കയ്യാല കെട്ടുന്ന തങ്കച്ചൻ ചേട്ടൻ കവിത എഴുതിയപ്പോൾ  

കയ്യാല കെട്ടലാണ് തങ്കച്ചൻ ചേട്ടന്റെ തൊഴിൽ. നാലാം ക്ലാസ്‌ വരയേ പഠിച്ചിട്ടുള്ളൂ. പക്ഷേ, എന്തെങ്കിലുമൊക്കെ സങ്കടം വരുമ്പോൾ പാട്ടുകൾ എഴുതും. അങ്ങനെ എഴുതിയ പാട്ടുകൾ ഈയിടെ സംഗീതസംവിധായകൻ സിബിച്ചൻ ഇരിട്ടിയെ കാണിച്ചു. അദ്ദേഹവും സൈജു തുരുത്തിയച്ചനും ചേർന്ന് അതിലൊരു പാട്ട് ഈ ക്രിസ്തുമസിന് പുറത്തിറക്കാൻ തീരുമാനിച്ചു. യമുനാ മാത്യുവിന്റെ ആലാപനം. അപൂർവ്വവും ആനന്ദകരവുമായ ഈ സംഭവത്തിന്റെ വഴിത്താരയിലൂടെ നമുക്കും നടക്കാം…

തങ്കച്ചൻ ചേട്ടനെ ഞാൻ പരിചയപ്പെടുന്നത്‌ പള്ളിക്കത്തോട്‌ ആത്മ റിട്രീറ്റ്‌ സെന്ററിൽ വച്ചാണ്. അവിടുത്തെ കയ്യാലകൾ വയ്ക്കാൻ വന്ന ആളാണ് തങ്കച്ചൻ ചേട്ടൻ. ആത്മ ഡയറക്റ്റർ സൈജു തുരുത്തിയിലച്ചൻ എന്നെ പരിചയപ്പെടുത്തിയപ്പോൾ തങ്കച്ചൻ ചേട്ടൻ അച്ചനോടു പറഞ്ഞു: “കുറച്ച്‌ പാട്ടുകൾ ഞാനെഴുതിയിട്ടുണ്ട്‌; കൊണ്ടുവരട്ടെ?” കൊണ്ടുവരാൻ അച്ചൻ പറഞ്ഞു.

പിറ്റേ ദിവസം രാവിലെ കുർബാന കഴിഞ്ഞ്‌ ആശ്രമത്തിന്റെ ഔഷധത്തോട്ടത്തിലൂടെ തങ്കച്ചൻ ചേട്ടൻ പണിയുന്ന സ്ഥലത്തേക്ക് ഞാൻ ചെന്നു. വലിയ കയ്യാലയാണ് കെട്ടുന്നത്‌. എന്നെ കണ്ട്‌ ചേട്ടൻ ഒരു ബുക്ക്‌ എടുത്ത്‌ കയ്യിൽ തന്നു; എന്നിട്ട്‌ പറഞ്ഞു: “ഞാൻ കുറച്ച്‌ പാട്ടുകൾ എഴുതിയിട്ടുണ്ട്. ഒന്ന് നോക്കാമോ?”

ഞാൻ ആ ബുക്കിന്റെ താളുകൾ മറിച്ചു. പാട്ടുകൾ മാത്രമായിരുന്നില്ല അതിലുണ്ടായിരുന്നത്. നാണയത്തുട്ട്‌ താളിന്റെ അടിയിൽ വച്ച്‌ പെൻസിൽ കൊണ്ട്‌ ഉരച്ച നാണയത്തിന്റെ പടം, കുട്ടികൾ ഹോം വർക്ക്‌ ചെയ്ത കുറച്ച്‌ താളുകൾ, കടയിൽ നിന്നും സാധനങ്ങൾ വാങ്ങിച്ചതിന്റെ കണക്ക്‌… അങ്ങനെ പലതുണ്ടായിരുന്നു അതിൽ. വീണ്ടും താളുകൾ മറിച്ചു ചെന്നപ്പോൾ എട്ടു പത്തു പാട്ടുകൾ!

