നവവൈദികനു മുന്നില്‍ തലകുനിച്ച് ആശീര്‍വാദം സ്വീകരിച്ച് മാര്‍പാപ്പ: ചിത്രം വൈറല്‍

2013-ല്‍ കത്തോലിക്കാ സഭയുടെ അധിപനായി ചുമതലയേറ്റ കാലം മുതല്‍ ഇന്നും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ എളിമയ്ക്കും ഹൃദയവിശാലതയ്ക്കും നിരവധി ഉദാഹരണങ്ങള്‍ സഭയും ലോകവും കണ്ടുകഴിഞ്ഞു. നിങ്ങളില്‍ ഏറ്റവും വലിയവന്‍ എല്ലാവരുടെയും ദാസനായിരിക്കണം എന്ന ഈശോയുടെ ആഹ്വാനം അനുസരിക്കുന്ന പാപ്പായെ നിരവധി അവസരങ്ങളില്‍ നാം കണ്ടിട്ടുണ്ട്. അതിന് മറ്റൊരു ഉദാഹരണമാണ് പാപ്പായുടേതായി പ്രചരിക്കുന്ന ഒരു ചിത്രത്തില്‍ നിന്ന് ലഭിക്കുന്നത്.

അടുത്ത നാളില്‍ പൗരോഹിത്യം സ്വീകരിച്ച യുവ നവവൈദികനില്‍ നിന്ന് ആശീര്‍വ്വാദം സ്വീകരിക്കുന്ന മാര്‍പാപ്പയുടെ ചിത്രമാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാകുന്നത്. ആ യുവ വൈദികനു മുന്നില്‍ ശിരസ്സ് കുനിച്ചാണ് ലോകത്തിന്റെ വലിയ ഇടയന്‍ ആശീര്‍വ്വാദം ഏറ്റുവാങ്ങുന്നതെന്നത് മറ്റൊരു ശ്രദ്ധേയമായ വസ്തുത.

വലിയ ഇടയനെന്ന നിലയില്‍ പാപ്പയുടെ ഈ പ്രവര്‍ത്തി ഏറെ ഹൃദയസ്പര്‍ശിയാണെന്നും അനേകര്‍ക്ക് പ്രചോദനമേകുന്നതാണെന്നും മിക്കവരും നവമാധ്യമങ്ങളില്‍ കുറിച്ചു. പാപ്പയ്ക്ക് ആശീര്‍വ്വാദം നല്കിയ വൈദികന്റെ പേരോ മറ്റ് വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല.