സഭയിൽ ദൈവവിളികൾ നൽകുന്ന ദൈവത്തിനു നന്ദി പറഞ്ഞ് ഫ്രാൻസിസ് പാപ്പാ

ഈസ്റ്ററിന്റെ നാലാം ഞായറാഴ്ചയായ ഇന്നലെ കത്തോലിക്കാ സഭ ദൈവവിളിക്കായുള്ള ലോക പ്രാർത്ഥന ദിനമായി ആചരിച്ചു. ‘വി. യൗസേപ്പിതാവ്: ദൈവവിളിയുടെ സ്വപ്നം’ എന്ന ആശയത്തിലാണ് ഈ വർഷം ലോക ദൈവവിളിദിനം ആചരിച്ചത്. പൗരോഹിത്യത്തിലേക്കും സമർപ്പിത ജീവിതത്തിലേക്കുമുള്ള വിളി സഭയുടെ വളർച്ചയുടെ പാതയിൽ വലിയ പങ്കുവഹിക്കുന്നു. സുവിശേഷം പ്രഘോഷിക്കുന്നതിനായി സഭയിൽ ദൈവവിളികൾ അനുവദിക്കുന്ന ദൈവത്തോട് ഫ്രാൻസിസ് പാപ്പാ പ്രത്യേകം നന്ദി പറഞ്ഞു.

“കർത്താവിനോടുള്ള സ്നേഹം നിമിത്തം സുവിശേഷ പ്രഖ്യാപനത്തിനും സഹോദരരുടെ സേവനത്തിനുമായി സ്വയം സമർപ്പിക്കുവാൻ ഇപ്പോഴും സഭയിൽ ധാരാളം ദൈവവിളികൾ ഉണ്ടാകുന്നതിനാൽ നമുക്ക് ദൈവത്തോട് നന്ദി പറയാം. വി. ജോസഫ് ദൈവവിളി സ്വീകരിച്ചവർക്ക് മാതൃകയാണ്. അദ്ദേഹം മനുഷ്യാവസ്ഥയോട് വളരെ അടുപ്പമുള്ളവനായിരുന്നുകൊണ്ട് സാധാരണ ജീവിതത്തിലൂടെ ദൈവ സന്നിധിയിൽ അസാധാരണമായ ജീവിതം നയിച്ചു. മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചുകൊണ്ട് ദൈവത്തിന്റെ പദ്ധതികൾ സ്വീകരിക്കുന്നതിൽ മാതൃക കാണിച്ച വിശുദ്ധൻ ദൈവ വിളി സ്വീകരിച്ചവർക്കുള്ള വലിയ മാതൃകയാണ്. അവിടുത്തെ വിളിക്ക് ഉറപ്പോടെ ഉത്തരം നൽകുവാൻ യുവജനങ്ങളെ യൗസേപ്പിതാവ് സഹായിക്കട്ടെ.” -പാപ്പാ പറഞ്ഞു.

ദൈവവിളിക്കായുള്ള പ്രാർത്ഥനാ ദിവസം തന്നെ റോം രൂപതയിലെ ഒൻപത് നവ വൈദിക അഭിഷേകത്തിനു മുഖ്യകാർമികത്വം വഹിച്ച പരിശുദ്ധ പിതാവ് അവരുടെ ദൈവവിളിക്കായും ദൈവത്തിനു നന്ദി പറഞ്ഞു. ദൈവത്തിന്റെ വിളനിലത്തിലേക്ക് വേലക്കാരെ അയയ്ക്കുവാനും സമർപ്പിത ജീവിതത്തിലേക്ക് കൂടുതൽ വിളികളുണ്ടാകുവാനുമായി പ്രത്യേകം പ്രാർത്ഥിക്കണമെന്നും പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.