാമിയന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.