ഇന്തോനേഷ്യൻ അഭയാർത്ഥികളുടെ ശബ്ദമായി മാറിയ വൈദികൻ  

മലേഷ്യയിൽ ജോലി ചെയ്യുന്ന ഇന്തോനേഷ്യയിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ സഹായിക്കുന്നതിനും അവർക്കു ആവശ്യമായ ആത്മീയ ശുശ്രൂഷകൾ നൽകുന്നതിനും കഴിഞ്ഞ നാലുവർഷത്തോളമായി പരിശ്രമിക്കുന്ന ഒരു വൈദികനുണ്ട്. ഫാ. റെജിനാൾഡ് പൈപ്പർനോ. തന്റെ ഓരോ ദിവസത്തിന്റെയും ഭൂരിഭാഗം കുടിയേറ്റ തൊഴിലാളികൾക്കൊപ്പം പ്രവർത്തിക്കുന്ന ഈ വൈദികന്‍റെ ജീവിതം നമുക്ക് അറിയാം…

ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഈസ്റ്റ് നുസ തെൻഗാര പ്രവിശ്യയിലെ രൂപതകളും മലേഷ്യയിലെ രൂപതകളും തമ്മിൽ കുടിയേറ്റക്കാർക്കുള്ള ഇടയസേവനങ്ങൾ സംബന്ധിച്ച് ധാരണാപത്രം ഒപ്പിട്ടതിനെ തുടർന്നാണ്  ഫാ. റെജിനാൾഡ് പൈപ്പർനോ തന്റെ സേവനം ഇവർക്കിടയിൽ ആരംഭിക്കുന്നത്. ആദ്യം വർഷത്തിൽ പല തവണ മലേഷ്യയിൽ വന്നു അഭ്യർത്ഥികളെ കാണുകയും അവർക്കു ശുശ്രൂഷ ചെയ്തു മടങ്ങുകയും ആയിരുന്നു. അവർ ജോലി ചെയ്തിരുന്ന കമ്പനികൾ സന്ദർശിക്കുകയും നിയമനങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു പോന്നു. പതിയെ പതിയെ അവർക്കൊപ്പമായി മാറി അദ്ദേഹത്തിന്റെ ജീവിതം.

എല്ലാ തൊഴിലാളികളെയും അവരുടെ പശ്ചാത്തലം പരിഗണിക്കാതെ, ഗ്രൂപ്പുകളായി അല്ലെങ്കിൽ വ്യക്തിഗതമായി സഹായിക്കുകയും അവർക്കു വിശുദ്ധ കുർബാന നൽകുകയും ചെയ്തു. അവരുടെ ജീവിതങ്ങളെ കൂടുതൽ ആഴത്തിൽ അറിഞ്ഞപ്പോൾ അഭയാർത്ഥികളായ അവർ കൂടുതൽ വിവേചനങ്ങൾ നേരിടുന്നുണ്ടെന്നു അദ്ദേഹത്തിന് മനസിലായി. അതോടെ അവരുടെ അവകാശങ്ങൾക്കായി പോരാടാൻ അദ്ദേഹം പ്രോത്സാഹനം നൽകി. അഭയാർഥികളുടെ ശമ്പളം, തൊഴിൽ‌ വ്യവസ്ഥകൾ, ആനുകൂല്യങ്ങൾ തുടങ്ങിയവ മെച്ചപ്പെട്ടതാക്കാൻ അദ്ദേഹത്തിൻറെ ഇടപെടലിലൂടെ കഴിഞ്ഞു.

കമ്പനികൾ കത്തോലിക്കരുടെ ഉടമസ്ഥതയിലാണെങ്കിൽ, കുടിയേറ്റക്കാരോട് നല്ല രീതിയിൽ പെരുമാറുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രാദേശിക രൂപതകൾ ശ്രമിക്കുന്ന രീതിയിലേക്ക് അദ്ദേഹം കാര്യങ്ങൾ എത്തിച്ചു. അദ്ദേഹം മലേഷ്യയിൽ എത്തുമ്പോൾ അവിടെ ഉണ്ടായിരുന്ന ഇന്തോനേഷ്യക്കാരായ കുടിയേറ്റക്കാർ വളരെയധികം ഭീതികൾക്കു നടുവിലായിരുന്നു കഴിഞ്ഞിരുന്നത്. പല തരത്തിലുള്ള ചൂഷണങ്ങൾക്കും നടുവിൽ കഴിഞ്ഞവർ. പോലീസ് അറസ്റ്റ് ചെയ്യും എന്ന് പേടിച്ചു കാടുകളിൽ പോയി താമസിച്ചവർ. ജോലിസ്ഥലങ്ങളിലെ ചൂഷണങ്ങൾക്കൊപ്പം ശരിയായ ചികിത്സ ലഭിക്കാതെ മരിച്ചവരും ഏറെയുണ്ടായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ അവർക്കു പിന്തുണയേകാൻ ഈ വൈദികന്റെ നേതൃത്വത്തിൽ ഉള്ള പ്രവർത്തനങ്ങൾക്കായി.

ഇതു കൂടാതെ രണ്ടാമത്തെ വിവാഹം കഴിച്ച അനേകം ക്രൈസ്തവരും കുടുംബ പ്രശ്നങ്ങൾ പലതും നിറഞ്ഞ സാഹചര്യമായിരുന്നു അഭയാർത്ഥികൾക്കിടയിൽ. ഇത്തരം ആളുകൾക്കും കുടുംബങ്ങൾക്കും ക്രിസ്തീയ മൂല്യങ്ങൾക്കും ഒരു പ്രത്യേക പരിഗണനയും പരിശീലനവും നൽകുവാൻ ഫാ. റെജിനാൾഡ് പൈപ്പർനോയ്ക്ക് കഴിഞ്ഞു. കൂടാതെ ഭക്ഷണവും മറ്റു അവശ്യസാധനങ്ങളും ചികിത്സകളും നൽകുവാൻ രൂപതയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് കഴിഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലും തഴയപ്പെട്ടു കിടന്നിരുന്ന ഒരുപറ്റം അഭയാർത്ഥികൾക്ക് സുവിശേഷത്തിന്റെ വെളിച്ചമായി മാറിയിരിക്കുകയാണ് ഈ വൈദികൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.