സഹായാഭ്യർത്ഥനയുമായി വിദ്യാർത്ഥി; മറുപടി നൽകി രാഷ്‌ട്രപതി: ചെല്ലാനം ഉറ്റുനോക്കുന്നു പ്രതീക്ഷയിലേയ്ക്ക്

മരിയ ജോസ്

“മറുപടി കിട്ടുമ്പോൾ തങ്ങൾ ജീവനോടെ ഉണ്ടാകുമോ എന്നറിയില്ല.” എഡ്ഗർ എന്ന പത്താം ക്ലാസുകാരന്റെ ഇ-മെയിൽ സന്ദേശം രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിനെ തേടിയെത്തുമ്പോൾ അവൻ ഉൾപ്പെടുന്ന ചെല്ലാനത്തെ തീരദേശവാസികൾ അപകടത്തിന്റെ വക്കിലായിരുന്നു. സഹായത്തിനായി ഓടിച്ചെല്ലാൻ ഒരിടമില്ല. സംരക്ഷണം നൽകുവാൻ ആരുമില്ല. ചെല്ലാനത്തിന്റെ നാളുകളായുള്ള കണ്ണുനീരിന്റെ ആകെത്തുകയായിരുന്നു രാഷ്ട്രപതിക്ക് എത്തിയ ആ ഈ മെയിൽ സന്ദേശം. ഒരുപക്ഷേ, അവസാന പ്രതീക്ഷയെന്നോണം അയച്ച ആ സന്ദേശം അദ്ദേഹത്തെയും വേദനയിലാഴ്ത്തിയിരിക്കണം. വൈകാതെ തന്നെ രാഷ്ട്രപതിയുടെ മറുപടിയും എത്തി. ചെല്ലാനത്തിന്റെ ദുരിതങ്ങൾ രാഷ്ട്രപതിയുടെ പക്കലെത്തിച്ച എഡ്ഗർ സെബാസ്റ്റ്യൻ എന്ന പത്താം ക്ലാസുകാരനെ അറിയാം…

ചെല്ലാനം – മാറിമാറി വരുന്ന സർക്കാരുകളുടെ പൊള്ളവാക്കുകളിൽ പെട്ട് വലയുന്നവരാണ് ചെല്ലാനത്തെ തീരദേശ ജനത. കടൽ കയറ്റവും മാറിമാറി വരുന്ന കടലാക്രമണവും മൂലം സ്വസ്ഥമായുള്ള ഉറക്കം പോലും നഷ്ട്ടപ്പെട്ട ചെല്ലാനംകാർ സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. നിലനിൽപ്പിനായി ഇവർ നടത്തുന്ന സമരങ്ങളും പ്രതിഷേധങ്ങളും, സർക്കാരുകൾ കണ്ട ഭാവം പോലുമില്ല. വോട്ടു ചോദിച്ചെത്തുന്ന രാഷ്ട്രീയക്കാരുടെ മധുരവാഗ്ദാനങ്ങൾ വെള്ളത്തിൽ വരച്ച വര പോലെ ആയപ്പോൾ സഹായത്തിനായി എവിടേയ്ക്കു പോകണമെന്നറിയാതെ ചെല്ലാനംകാർ വലഞ്ഞു. ഈ ദുരിതങ്ങൾക്കു നടുവിലാണ് എഡ്ഗർ ജനിച്ചതും വളർന്നതും. ചെല്ലാനത്തെ കടൽഭിത്തി തകർന്നുകിടക്കുന്ന പതിമൂന്നാം വാർഡിൽ ജിൻസൺ – ലൈസ ദമ്പതികളുടെ മകനാണ് എഡ്ഗർ.

