ഈശോയുടെ പരിശുദ്ധ നാമത്തിന്റെ ശക്തി: അറിയേണ്ട പത്ത് കാര്യങ്ങൾ

ജനുവരി മാസം ഈശോയുടെ പരിശുദ്ധ നാമത്തെ പ്രത്യേകമായി അനുസ്മരിക്കുന്ന മാസമാണല്ലോ. എങ്ങനെയാണ് ഈശോയുടെ പരിശുദ്ധ നാമത്തിന് ഇത്രമാത്രം ശക്തി എന്ന് നാം ചിന്തിച്ചിട്ടുണ്ടാവാം. അതിനായി അറിയേണ്ട പത്ത് കാര്യങ്ങൾ ഇതാ…

1. ‘ഈശോ’ എന്ന നാമം സ്വർഗ്ഗം നിശ്ചയിച്ച നാമമാണ്

‘കർത്താവ് വിളിക്കുന്ന ഒരു പുതിയ പേരിൽ നീ അറിയപ്പെടും’ എന്ന് ഏശയ്യാ പ്രവാചകനിലൂടെ ദൈവം വെളിപ്പെടുത്തി. ഗബ്രിയേൽ ദൂതൻ പരിശുദ്ധ അമ്മയോട്, പിറക്കാൻ പോകുന്ന ശിശുവിന് ‘ഈശോ’ എന്ന് പേരിടണമെന്ന് ആവശ്യപ്പെടുന്നു. ഈശോ എന്നത് കർത്താവായ ദൈവം സ്വർഗ്ഗത്തിൽ നിന്ന് നിശ്ചയിച്ച നാമമാണെന്ന് ഈ വചനത്തിൽ നിന്നും വ്യക്തമാണ്. അതുകൊണ്ടു തന്നെ ഈ നാമത്തിന്റെ ശക്തി ദൈവവചനത്തിന്റെ ശക്തിയാണ്.

2. ‘ഈശോ’ എന്ന നാമം വി. യൗസേപ്പിതാവ് വിളിച്ച നാമം

മറ്റൊരർത്ഥത്തിൽ ഈശോയ്ക്ക് പേരിട്ടത് വളർത്തുപിതാവായ വി. യൗസേപ്പാണ്. ഗബ്രിയേൽ ദൂതന്റെ നിർദ്ദേശം സ്വീകരിച്ചുകൊണ്ട് അദ്ദേഹം ശിശുവിന് ‘ഈശോ’ എന്നു പേരിട്ടു. കാരണം അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽ നിന്ന് രക്ഷിക്കും.

3. ഈശോയ്ക്ക് ‘ഇമ്മാനുവേൽ’ എന്നും പേരുണ്ട്

നൂറ്റാണ്ടുകളായി ആളുകളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒന്നാണ് വി. മത്തായി സുവിശേഷത്തിലെ ഈ വാക്യം, “കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ‘ഇമ്മാനുവേൽ’ എന്നു വിളിക്കപ്പെടും എന്ന് പ്രവാചകൻ മുഖാന്തരം കർത്താവ് അരുളിച്ചെയ്തത് നിവൃത്തിയാകാനാണ് ഇത് സംഭവിച്ചത്.”

പിന്നെ എന്തിനാണ് അവന് ഈശോ എന്ന് പേരിട്ടത്? ‘ഈശോ’ എന്നാൽ ‘രക്ഷ’ എന്നതിനാൽ, ‘ഇമ്മാനുവൽ’ ഈ രക്ഷയുടെ കാരണത്തെ പ്രതിനിധീകരിക്കുന്നു. അത് ദൈവപുത്രനിലെ ദൈവികവും മാനുഷീകവുമായ സ്വഭാവങ്ങളുടെ ഐക്യമാണ് എന്ന് വി. തോമസ് അക്വീനാസ് വിശദീകരിക്കുന്നു.

