പ്രാര്‍ത്ഥനയുടെ ശത്രുക്കള്‍ എന്തൊക്കെയെന്ന് വിവരിച്ച് മാര്‍പാപ്പ

കത്തോലിക്കാ സഭയുടെ മതബോധനത്തില്‍ പ്രാര്‍ത്ഥനയുടെ അനേകം ശത്രുക്കളെക്കുറിച്ച് വിവരിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ. അതില്‍ മനുഷ്യന്റെ ജീവിതാനുഭവം കൊണ്ട് ഉരുത്തിരിയുന്ന വിഷമവും നിരാശയും ആകുലതയും കൊണ്ട് ദൈവത്തിന്റെ അമൂല്യസമ്മാനമായ പ്രാര്‍ത്ഥനാജീവിതത്തിന് കോട്ടം സംഭവിക്കാമെന്നും പാപ്പാ പറഞ്ഞു.

“പ്രാര്‍ത്ഥന യഥാര്‍ത്ഥത്തില്‍ ദൈവത്തിങ്കല്‍ എത്തുന്നുണ്ടോയെന്ന് ചിലര്‍ സംശയിച്ചേക്കാം. ദൈവം എന്തുകൊണ്ട് നിശബ്ദനായിരിക്കുന്നു എന്ന് മറ്റുചിലര്‍. ദൈവത്തിന്റെ ഒളിച്ചുകളിയെ സംശയിക്കുന്ന ചിലര്‍ പ്രാര്‍ത്ഥന എന്നത് മാനസികമായ ഒരു പ്രതിവിധി മാത്രമാണെന്ന് വിശ്വസിക്കുന്നു. മാനസികാരോഗ്യത്തിന് ഉപകാരപ്രദമാണെങ്കിലും സത്യമോ അത്യാവശ്യമോ ഉള്ള ഒന്നായി പ്രാര്‍ത്ഥനയെ കണക്കാക്കാത്തവരാണ് ചിലര്‍. വിശ്വാസമില്ലെങ്കിലും പ്രഹസനമെന്നവണ്ണം പ്രാര്‍ത്ഥനയെ കൈകാര്യം ചെയ്യാനാണ് ചിലരുടെ ശ്രമം” – പാപ്പാ പറഞ്ഞു.

ഇക്കാരണങ്ങളാല്‍ പ്രാര്‍ത്ഥനയുടെ ഏറ്റവും വലിയ ശത്രുക്കള്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയുടെ ഉള്ളില്‍ തന്നെയാണെന്നും നമ്മുടെ ഓരോരുത്തരുടേയും പ്രാര്‍ത്ഥനകളെ തടസപ്പെടുത്തുന്ന ആ ശത്രുവിനെ തിരിച്ചറിഞ്ഞ് നമ്മുടെ ജീവിതത്തില്‍ നിന്ന് അകറ്റാന്‍ ശ്രമിക്കണമെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.