വിശ്വാസികളുടെ സാന്നിധ്യമില്ലാതെ മാർപ്പാപ്പയുടെ ക്രിസ്മസ് ‘ഉർബി എത്ത് ഓർബി’ ആശീർവാദം  

ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള മാർപാപ്പായുടെ ‘ഉർബി എത്ത് ഓർബി’ ആശീർവാദം വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ആയിരിക്കും നടത്തപ്പെടുന്നത്. ഇറ്റലിയിൽ കോവിഡ് രണ്ടാം ഘട്ടം അതിരൂക്ഷമായതിനാലും പുതിയ നിയന്ത്രണങ്ങൾ ഉള്ളതിനാലും ആണിത്. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് അറിയിച്ചതാണ് ഇക്കാര്യം.

ക്രിസ്തുമസ് ദിനമായ ഡിസംബർ 25 -ന്, ഫ്രാൻസിസ് മാർപാപ്പ ക്രിസ്തുമസ് സന്ദേശം നൽകുകയും ഉർബി എത്ത് ഓർബി ആശീർവാദം നൽകുകയും ചെയ്യും. സാധാരണയായി വത്തിക്കാൻ ബസിലിക്കയുടെ മുൻഭാഗത്തെ ബാൽക്കണിയിൽ നിന്നായിരുന്നു നൽകിയിരുന്നത്. എന്നാൽ, ഇത്തവണ ഈസ്റ്ററിന് നൽകിയ അതെ രീതിയിൽ വിശ്വാസികളുടെ സാന്നിധ്യമില്ലാതെ ഹാളിൽ വെച്ചായിരിക്കും നൽകുന്നത്.

ക്രിസ്തുമസിനെ തുടർന്നുള്ള ദിവസങ്ങളിൽ സെന്റ് പീറ്റേഴ്സ് സ്ക്വയർ അടയ്ക്കുമോ അതോ സ്ക്വയറിൽ സ്ഥാപിച്ചിരിക്കുന്ന സ്ക്രീനുകളിലൂടെ പരിശുദ്ധ പിതാവിന്റെ പ്രാർത്ഥന തത്സമയം പ്രക്ഷേപണം ചെയ്യുമോ എന്ന് ഇതുവരെ അറിവായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.