ഏശയ്യാ 9:6 -ൽ പറയുന്നു: “ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ് എന്ന് അവൻ വിളിക്കപ്പെടും” – ഈശോ എന്ന നാമത്തിന്റെ ഫലങ്ങളെക്കുറിച്ചാണ് ഈ വചനത്തിൽ പറയുന്നത്.

4. ‘ഈശോ’ എന്നത് ഒരു പുതിയ നാമമാണ്

ഏശയ്യാ 62:2 -ൽ പറയുന്നുണ്ട്, ഈശോ എന്ന നാമം ഒരു പുതിയ നാമമാണെന്ന്. എന്നാൽ ഈശോ എന്ന പേര് പുതിയതല്ല. യേശുവിനു മുമ്പും ശേഷവും പലപ്പോഴും ‘ജോഷ്വ’ എന്ന പേര് ഉപയോഗിച്ചിട്ടുണ്ട്. ആ ജോഷ്വകളെല്ലാം ഒരു പ്രത്യേകവും താൽക്കാലികവുമായ അർത്ഥത്തിൽ രക്ഷകരായിരുന്നു. എന്നാൽ ആത്മീയവും സാർവത്രികവുമായ രക്ഷയുടെ അർത്ഥത്തിൽ, ഈ പേര് ക്രിസ്തുവിന് അനുയോജ്യമാണ്. അതിനാൽ അതിനെ ഒരു ‘പുതിയ’ പേര് എന്നു വിളിക്കുന്നു – വി. തോമസ് അക്വീനാസ് വിശദീകരിക്കുന്നു.

‘ഹവ്വാ’ എന്നാൽ ‘ജീവിച്ചിരിക്കുന്ന എല്ലാവരുടെയും അമ്മ’ എന്ന് അർത്ഥം വരുന്നതു പോലെ, ‘അബ്രഹാം’ എന്നാൽ ‘പല ജാതികളുടെ പിതാവ്’, ‘പത്രോസ്’ എന്നാൽ ‘പാറ’, ‘ഈശോ’ എന്നാൽ ‘കർത്താവ്, രക്ഷകൻ’ എന്നാണ് അർത്ഥം.

5. ‘ഈശോ’ എന്ന നാമം വിശുദ്ധമാണ്

യഹൂദന്മാർക്ക് പേരുകളുടെ പവിത്രതയോട് വലിയ ബഹുമാനമുണ്ട് – പ്രത്യേകിച്ച് ദൈവത്തിന്റെ. ദൈവനാമം ഉച്ചരിക്കാൻ പോലും അവരെ നിയമം അനുവദിച്ചിരുന്നില്ല. ‘അങ്ങയുടെ നാമം പൂജിതമാകണമേ’ എന്ന് പിതാവിനോട് പ്രാർത്ഥിക്കാൻ പഠിപ്പിച്ചുകൊണ്ട് ഈശോ ഈ പാരമ്പര്യം നമുക്ക് കൈമാറി. ഈശോ ത്രീത്വത്തിലെ രണ്ടാമത്തെ വ്യക്തിയായതിനാൽ, അവന്റെ നാമവും വിശുദ്ധമാണ്. വി. പൗലോസ് പറയുന്നു: “യേശുവിന്റെ നാമത്തിൽ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കടിയിലുമുള്ള എല്ലാ മുട്ടുകളും മടങ്ങും.” ഈശോ എന്ന നാമം സർവരുടെ മേലും അധികാരമുള്ള നാമമാണ്.

6. ‘ഈശോ’ കുരിശിൽ വിജയം വരിച്ച നാമം

വി. ജോൺപോൾ രണ്ടാമൻ ഈശോ എന്ന നാമം രക്ഷയുടെ നാമമായി തെളിഞ്ഞത് എങ്ങനെയെന്ന് വ്യക്തമാക്കുന്നുണ്ട്. ഈശോ എന്ന പേര് അവന്റെ മരണശിക്ഷയുടെ ന്യായീകരണമായി കുരിശിൽ എഴുതിയിരിക്കുന്നു – ‘യഹൂദന്മാരുടെ രാജാവായ ഈശോ.’ അവൻ ലോകത്തെ രക്ഷിച്ചപ്പോൾ, അവന്റെ പേര് അവനെ രക്ഷകനായി പ്രഖ്യാപിച്ചു.

