‘മഴയൊരുക്കം’ എന്ന മനോഹര കവിത സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

ഈ വർഷവും പ്രളയമെന്ന ഭീതിയിലാണ് കേരളം. കരുതലിന്റെ ഒരു കൈക്കുടയായി സാമൂഹികപ്രതിബദ്ധത വിളിച്ചറിയിച്ചുകൊണ്ട് ‘മഴയൊരുക്കം’ എന്ന മനോഹരമായ ഒരു കവിത ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ചലച്ചിത്രരംഗത്ത് സജീവസാന്നിധ്യമായി മാറിക്കൊണ്ട് മൂല്യാധിഷ്ഠിതമായ സന്ദേശങ്ങൾ സമൂഹത്തിന് പകർന്നുകൊണ്ടിരിക്കുന്ന സി. ജിയ എം.എസ്.ജെ. ആണ് ഈ കവിത രചിച്ചിരിക്കുന്നത്. കഴിഞ്ഞ പ്രളയത്തിന്റെ ഓർമ്മകളിൽ ഒന്നുകൂടി മനസ്സുടക്കി ഒരു പിന്തിരിഞ്ഞു നോട്ടവും, ഈ മഴക്കാലം മറ്റൊരു പ്രളയദുരിതം ഭൂമിക്ക് സമ്മാനിക്കാതിരിക്കട്ടെ എന്ന ആശംസയുമായിട്ടാണ് കവിത അവസാനിക്കുന്നത്.

നമ്മളാൽ കഴിയുംവിധം തയ്യാറെടുപ്പുകൾ നടത്തി ഒരു പ്രളയത്തെക്കൂടി നേരിടാൻ സുശക്തരാകുക എന്ന വലിയ സന്ദേശവും വരികളിൽ നിറഞ്ഞുനിൽക്കുന്നു. തോടും തൊടിയും പുഴകളും കുളങ്ങളും വൃത്തിയാക്കി ഒരുങ്ങിനിൽക്കാനും മനസ്സ് പതറാതെ നല്ല നാളേയ്ക്കായി കാത്തിരിക്കാനുമുള്ള വലിയൊരു ആഹ്വാനം വളരെ ലളിതമായ ഭാഷയിൽ കേരളജനതയ്ക്ക് നൽകുകയാണ് തന്റെ കവിതയിലൂടെ സി. ജിയാ.

ഇരുപതു വർഷത്തോളമായി സംഗീതാധ്യാപകനും സംഗീതസംവിധായകനും, പ്രശസ്ത സംഗീതസംവിധായകരായ ചിദംബരനാഥ്, രവീന്ദ്രൻ മാസ്റ്റർ, ജോൺസൺ മാസ്റ്റർ, വിദ്യാധരൻ മാസ്റ്റർ, മോഹൻ സിതാര, രാജാമണി, നടേശ് ശങ്കർ തുടങ്ങിയവരോടൊപ്പം റെക്കോർഡിങ്ങുകളിൽ തബലിസ്റ്റും തൃപ്രയാർ ‘താനം’ നൃത്ത-സംഗീതവിദ്യാലയത്തിന്റെ ഉടമയുമായ ശ്രീ. ദിനേശ് തൃപ്രയാർആണ് ‘മഴയൊരുക്കം’ എന്ന ഈ കവിതയ്ക്ക് മനോഹരമായ ഈണം നൽകിയിരിക്കുന്നത്.

സംഗീതപാരമ്പര്യമുള്ള കുടുംബത്തിലെ അംഗം കൂടിയായ ശ്രീ. ദിനേശ് തൃപ്രയാർ, പ്രശസ്ത സംഗീതസംവിധായകനായ ശ്രീ. വിദ്യാധരൻ മാസ്റ്ററുടെ സഹോദരനാണ്. സി. ജിയ ഒരുക്കുന്ന ‘അമ്മ’ എന്ന പുതിയ കവിതയ്ക്കും ഇദ്ദേഹമാണ് ഈണം പകരുന്നത്. നിരവധി ക്രിസ്ത്യൻ ഭക്തിഗാനങ്ങൾക്ക് ഈണം നൽകിയ മറ്റൊരു സംഗീതസംവിധായകനായ ശ്രീ. തോമസ് പൈനാടത്ത് ഓർക്കസ്ട്രഷൻ നൽകി കവിതയെ മനോഹരമാക്കിയിരിക്കുന്നു. തൃശ്ശൂരിന്റെ കൊച്ചുവാനമ്പാടി എന്ന് അറിയപ്പെടുന്ന ആൽബം സിംഗര്‍ ആൾഡ്രിയ സാബു ആണ് കവിത ആലപിച്ചിരിക്കുന്നത്.

തനിക്ക് ദൈവം ദാനമായി നൽകിയ കലാപരമായ കഴിവുകളെ സോഷ്യൽ മീഡിയയിലൂടെ സമൂഹത്തിന്റെ നന്മയ്ക്കായി വിനിയോഗിക്കുന്നതിൽ സിസ്റ്റർ ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. ഇതിനോടകം നിരവധി ഷോർട്ട് ഫിലിമുകളും സംഗീത ആൽബങ്ങളും കവിതകളും കഥകളും കഥാസമാഹാരങ്ങളും സഭയ്ക്കും സമൂഹത്തിനും സിസ്റ്റർ കാഴ്ചവച്ചു കഴിഞ്ഞു. ‘എന്റെ വെള്ളിത്തൂവൽ’ എന്ന രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഫീച്ചർ ഫിലിമിന്റെ കഥയും തിരക്കഥയും എഴുതി അതിന്റെ സംവിധാനവും നിർവ്വഹിച്ചുകൊണ്ടാണ് സി. ജിയ മീഡിയ മിഷൻ രംഗത്തെ തന്റെ സാന്നിധ്യം അറിയിച്ച് സജീവമാകുന്നത്. സിസ്റ്റർ ഇപ്പോൾ കോതമംഗലത്ത് എം.എസ്.ജെ സന്യാസിനീസമൂഹത്തിന്റെ ജനറലേറ്റിൽ സഭയുടെ മീഡിയ മിഷൻ ഡയറക്ടർ ആയി സേവനമനുഷ്ടിക്കുന്നു.

തന്റെ കഴിവുകളെ കണ്ടെത്തി സുവിശേഷവേലയ്ക്കും സമൂഹനന്മയ്ക്കും വേണ്ടി വിനിയോഗിക്കാൻ സാഹിത്യസൃഷ്ടികളിലൂടെയും മീഡിയാ വഴിയായും മുന്നേറുവാൻ സന്യാസിനീ സമൂഹവും അധികാരികളും നൽകുന്ന പ്രോത്സാഹനവും വളരെ വലുതാണെന്നത് സിസ്റ്റർ നന്ദിയോടെ അനുസ്മരിക്കുന്നു.

പാലക്കാട് ജില്ലയിലെ ഇരുമ്പകച്ചോലയിൽ, കോമ്പേരിൽ ജോയി – എൽസി ദമ്പതികളുടെ പത്തു മക്കളിൽ നാലാമതായി ജനിച്ചു. ഇന്നത്തെ അണുകുടുംബങ്ങൾക്കു മുമ്പിൽ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് പത്തു മക്കൾക്ക് ജന്മം നൽകി വളർത്തിയ പ്രിയപ്പെട്ട മാതാപിതാക്കളുടെ നന്മനിറഞ്ഞ ജീവിതവും അവരിൽ നിന്ന് ഉൾക്കൊണ്ട മൂല്യങ്ങളും തന്നെയാണ് തന്റെ സന്യാസജീവിതത്തിന്റെയും കലാജീവിതത്തിന്റെയും പ്രചോദനമെന്ന് അഭിമാനത്തോടെ സിസ്റ്റർ പറയുന്നു. കൂടാതെ, തന്റെ സാഹിത്യസൃഷ്ടികളിൽ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ കുഞ്ഞുനാളിലേ തന്നെ സ്വകുടുംബത്തിൽ നിന്നും താൻ പഠിച്ച സിസ്റ്റേഴ്സിന്റെ സ്കൂളുകളിൽ നിന്നും നേടിയതെന്നും സിസ്റ്റർ സന്തോഷത്തോടെ അനുസ്മരിക്കുന്നു. സി. ജിയയുടെ സംഗീത ആൽബങ്ങളും ഷോർട്ട് ഫിലിമുകളും ‘Good News Media’ എന്ന തന്റെ യൂ ട്യൂബ് ചാനൽ വഴി ആളുകളിലേയ്ക്ക് എത്തിക്കഴിഞ്ഞു.

മിഷൻ ലീഗ് KCYM സംഘനയിലൂടെ ബാല്യത്തിൽ തന്നെ കലാപരമായ കഴിവുകളെ കണ്ടെത്തി വളർത്തിയെടുത്തു എന്നതു മാത്രമല്ല, തന്റെ കുടുംബം മുഴുവൻ ഒരു കലാകുടുംബമാണെന്നതിനാൽ തന്നെ കലാസാഹിത്യവേദികളിൽ നിറഞ്ഞ സാന്നിധ്യമാകുവാൻ ചെറുപ്പം മുതലേ കഴിഞ്ഞിരുന്നുവെന്നതും സിസ്റ്റർ നന്ദിയോടെ ഓർക്കുന്നു.

സിസ്റ്റർ ജിയയുടെ രണ്ട് സഹോദരിമാർ കൂടി സന്യാസിനികളാണ് – സി. ജീവന MSJ, സി. ജീവസ് CMC.

2 COMMENTS

  1. As an MSJ sister & friend I am very proud of you& Thank God for your skills & gifts which is used abundantly for humanity & “Mother Earth”
    God Bless.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.