മാഫിയ സംഘം കൊലപ്പെടുത്തിയ ജഡ്ജിയുടെ രക്തസാക്ഷിത്വം അംഗീകരിച്ച്‌ പാപ്പാ

മുപ്പത് വർഷം മുമ്പ് സിസിലിയിലെ ഒരു കോടതിയിൽ ജോലി ചെയ്യുന്നതിനിടെ മാഫിയ വധിച്ച ജഡ്ജി റൊസാരിയോ ഏഞ്ചലോ ലിവാറ്റിനോയുടെ രക്തസാക്ഷിത്വം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചു. ഡിസംബർ 22 -ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

റൊസാരിയോ ഏഞ്ചലോ ലിവാറ്റിനോ 1952 ഒക്ടോബർ 3 -ന് ഇറ്റാലിയൻ പ്രവിശ്യയായ അഗ്രിഗെന്റോയിലെ കാനിക്കാട്ടിയിൽ ജനിച്ചു. പിതാവിന്റെ അതേ ജോലി പിന്തുടരാൻ തീരുമാനിച്ച അദ്ദേഹം പലേർമോയിൽ നിയമശാസ്ത്രം പഠിച്ചു. 22-ാം വയസ്സിൽ മികച്ച ഗ്രേഡോടെ നിയമപഠനം പൂർത്തിയാക്കി. “ഇന്ന് ഞാൻ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് മുതൽ ഞാൻ മജിസ്ട്രേട്ട് ആയി ജോലി ചെയ്യുന്നു. ദൈവം എന്നോടൊപ്പമുണ്ടായിരിക്കട്ടെ. ഞാൻ എടുത്ത ശപഥത്തെ മാനിക്കാനും എന്റെ മാതാപിതാക്കൾ പഠിപ്പിച്ച കാര്യങ്ങൾക്ക് അനുസൃതമായി പെരുമാറാനും ദൈവം എന്നെ സഹായിക്കട്ടെ” – അദ്ദേഹം ഒരു ജഡ്ജിയായി പ്രവർത്തിക്കാൻ തുടങ്ങിയപ്പോൾ തന്റെ ഡയറിയിൽ ഇങ്ങനെ  എഴുതി.

1989 ഓഗസ്റ്റ് 21 -ന് അഗ്രിജന്റോ കോടതിയുടെ പ്രിവൻഷൻ സെക്ഷന്റെ ജഡ്ജിയായി അദ്ദേഹത്തെ നിയമിച്ചു. ആ സ്ഥാനത്ത്, ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മാഫിയയിലെ അംഗങ്ങളുടെ ചുമതല അദ്ദേഹത്തിനായിരുന്നു. 1990 സെപ്റ്റംബർ 21 -ന് കാർ ഓടിക്കുന്നതിനിടെ നാല് പേർ അദ്ദേഹത്തെ തടഞ്ഞു. വെടിവെയ്ക്കുന്നതിനിടെ അദ്ദേഹം കാറിൽ നിന്നിറങ്ങി ഓടാൻ ശ്രമിച്ചു. ഓടി മൽഹെറിഡോ റോഡിന്റെ അരികിലെത്തിയപ്പോൾ അവർ അദ്ദേഹത്തെ കൊലപ്പെടുത്തി. അദ്ദേഹത്തെ കൊന്നയാൾ ഗെയ്‌റ്റാനോ പുസ്സംഗാരോ എന്നയാൾ ആയിരുന്നു.

ലിവാറ്റിനോയുടെ മരണശേഷം, കുറിപ്പുകൾ നിറഞ്ഞ ഒരു ബൈബിൾ അദ്ദേഹത്തിന്റെ മേശപ്പുറത്ത് കണ്ടെത്തി. അദ്ദേഹം എപ്പോഴും ഒരു കുരിശു രൂപം അവിടെ സൂക്ഷിച്ചിരുന്നു. “ഈ ജോലിയെല്ലാം ഞങ്ങൾ ദൈവത്തിന്റെ കരുണയുള്ള സ്നേഹത്തെ ഏൽപ്പിക്കുന്നു,” ലിവാറ്റിനോ എല്ലായ്പ്പോഴും പറയുമായിരുന്നു. അദ്ദേഹത്തിന്റെ മൃതദേഹത്തിന് അടുത്തായി കണ്ടെത്തിയ നോട്ട്ബുക്കിൽ ലാറ്റിൻ ഭാഷയിൽ എഴുതിയ ഒരു വാക്യം ഇപ്രകാരമാണ്: “അണ്ടർ ദി ഗോഡ്”

ദൈവവുമായുള്ള ഐക്യം, മനുഷ്യസേവനം, പ്രാർത്ഥനയും പ്രവർത്തനവും, ധ്യാനാത്മക നിശബ്ദത, വീരോചിതമായ ധൈര്യം എന്നിവ അടിസ്ഥാനമാക്കിയുള്ള ഒരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.