“ഇത് വളരെ സന്തോഷകരമായ നിമിഷങ്ങളാണ്” – തന്റെ ആദ്യ അനുഗ്രഹം സഹോദരിയായ സന്യാസിനിക്ക് നൽകി നവവൈദികൻ

പുതിയതായി അഭിഷിക്തരാകുന്ന വൈദികർ ആദ്യമായി അനുഗ്രഹം നൽകുന്ന ചടങ്ങ് തിരുപ്പട്ടങ്ങളിൽ പതിവാണ്. മെയ് 29-ന് വൈദികനായ ഫാ. മാത്യു ബ്രെസ്‌ലിൻ, ആ അനുഗ്രഹം നൽകിയതാകട്ടെ തന്റെ സഹോദരിയായ സന്യാസിനി സി. മേഗനും. ന്യൂയോർക്കിലെ ഹഡ്‌സൺ വാലി മേഖലയിലാണ് ഈ സന്തോഷകരമായ നിമിഷങ്ങൾ അരങ്ങേറിയത്. ഒരു കുടുംബത്തിലെ രണ്ടു മക്കളും ദൈവവിളി സ്വീകരിച്ച് വൈദികനും സന്യാസിനിയുമായി.

ഫാ. മാത്യുവും സഹോദരി മേഗനും വളർന്നത് ആഴമായ കത്തോലിക്കാ വിശ്വാസമുള്ള ഒരു കുടുംബത്തിലാണ്. എങ്കിലും പല വേദനകളിലൂടെയും അവരുടെ കുടുംബം കടന്നുപോയി. ഇവരുടെ പിതാവ് അലക്‌സിന് മസ്തിഷ്ക അർബുദം ബാധിച്ചു. അമ്മ, ഇളയമകനായ മാത്യുവിനെ ഗർഭിണിയായിരുന്നപ്പോഴായിരുന്നു അത്. മേഗന് അന്ന് രണ്ട് വയസ്സായിരുന്നു. തന്റെ മകൻ ജനിക്കുന്നത് കാണാൻ അലക്സ് ജീവിക്കുകയില്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞിരുന്നത്. എന്നാൽ, എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ജീവിച്ചു; വീണ്ടും പത്ത് വർഷത്തോളം. കേൾവിയും കാഴ്ചശക്തിയും നഷ്ടപ്പെട്ടെങ്കിലും മാത്യുവിന് ഒൻപത് വയസ്സുള്ളപ്പോഴാണ് അദ്ദേഹം മരിക്കുന്നത്.

പിന്നീട് ഇവരുടെ അമ്മ വളരെ ത്യാഗപൂർവ്വമാണ് ഈ മക്കളെ വളർത്തിയത്. അത് കുടുംബത്തിൽ നിന്നും ഈ മക്കൾക്ക് ലഭിക്കാവുന്ന വലിയ മാതൃകകളിൽ ഒന്നായിരുന്നു. പത്ത് വർഷത്തോളം രോഗശയ്യയിലായിരുന്ന ഭർത്താവിനെ നല്ല രീതിയിൽ പരിചരിക്കുകയും തന്റെ രണ്ട് മക്കളെയും വളർത്തുകയും ചെയ്തു ആ അമ്മ.

“അമ്മ ഞങ്ങൾക്കു വേണ്ടി ഒരുപാട് ത്യാഗം ചെയ്തു. അമ്മ ഞങ്ങളെ വളരെയധികം സ്നേഹിച്ചു. ത്യാഗപൂർണ്ണമായ സ്നേഹം ഞാൻ പഠിച്ചത് അമ്മയിൽ നിന്നാണ്. അതുകൊണ്ടാണ് ഇന്നെനിക്ക് ഒരു വൈദികനാകാൻ സാധിച്ചത്” – ഫാ. മാത്യു പറയുന്നു. മാത്രമല്ല, എല്ലാ ദിവസവും ഇടവക ദൈവാലയത്തിൽ വിശുദ്ധ കുർബാനയിൽ ഇവർ പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് ഇടവക വികാരിയച്ചനുമായി പരിചയപ്പെടുന്നത്. പൗരോഹിത്യത്തിന്റെ നല്ല മാതൃക അദ്ദേഹം നൽകി.

ഒൻപതു വയസ്സുള്ളപ്പോൾ തന്നെ പൗരോഹിത്യത്തിലേക്ക് ദൈവവിളി ലഭിക്കുന്നത് മാത്യു തിരിച്ചറിഞ്ഞു. എന്നാൽ, അദ്ദേഹമത് രഹസ്യമായി മനസ്സിൽ സൂക്ഷിച്ചു. ഹൈസ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഈ ചിന്ത മനസ്സിൽ തോന്നുമ്പോഴൊക്കെ തനിക്ക് അതിനുള്ള യോഗ്യതയുണ്ടോ എന്ന ചിന്തയും അദ്ദേഹത്തെ അലട്ടി. എങ്കിലും അദ്ദേഹം സെമിനാരിയിൽ പ്രവേശിച്ചു. ന്യൂയോർക്കിലെ യോങ്കേഴ്‌സിലെ സെന്റ് ജോസഫ് സെമിനാരിയിൽ പഠനം പൂർത്തിയാക്കിയ മാത്യു ആ വർഷം കോളേജ് സെമിനാരിയിൽ പ്രവേശിച്ചു. 2011 -ൽ മാഡ്രിഡിൽ നടന്ന ലോക യുവജനദിനത്തിലേക്കുള്ള തീർത്ഥാടനവേളയിൽ തന്റെ സഹോദരിയും സന്യാസിനിയാകുവാൻ തീരുമാനിച്ച വിവരം അദ്ദേഹം അറിഞ്ഞു. അങ്ങനെ ആ കുടുംബത്തിലെ രണ്ടു മക്കളും ദൈവവിളി സ്വീകരിച്ച് കർത്താവിന്റെ മുന്തിരിത്തോട്ടത്തിൽ വേല ചെയ്യുന്നവരായി.

“കർത്താവ് ഇന്നും യുവജനങ്ങളെ വിളിക്കുന്നുണ്ട്. എന്നാൽ, ആ വിളി ഇന്ന് പലരും കേൾക്കുന്നില്ല” – ഫാ. മാത്യു പറയുന്നു.

സി. സൗമ്യ മുട്ടപ്പിള്ളില്‍ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.