ജര്‍മ്മനിയിലെ ഹനാവുവിലുണ്ടായ വെടിവയ്പ്: അഗാധ ദുഃഖം രേഖപ്പെടുത്തി മാര്‍പാപ്പ

ജര്‍മ്മനിയിലെ ഹനാവുവിലുണ്ടായ വെടിവയ്പില്‍ ഫ്രാന്‍സിസ് പാപ്പാ അഗാധമായ ദുഃഖം രേഖപ്പെടുത്തി. 9 പേരാണ് വെടിവയ്പില്‍ കൊല്ലപ്പെട്ടത്. 43-കാരനായ ഒരു ജര്‍മ്മന്‍കാരനാണ് വെടിവയ്പു നടത്തിയത്. കടുത്ത വലതുപക്ഷ വിശ്വാസിയായ ഒരു വ്യക്തിയാണ് അക്രമി എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വിവിധ സ്ഥലങ്ങളില്‍ ഒന്നിനു പിറകേ ഒന്നായി അയാള്‍ വെടിവയ്പു നടത്തി.

മധ്യ ഹനാവുവിലെ ഒരു ഹൂക്കാ ബാറിലാണ് അക്രമി ആദ്യം വെടിവച്ചത്. അതിനുശേഷം തൊട്ടടുത്തുള്ള ഒരു കഫേയില്‍ അയാള്‍ ആക്രമണം നടത്തി. പിന്നീട് ഒരു കാറും തുടര്‍ന്ന് ഒരു സ്‌പോര്‍ട്‌സ് ബാറും അയാള്‍ ആക്രമിച്ചു.

ഹനാവുവില്‍ നടന്ന കടുത്ത ആക്രമണത്തിലും നിരപരാധികളുടെ മരണത്തിലും ഫ്രാന്‍സിസ് പാപ്പാ ഞെട്ടല്‍ രേഖപ്പെടുത്തി എന്ന് പാപ്പായ്ക്കുവേണ്ടി കര്‍ദ്ദിനാള്‍ പരോളിന്‍ ബിഷപ്പ് മൈക്കള്‍ ജെര്‍ബറിന് അയച്ച സന്ദേശത്തില്‍ പറഞ്ഞു. മരിച്ചവരുടെ ബന്ധുക്കളോട് തന്റെ പ്രാര്‍ത്ഥനയും ആത്മീയസ്വാധീനവും അറിയിക്കണമെന്ന് പാപ്പാ പ്രത്യേകം പറഞ്ഞതായും അദ്ദേഹം പറഞ്ഞു.

തന്റെ വേദന പാപ്പാ ജര്‍മ്മന്‍ ഭാഷയില്‍ കുറിച്ച ട്വിറ്റര്‍ സന്ദേശത്തിലൂടെയും അറിയിച്ചു. പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശം ഇപ്രകാരമായിരുന്നു:

“ഹനൗവില്‍ നിരപരാധികളുടെ ജീവനെടുത്ത ആക്രമണത്തെക്കുറിച്ചുള്ള വിവരം എന്നെ ഞെട്ടിച്ചു. ഈ മരണവിയോഗദുഃഖം അനുഭവിക്കുന്നവരുടെ ചാരെ ഞാനുണ്ട്. അവര്‍ക്ക് സമാശ്വാസവും ആത്മധൈര്യവും ലഭിക്കുന്നതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുകയും മരണമടഞ്ഞവരെ ദൈവികകാരുണ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നു.”