ഉത്തരീയത്തിന്റെ ശക്തിയാൽ മരണത്തിൽ നിന്ന് രക്ഷപെട്ട വൈദികൻ – ഒരു സാക്ഷ്യം 

  ഉത്തരീയത്തിന് വലിയ ഒരു സംരക്ഷണശക്‌തിയുണ്ട് എന്ന് തലമുറകളായി ക്രൈസ്തവർ വിശ്വസിച്ചു പോരുന്നതാണ്. ഈ ഒരു കാരണത്താൽ തന്നെ മുതിർന്ന തലമുറയുടെ ശരീരത്തിൽ ഒരു സംരക്ഷണകവചമായി ഉത്തരീയം ഉണ്ടായിരുന്നു. ഉത്തരീയത്തിന്റെ ശക്തിയാൽ മരണത്തിൽ നിന്നും രക്ഷപെട്ട ഒരു വൈദികന്റെ അനുഭവം ചുവടെ ചേർക്കുന്നു…

  ഉത്തരീയത്തിന്റെ ശക്തിയാൽ വൈദികൻ രക്ഷപെട്ട സംഭവം വിവരിച്ചിരിക്കുന്നത് ‘ഗാർമെൻറ് ഓഫ് ഗ്രെയ്‌സ്’ എന്ന പുസ്തകത്തിലാണ്. ഈ അനുഭവം വിവരിക്കുന്നത് ഇങ്ങനെ: ‘ഒരിക്കൽ ഒരു ഫ്രഞ്ച് വൈദികൻ തീർത്ഥാടനത്തിനായി എത്തി. രാത്രിയിൽ ഒരു വാടകമുറിയിൽ ചിലവഴിച്ച അദ്ദേഹം രാവിലെ ഒരുങ്ങി അടുത്തുള്ള ദേവാലയത്തിലേയ്ക്ക് വിശുദ്ധ കുർബാന അര്‍പ്പിക്കുവാനായി പോവുകയാണ്. നടന്ന് കുറച്ചധികം ആയപ്പോഴാണ് അദ്ദേഹം, താൻ പതിവായി ധരിക്കാറുള്ള ഉത്തരീയം ധരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധിക്കുന്നത്. സാരമില്ല പോട്ടെ, എന്നു കരുതി മുന്നോട്ടുപോകുവാൻ ശ്രമിച്ചുവെങ്കിലും വല്ലാത്ത ഒരു അസ്വസ്ഥത അദ്ദേഹത്തിന്റെ മനസിനെ ബാധിച്ചു.

  പരിശുദ്ധ അമ്മയോടുള്ള ബഹുമാനാർത്ഥം താൻ ധരിക്കുന്ന ഒന്നാണ് ആ ഉത്തരീയം . അതില്ലാതെ താനെങ്ങനെ വിശുദ്ധ കുർബാന അർപ്പിക്കും. ആദ്ദേഹം പിന്നെ ഒന്നും ചിന്തിച്ചില്ല. തിരികെ റൂമിലേയ്ക്ക് നടന്നു. ഉത്തരീയം എടുത്തു ധരിച്ച് തിരികെ പള്ളിയില്‍ എത്തി. അപ്പോൾ സമയം അൽപം വൈകിയിരുന്നു. വേഗം തന്നെ വിശുദ്ധ കുർബാന ആരംഭിച്ചു.

  പിന്നീട് അവിടെ  ഉണ്ടായിരുന്നവർ സാക്ഷ്യം വഹിച്ചത് അത്ഭുതകരമായ കാര്യങ്ങൾക്കായിരുന്നു. കുർബാനയിൽ ഈശോയുടെ തീരുശരീര-രക്തങ്ങൾ ഉയർത്തുന്ന സമയം. പെട്ടന്ന് വിശ്വാസികളുടെ ഇടയിൽ നിന്ന് ഒരാൾ തോക്കും ചൂണ്ടി മുന്നിലേയ്ക്ക് കയറിവന്നു. അയാൾ അൾത്താരയിലേയ്ക്ക് കയറി വൈദികനു നേരെ വെടിയുതിർത്തു. വിശ്വാസികൾ പലരും ഭയവിഹ്വലരായി കണ്ണുകൾ പൊത്തി. എന്നാൽ വെടിയൊച്ച കേട്ടിട്ടും വൈദികൻ കുർബാന തുടരുന്നത് കേട്ട് അവർ അത്ഭുതത്തോടെ കണ്ണുകൾ തുറന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ.

  അക്രമിക്ക് ലക്ഷ്യം തെറ്റിയതാണെന്ന നിഗമനത്തിൽ അവർ വൈദികനിൽ നടത്തിയ പരിശോധനയിൽ ആ ബുള്ളറ്റ് അദ്ദേഹം ധരിച്ചിരുന്ന ഉത്തരീയത്തിൽ തങ്ങിനിൽക്കുന്നതായി കണ്ടെത്തി. വൈദികന്റെ ശരീരത്തിലേയ്ക്ക് കടക്കാതെ ബുള്ളറ്റ് തടഞ്ഞുനിർത്തിയ ആ ഉത്തരീയത്തിന്റെ സംരക്ഷണശക്തിയിൽ ധാരാളം ആളുകൾ വിശ്വസിച്ചു.

  ഈ പുസ്തകത്തിൽ വൈദികന്റെ പേരും സ്ഥലവും രേഖപ്പെടുത്തിയിട്ടില്ലായെങ്കിലും ധാരാളം ആളുകൾ ഈ സംഭവം വിശ്വസിക്കുന്നു. ഒപ്പംതന്നെ ഉത്തരീയത്തിന്റെ സംരക്ഷണശക്തി വെളിപ്പെടുത്തുന്ന ധാരാളം സംഭവങ്ങളുടെ കൂട്ടത്തിൽ ഇതും ചേർക്കപ്പെടുന്നു.

  വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.