ഈശോയുടെ കരുണയുടെ ഉറവിടത്തിലേയ്ക്ക് മടങ്ങാം: മാര്‍പാപ്പ

1931 ഫെബ്രുവരി 22-ാം തീയതി വി. ഫൗസ്റ്റീനാ കോവാല്‍സ്‌ക്കയ്ക്ക് കരുണയുടെ യേശു ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ തൊണ്ണൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്ലാക്ക് രൂപതാ മെത്രാന്‍ പിയോറ്റര്‍ ലിബറയ്ക്ക് അയച്ച സന്ദേശത്തിലാണ് ഈശോയുടെ കരുണയുടെ ഉറവിടത്തിലേയ്ക്ക് മടങ്ങാമെന്ന് പാപ്പാ സൂചിപ്പിച്ചത്. വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട ആഘോഷങ്ങളില്‍ ആത്മീയമായി സംബന്ധിച്ചവരെ അഭിസംബോധന ചെയ്ത പാപ്പാ, ദിവ്യകാരുണ്യ സങ്കേതത്തില്‍ നടക്കുന്ന ആഘോഷത്തില്‍ മാധ്യമങ്ങളിലൂടെ പങ്കെടുക്കുന്നവരോടൊപ്പം താനും പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നുവെന്നും വെളിപ്പെടുത്തി.

“നീ കാണുന്ന ഈ ചിത്രത്തെ, യേശുവേ, ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു എന്ന അടികുറിപ്പോടെ വരയ്ക്കുക. ഈ ചിത്രം ആദ്യം നിങ്ങളുടെ കപ്പേളയിലും പിന്നെ ലോകമെമ്പാടും ആരാധിക്കപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” (ഡയറി 47) എന്ന് വി. ഫൗസ്റ്റിനാ അന്ന് ശ്രവിച്ച ഈശോയുടെ വാക്കുകള്‍ താന്‍ ഇപ്പോള്‍ അനുസ്മരിക്കുന്നുവെന്നും ഈ പ്രത്യേക ആഘോഷം ഇതിനോടകം ലോകത്തില്‍ അറിയപ്പെട്ടു കഴിഞ്ഞുവെന്നും എല്ലാ വിശ്വാസികളുടെയും ഹൃദയങ്ങളില്‍ സജീവമായി നിലനില്‍ക്കുന്നുവെന്നതും തന്റെ സന്ദേശത്തില്‍ പാപ്പാ സൂചിപ്പിച്ചു.

ഈ വാര്‍ഷികത്തോടനുബന്ധിച്ച് വി.  ഫൗസ്തീനാ തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയ യേശുവിന്റെ മറ്റു വചനങ്ങളെയും ഓര്‍മ്മിക്കാന്‍ താന്‍ ആഗ്രഹിക്കുന്നു എന്ന് രേഖപ്പെടുത്തിയ പാപ്പാ, “എന്റെ കാരുണ്യത്തിന്റെ ഉറവിടത്തിലേയ്ക്ക് തിരിയുന്നതുവരെ മനുഷകുലത്തിനു സമാധാനം അറിയാന്‍ കഴിയുകയില്ല” (ഡയറി 699) എന്ന ഈശോയുടെ മന്ത്രണങ്ങളെ അനുസ്മരിക്കുകയും ഈ ഉറവിടത്തിലേയ്ക്ക് തിരിയാന്‍ പ്രോത്സാഹിപ്പിക്കുന്നു എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

“ക്രിസ്തുവിനോട് കരുണയുടെ കൃപ യാചിക്കാം. അത് നമ്മെ ഗ്രസിക്കുകയും നമ്മില്‍ വ്യാപിക്കുകയും ചെയ്യട്ടെ. കൂദാശകളില്‍ യേശുവിന്റെ സ്‌നേഹവും കരുണയും അനുഭവിക്കുകയും അവനിലേയ്ക്ക് മടങ്ങിവരാനുള്ള ധൈര്യം നമുക്ക് സിദ്ധിക്കുകയും ചെയ്യട്ടെ. നമുക്ക് യേശുവിന്റെ സാമീപ്യവും ആര്‍ദ്രതയും അനുഭവിക്കാനും അങ്ങനെ കരുണ, ക്ഷമ, സഹനശീലം സ്‌നേഹം എന്നിവയ്ക്ക് നാം കൂടുതല്‍ പ്രാപ്തരാകപ്പെടുവാനും ഇടയാക്കും” – പാപ്പാ വിശദീകരിച്ചു.

കരുണയുടെ അപ്പോസ്തലനായ വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ യേശുവിന്റെ കരുണയുടെ സ്‌നേഹത്തിന്റെ സന്ദേശം ഭൂമിയിലെ എല്ലാ ജനങ്ങളിലേയ്ക്കും എത്തിച്ചേരണമെന്ന് ആഗ്രഹിച്ചു എന്ന് തന്റെ സന്ദേശത്തില്‍ രേഖപ്പെടുത്തിയ പാപ്പാ, ‘കരുണയുടെ അഗ്‌നി ലോകത്തിലേയ്ക്ക് കൈമാറപ്പെടണം’ എന്നതിനെ അദ്ദേഹം പ്രോത്സാഹിപ്പിച്ചുവെന്നും ‘ദൈവകരുണയില്‍ ലോകം സമാധാനം കണ്ടെത്തുകയും മനുഷ്യന്‍ സന്തോഷം കണ്ടെത്തുകയും ചെയ്യും’ എന്ന ജോണ്‍പോള്‍ രണ്ടാമന്റെ പ്രബോധനത്തെയും അനുസ്മരിച്ചു.

ഈശോയുടെ ഈ വെളിപ്പെടുത്തല്‍ പ്ലാക്ക് രൂപതയ്ക്കും കരുണയുടെ മാതാവിന്റെ സന്യാസിനീ സഭയ്ക്കും മദ്ധ്യ പോളണ്ടില്‍ സ്ഥിതി ചെയ്യുന്ന പ്ലാക്ക് നഗരത്തിനും നമുക്കേരോരുത്തര്‍ക്കും ഒരു പ്രത്യേക വെല്ലുവിളിയാണെന്നും പാപ്പാ ഓര്‍മ്മിപ്പിച്ചു. ‘കരുണയുടെ യേശുവിന്റെ അഗ്നി ലോകത്തിനു നല്‍കുക. എല്ലാവര്‍ക്കും നിങ്ങളുടെ മദ്ധ്യേയുള്ള അവിടുത്തെ സാന്നിധ്യത്തിന്റെ അടയാളമായിരിക്കുക’ എന്ന് പാപ്പാ ആശംസിച്ചു. കരുണയുടെ യേശു വി. ഫൗസ്റ്റീനയ്ക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടതിന്റെ തൊണ്ണൂറാം വാര്‍ഷികം ആഘോഷിക്കുന്ന പ്ലാക്ക് രൂപതയ്ക്കും ആഘോഷങ്ങള്‍ക്കും മെത്രാനും തന്റെ അപ്പോസ്തലിക ആശിര്‍വാദം നല്‍കികൊണ്ട് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.