തീരത്തോട് ചേർന്നാണ് എഡ്‌ഗറിന്റെ വീട്. വർഷത്തിൽ രണ്ടു തവണയെങ്കിലും കടൽകയറ്റം മൂലം വീടുവിട്ടു മാറിനിൽക്കേണ്ടി വരും. തിരികെവരുമ്പോൾ വീട് മുഴുവനും ചെളി ആയിരിക്കും. കോവിഡ് ആയതോടെ ജീവിതം കൂടുതൽ ദുരിതത്തിലായി. മത്സ്യത്തൊഴിലാളിയായ അച്ഛന് ജോലിക്കു പോകാൻ കഴിയില്ല. അതിനിടയിൽ കടൽ കയറി എഡ്‌ഗറിന്റെ പുസ്തകങ്ങളും മറ്റും നശിച്ചു. വീടുവിട്ടു മാറിനിൽക്കുന്നതിനാൽ ഓൺലൈൻ ക്ലാസിലും പങ്കെടുക്കാൻ കഴിഞ്ഞില്ല. സാധാരണ കടൽ കയറുമ്പോൾ എഡ്ഗർ പഠിക്കുന്ന സെന്റ് മേരീസ് സ്‌കൂളിലാണ് അഭയം തേടുന്നത്. എന്നാൽ ഈ പ്രാവശ്യം അവിടെ വെള്ളം കയറി. ഇത്‌ ഒരാളുടെ അവസ്ഥയല്ല. വർഷങ്ങളായി ചെല്ലാനം നിവാസികൾ നേരിടുന്ന പ്രശ്നമാണ്. ഇതിനൊരു പരിഹാരമുണ്ടാകണമെങ്കിൽ കടൽഭിത്തിയും പുലിമുട്ടും നിർമ്മിക്കണം. അതിനായുള്ള സമരങ്ങളിലാണ് ഇവർ എങ്കിലും നാളിതുവരെ വാഗ്ദാനങ്ങൾ മാത്രമായി അവശേഷിക്കുകയാണ്.

തന്റെ നാടിന്റെ ദുരിതം അവസാനിക്കാനുള്ള വഴി തേടിപ്പോകാൻ ഇനി ഇടങ്ങളില്ല എന്ന് മനസിലാക്കിയ ഈ പതിനാലുകാരൻ തന്റെ മനസ്സിൽ തെളിഞ്ഞ അവസാന അവസരം ഉപയോഗപ്പെടുത്തുവാൻ തീരുമാനിച്ചു. രാഷ്ട്രപതിക്ക് കത്തെഴുതുക! തന്റെ നാട്ടിൽ പോസ്റ്റ് ഓഫീസ് ഇല്ലാത്തതിനാൽ ഇ – മെയിൽ അയയ്ക്കുകയായിരുന്നു. അങ്ങനെയാണ് ചെല്ലാനത്തിന്റെ രോദനം രാഷ്ട്രപതിയുടെ പക്കലെത്തുന്നത്. അവസാന കച്ചിത്തുരുമ്പായ കടൽഭിത്തിയും പുലിമുട്ടും, രാഷ്‌ട്രപതി ഇടപെട്ടു നിർമ്മിച്ചു നൽകണം എന്ന ആവശ്യത്തോടെയാണ് കത്ത് അവസാനിക്കുന്നത്.

എന്തുതന്നെയായാലും ഈ പത്താം ക്ലാസുകാരന്റെ കത്തിന് മറുപടി നൽകിയിരിക്കുകയാണ് രാഷ്‌ട്രപതി. ചെല്ലാനം നിവാസികളുടെ പ്രശ്നത്തിന് പരിഹാരം കാണുവാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുവാനും വിഷയം തുടർപരിശോധനയ്ക്കു വിധേയമാക്കുവാനും കേരളാ ഗവർണറുടെ ഓഫീസിന് നിർദേശം നൽകിയിരിക്കുകയാണ് രാഷ്‌ട്രപതി.

ചെല്ലാനം സെന്റ് മേരീസ് ഹൈസ്‌കൂളിൽ പത്താം ക്ലാസ് വിദ്യാത്ഥിയാണ് എഡ്ഗർ. ചെല്ലാനത്തെ സംരക്ഷിക്കുന്നതിനായി നടത്തിയ നിരവധി ക്യാമ്പയിനുകളുടെ ഭാഗമായി മാറിയിട്ടുണ്ട് ഈ പതിനാലുകാരൻ. ദുരിതങ്ങളിൽ വലയുന്ന ചെല്ലാനത്തെ നോക്കി നിസ്സഹായതയോടെ ഇരിക്കാതെ തന്നെക്കൊണ്ട് ആകുന്ന വിധത്തിൽ പ്രവർത്തിക്കാൻ ശ്രമിച്ച ഈ കൗമാരക്കാരൻ ഇന്ന് ചെല്ലാനത്തിന്റെ അഭിമാനമായി മാറുകയാണ്.

മരിയ ജോസ്

1 COMMENT

Leave a Reply to AnonymousCancel reply