അഗ്നിപർവ്വത സ്ഫോടനത്തിനു ഇരയായവരെ ആശ്വസിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

സെന്റ് വിൻസെന്റ് ദ്വീപിൽ ഉണ്ടായ ലാ സൗഫ്രിഏർ അഗ്നിപർവ്വത സ്‌ഫോടനത്തിൽ 20000 -ത്തിലധികം ജനങ്ങൾ പലായനം ചെയ്ത സാഹചര്യത്തിൽ ദുരിത ബാധിതരെ ആശ്വസിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. ഏപ്രിൽ 23 -ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ വഴി പാപ്പാ കരീബിയൻ ദ്വീപ സമൂഹത്തിനു ടെലഗ്രാം സന്ദേശമയച്ചു.

“ലാ സൗഫ്രിയർ അഗ്നിപർവ്വത സ്‌ഫോടനത്തിൽ ദുരിത ബാധിതരായവർക്ക് പ്രാർത്ഥനയും ആത്മീയ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. സ്വന്തം ഭവനങ്ങൾ ഉപേക്ഷിച്ച് അഭയാർത്ഥികളായ എല്ലാവർക്കും ഹൃദയംഗമമായ ഐക്യദാർഢ്യവും പ്രകടിപ്പിക്കുന്നു. അടിയന്തിര സഹായങ്ങൾ ചെയ്യുന്ന ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കുമായി പ്രത്യേകം പ്രാർത്ഥിക്കുന്നു. സെന്റ് വിൻസെന്റ്, ഗ്രാനെ‌യ്‌ഡൻസ് നിവാസികളെ സർവ്വശക്തനായ ദൈവത്തിന്റെ സ്നേഹത്തിനു പ്രത്യേകമാം വിധം വിട്ടുകൊടുക്കുന്നു” -പാപ്പാ എഴുതി.

അഗ്നിപർവ്വത സ്ഫോടനനത്തിന്റെ ഫലമായി ദ്വീപസമൂഹം ഗുരുതരമായ പ്രതിസന്ധിയുടെ വക്കിലാണ്. സാമ്പത്തിക പ്രതിസന്ധിക്കും ഭക്ഷ്യ പ്രതിസന്ധിക്കും കാരണമായ ഈ ദുരന്തം ജനങ്ങളെ വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. ഏപ്രിൽ പത്തിനാണ് അഗ്നി പർവ്വതം പൊട്ടിത്തെറിച്ചത്. ഇതിന്റെ ഫലമായി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ജലവിതരണവും വൈദ്യുതി വിതരണവും ദിവസങ്ങളോളം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.