തെരുവിൽ അന്തിയുറങ്ങുന്ന വൈദികൻ

ക്ലൗഡേ പാരഡിസ് (Claude Paradis)  മഹാ ദരിദ്രനും കിടപ്പാടമില്ലാത്തവനും കാനഡയിലെ മോൺട്രിയോൾ  തെരുവിന്റെ സന്തതിയുമായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ജീവിതത്തിന്റെ ദിശാബോധം നഷ്ടപ്പെട്ടപ്പോൾ  ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു.

പക്ഷേ ഉടയവനു അവന്റെ ഉടലിനെക്കുറിച്ചു  ചില പദ്ധതികൾ ഉണ്ടായിരുന്നു. ഇന്നവൻ ദാരിദ്ര്യത്തിന്റെയും തടവറയുടെയും വേശ്യാവൃത്തിയുടെയും കെണികളിൽ അകപ്പെട്ടവർക്കു സ്വാന്തനത്തിന്റെ തലോടൽ  സമ്മാനിക്കുന്ന, ആത്മീയമായും ഭൗതികമായും അവർക്കു സമാശ്വാസമേകുന്ന  തെരുവിന്റെ പുരോഹിതനാണ്  .

“തെരുവ് എന്നെ സഭയിലേക്കു കൊണ്ടുവന്നു. സഭ അവസാനം എന്നെ തെരുവിലേക്കു മടക്കി കൊണ്ടുവന്നു,”  തെരുവു മക്കളുടെ അഭിഷിക്തൻ പറയുന്നു.

തെരുവു മക്കളോടുള്ള അടുപ്പത്തിന്റെയും  താദാത്മ്യത്തിന്റെയും അടയാളമായി ഫാ. പാരഡിസ്    കഴിഞ്ഞ ഡിസംബര്‍ മുഴുവൻ  അന്തിയുറങ്ങിയതു തെരുവിലാണ്

“തെരുവിലെ മക്കളെ അവരുടെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ അനുധാവനം ചെയ്യാൻ എനിക്കു  കഴിയും എന്ന് എനിക്കു മനസ്സിലാക്കി കൊടുക്കണമായിരുന്നു. കൂടാതെ മോൺട്രിയോളിലെ പൗരന്മാർക്കു തെരുവിൽ ജീവിക്കേണ്ടി വരുന്നതിന്റെ നേർ ചിത്രം കാണിച്ചു കൊടുക്കുകയും ചെയ്യണമായിരുന്നു.” ഫാ. പാരഡീസ് തുടർന്നു.

മോൺട്രിയോളിൽ തെരുവിൽ അലയുന്നവർക്കായി തെരുവിന്റെ അമ്മ (Notre-Dame-de-la-rue – Our Lady of the Street) എന്ന ഒരു സംഘടനാ അദ്ദേഹം സ്ഥാപിച്ചു. എല്ലാ രാത്രിയിലും ഭക്ഷണവും അഭയസ്ഥാനവുമായി തെരുവിന്റെ മക്കളെ തേടി പാരഡിസച്ചൻ ഇറങ്ങുന്നു. അവർക്കു വേണ്ടി കൂദാശകൾ പരികർമ്മം ചെയ്യുക, വിശുദ്ധ ബലി അർപ്പിക്കുക, മൃതസംസ്കാര ശുശ്രൂഷ നടത്തുക ഇതൊക്കെ അച്ചന്റെ അനുദിന കർത്തവ്യങ്ങളാണ്.

തെരുവിൽ നിന്നു പാരഡിസച്ചൻ രക്ഷപ്പെടുത്തിയ കെവിൻ കാർഡിനാണ് അച്ചന്റെ സന്തത സഹചാരി .

തെരുവിന്റെ അമ്മയ്ക്കു മോൺട്രിയോൾ അതിരൂപതയുടെ എല്ലാ വിധ സഹായങ്ങളുമുണ്ട്. മോൺട്രിയോൾ ആർച്ചുബിഷപ് ക്രിസ്റ്റ്യൻ ലെപിനേയുടെ ആശീർവ്വാദവും പ്രോത്സാഹനവും ഈ പ്രസ്ഥാനത്തിനു കരുത്തേകുന്നു.

തെരുവു ജീവിതത്തിന്റെ ദുരിതങ്ങൾ അതിന്റെ ശരിയായ രീതിയിൽ   അറിഞ്ഞ വ്യക്തിയാണ് ഫാ. പാരഡിസ്. കാനഡിയിലെ ഗാസ്പേ  പ്രദേശത്താണ് പാരഡിസ് ജനിച്ചു വളർന്നത്.  ജോലി അന്വേഷിച്ചു ഇരുപത്തഞ്ചു വർഷങ്ങൾക്കു മുമ്പാണ് അദ്ദേഹം മോൺട്രിയോളിലെത്തിയത്.  ജോലി ലഭിക്കാത്തതിനാൽ കടുത്ത എകാന്തതയും നിരാശയും പാരഡിസിനെ പിടികൂടി.മദ്യവും മയക്കുമരുന്നും അവനെ തെരുവിന്റെ സന്താനമാക്കി, ആത്മഹത്യ ചെയ്യുന്നതിനെപ്പറ്റി പലതവണ ചിന്തിച്ചു.

ദൈവത്തെ കണ്ടുമുട്ടിയതിനെപ്പറ്റി ഫാ. പാരഡീസ് പറയുന്നതു ഇപ്രകാരമാണ്. “ഞാൻ ദൈവത്തെക്കുറിച്ചു സംശയിച്ചു തുടങ്ങിയ നിമിഷം അവനെ കണ്ടുമുട്ടാനുള്ള ഭാഗ്യം എനിക്കു കൈവന്നു. ഒരിക്കൽ മോൺട്രിമോളിലെ തെരുവിൽ, സകലരാലും ഉപേക്ഷിക്കപ്പെട്ട്, നിരാശനായി  മരിക്കാനായി നടന്നു നീങ്ങുമ്പോൾ  ഒരു പഴയ ദൈവാലയത്തിനു മുമ്പിലെത്തി. അവിടെ വച്ചു തിരിച്ചു നടക്കാൻ വലിയ ഒരു ഉൾപ്രേരണ എന്നിലുണ്ടായി. ആ നിമിഷം എന്റെ ദൈവത്തെ ഞാൻ കണ്ടുമുട്ടി. ഞാൻ മരിക്കേണ്ടവനല്ലന്നും  സഭയുടെ മകനാകേണ്ടവനാണന്നും അവൻ എനിക്കു മനസ്സിലാക്കിത്തന്നു.”

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അടിമത്തത്തിൽ നിന്നു മോചിതനായ അദ്ദേഹം പിന്നിടു കത്തോലിക്കാ സഭയിൽ വൈദീകനായി. ഫ്രാൻസീസ് പാപ്പയാണു തെരുവിലുള്ള തന്റെ ജീവിതത്തിൽ പ്രചോദനമെന്നു പറയുന്ന പാരഡിസച്ചനു മരണം വരെ തെരുവിലെ മക്കൾക്കു വേണ്ടി ജീവിക്കാനാണു ആഗ്രഹം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.