7. ‘ഈശോ’ എന്നത് സൗഖ്യത്തിന്റെ നാമം

സുന്ദരകവാടത്തിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന മുടന്തനോട് വി. പത്രോസ് പറയുന്നുണ്ട്, “വെള്ളിയോ, സ്വർണ്ണമോ എന്റെ കയ്യിലില്ല. കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ എഴുന്നേറ്റു നടക്കുക.” ഈ ഒരു വാചകത്തിൽ ആ മുടന്തൻ സുഖം പ്രാപിക്കുകയാണ്. ‘ഈശോ’ എന്ന നാമം സൗഖ്യത്തിന്റെ നാമമാണ്.

8. ‘ഈശോ’ എന്ന നാമത്തിനു വേണ്ടിയുള്ള സഹനം ദൈവികമാണ്

സഭയുടെ ചരിത്രത്തിൽ ആദ്യമായി, അപ്പോസ്തോലന്മാർ തടവിലാക്കപ്പെട്ടപ്പോൾ അവർ സന്തോഷിക്കുകയും ഈശോ എന്ന നാമത്തിന്റെ പേരിൽ അപമാനം സഹിക്കാൻ യോഗ്യരായി കണക്കാക്കപ്പെട്ടതിൽ സന്തോഷിക്കുകയുമാണ് ചെയ്‌തത്. ഈശോ എന്ന നാമത്തിനു വേണ്ടി ഏറ്റെടുക്കുന്ന സഹനങ്ങൾ ധാരാളം കൃപകൾ നമ്മിലേക്ക് വർഷിക്കും.

9. ‘ഈശോ’ എന്ന നാമം വിജയം നൽകുന്ന നാമമാണ്

സഭയുടെ ചരിത്രത്തിലുടനീളം, വിശുദ്ധന്മാർക്ക് യേശുവിന്റെ നാമത്തോട് വലിയ ഭക്തി ഉണ്ടായിരുന്നതായി കാണാം. പതിനഞ്ചാം നൂറ്റാണ്ടിൽ, സിയന്നയിലെ വി. ബെർണാഡിൻ തന്റെ ദൗത്യങ്ങളിൽ ‘ഈശോ’ എന്ന പേരുള്ള ഒരു വലിയ ബാനർ വഹിക്കുമായിരുന്നു. കൂടാതെ, ഈശോ എന്ന നാമത്തെക്കുറിച്ചുള്ള വിശുദ്ധയുടെ ഗ്രന്ഥം ആ നാമത്തിന്റെ ആത്മീയതയെ കൂടുതൽ ആഴത്തിൽ പരിശോധിക്കാൻ സഭയെ പ്രചോദിപ്പിച്ചു.

10. ‘ഈശോ’ എന്ന നാമം തിന്മയിൽ നിന്നും രക്ഷിക്കുന്നു

1600 -കളിൽ നോർത്തേൺ ന്യൂയോർക്കിൽ അൽഗോൺക്വിൻ ഇന്ത്യക്കാരെ സേവിച്ച വി. ഐസക് ജോഗസിന്, ഈശോ എന്ന നാമത്തോട് വലിയ ഭക്തി ഉണ്ടായിരുന്നു. “എത്ര പ്രാവശ്യം ഒസെർനെനോണിലെ മരങ്ങളിൽ ഞാൻ യേശുവിന്റെ ഏറ്റവും പവിത്രമായ നാമം കൊത്തിവച്ചിട്ടുണ്ടെന്ന് എനിക്കറിയില്ല. അതു കണ്ടിട്ട് പിശാചുക്കൾ ഭയന്നു വിറക്കും” – അദ്ദേഹം പറയുന്നു.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.