“ദൈവം കാത്തു”: തോക്കിന്റെ മുന്നിൽ നിന്നും അത്ഭുതകരമായി രക്ഷപെട്ട വൈദികൻ

“തന്റെ ജീവൻ രക്ഷപെട്ടത് ദൈവത്തിന്റെ പ്രത്യേക ഇടപെടൽ കൊണ്ടാണ്” പറയുന്നത് ടെക്‌സാസിലെ വൈദികനായ ഫാ. ഡെസ്മണ്ട് യോഹൻക്വയറി. ഇത് പറയുമ്പോൾ അദ്ദേഹം തന്റെ കയ്യിൽ ജപമാല മുറുക്കെ പിടിച്ചിട്ടുണ്ടായിരുന്നു. കാരണം, അത്ഭുതകരമായ ദൈവിക ഇടപെടൽ അദ്ദേഹത്തെ രക്ഷിച്ചത് മരണത്തിൽ നിന്നാണ്.

ഹ്യൂസ്റ്റണിലെ സെന്റ് പീറ്റർ ദി അപ്പോസ്തലിക് കാത്തലിക് ചർച്ചിനു സമീപമുള്ള ഭവനത്തിലാണ് ഫാ. ഡെസ്മണ്ട് താമസിച്ചിരുന്നത്. പതിവുപോലെ, അടുത്തുള്ള ദേവാലയത്തിൽ പോയി ജപമാല ചൊല്ലുവാൻ ഇറങ്ങിയതായിരുന്നു അദ്ദേഹം. ജപമാല മണികൾ കയ്യിൽ കോർത്തിട്ടു നടക്കുന്ന അദ്ദേഹം മോഷ്ടാക്കളുടെ ദൃഷ്ടിയിൽ പെട്ടു. പെട്ടന്ന് അവർ അദ്ദേഹത്തെ ബന്ധിച്ച് കയ്യിലുണ്ടാകുന്ന താക്കോലും മൊബൈലും മോഷ്ടിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന ജപമാല മാത്രം അവർ എടുത്തില്ല.

തുടർന്ന് അവർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. കൊല്ലരുത് എന്ന് അദ്ദേഹം അവരോട് അഭ്യർത്ഥിച്ചു. കേട്ടില്ല. അതിനിടയിൽ രണ്ടു പ്രാവശ്യം അദ്ദേഹത്തിനു നേരെ മോഷ്ടാക്കൾ വെടിയുതിർത്തു. രണ്ടു തവണയും ലക്ഷ്യം തെറ്റി. മൂന്നാമത് ഒരു തവണ കൂടി ശ്രമിച്ചുവെങ്കിലും അതും പരാജയപ്പെട്ടതോടെ അക്രമികൾ ശ്രമം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. മോഷ്ടാക്കൾ നടത്തിയ ആക്രമണത്തിൽ വൈദികന് പരിക്കേറ്റിരുന്നു.

“ദൈവം കാത്തതു കൊണ്ടും പരിശുദ്ധ അമ്മയുടെ സംരക്ഷണം ഉണ്ടായിരുന്നതു കൊണ്ടും മാത്രമാണ് ഞാൻ രക്ഷപെട്ടത്. അല്ലായിരുന്നെങ്കിൽ ഇപ്പോൾ എന്റെ മൃതസംസ്കാരം നടക്കേണ്ട സമയം ആയേനെ” – ഫാ. ഡെസ്മണ്ട് പറഞ്ഞുനിർത്തി.