ഞാൻ ആ വരികളിലൂടെ കണ്ണോടിക്കുമ്പോൾ തങ്കച്ചൻ ചേട്ടൻ പറഞ്ഞു തുടങ്ങി: “ഞാൻ നാലാം ക്ലാസ്‌ വരയേ പഠിച്ചിട്ടുള്ളൂ. ഭാഷ ഒന്നും അത്ര നല്ലതല്ല. എന്തെങ്കിലുമൊക്കെ സങ്കടം വരുമ്പോൾ എഴുതുന്നതാ.”

അപ്പോൾ ഞാൻ പറഞ്ഞു. “തങ്കൻ ചേട്ടാ, ഇതത്ര മോശം എഴുത്തൊന്നുമല്ല; മനോഹരമായിരിക്കുന്നു. ഇതിൽ കാൽവരിയുടെ ഒരു പാട്ടും ക്രിസ്‌തുമസിന്റെ ഒരു പാട്ടും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ബാക്കിയെല്ലാം നല്ലതാണ് എന്നാലും ഈ രണ്ട് പാട്ടുകൾ കൂടുതൽ നല്ല പാട്ടുകളാണ്.”

ഒന്നു നിർത്തിയിട്ടു ഞാൻ തുടർന്നു. “എപ്പോഴെങ്കിലും ഞാൻ നോക്കാം. തിരക്ക് പിടിക്കരുത്. പണ്ടത്തെപ്പോലെ സിഡിയും കാസറ്റും ഒന്നും ഇപ്പോൾ ഇറക്കാത്തതു കൊണ്ട് പത്തും പന്ത്രണ്ടും പാട്ട് ചെയ്യാറില്ല. എന്തെങ്കിലും അവസരം വരുമ്പോൾ അപ്പോൾ ഞാൻ ട്യൂൺ ചെയ്ത് ചേട്ടന് ഒന്ന് അയച്ചുതരാം. സൈജു അച്ചന്റെ അടുത്ത് ഈ രണ്ടു പാട്ട് ഒന്ന് എഴുതിക്കൊടുക്ക്.”

ഞാൻ തങ്കൻ ചേട്ടനെ ഒന്ന് സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞ് അവിടുന്ന് ആശ്രമത്തിലേക്കു പോന്നു. സൈജു അച്ചൻ ഈ രണ്ട് പാട്ടുകൾ കണ്ടപ്പോൾ എന്നോട് പറഞ്ഞു. “നമുക്ക് ഈ ക്രിസ്‌തുമസിന് തന്നെ ചേട്ടന്റെ പാട്ട് ഒന്ന് ചെയ്താലോ?”

ഞാനപ്പോൾ മനസ്സിലോർത്തു, ഈ ക്രിസ്‌തുമസിന് അച്ചനും ഒരു ക്രിസ്തുമസ് ഗാനം എഴുതിയിരുന്നു. പക്ഷേ, ഇറക്കാനുള്ള  സാമ്പത്തിക കുറവു കൊണ്ട് വേണ്ടെന്നു വച്ചതാണ്. അപ്പോൾ അച്ചൻ ഈ പാട്ട് എങ്ങനെ ഇറക്കും?

കഴിഞ്ഞ ദിവസം കോട്ടയത്ത് ബെന്നി ജോൺസന്റെ സ്റ്റുഡിയോയിൽ യമുനാ മാത്യു ഈ ഗാനം മനോഹരമായി ആലപിച്ചു. ഓർക്കസ്ട്രേഷൻ വർക്കുകൾ നടക്കുന്നു. പ്രശസ്തരായ ഗിറ്റാറിസ്റ്റ് സുമേഷ് പരമേശ്വര്‍, ഫ്ലൂട്ട്‌ റിസൺ എന്നിവർ ഈ പാട്ടിന്റെ കൂടെയുണ്ട്. ഈ ഗാനം The Truth എന്ന യൂട്യൂബ് ചാനലിൽ നിങ്ങൾക്ക് ആസ്വദിക്കാം.

Please be tuned on
https://youtube.com/channel/UC4PZZwaieOrOJoVBfD_hElg

എന്റെ പാട്ട്, എന്റെ സംഗീതം, എന്റെ രചന, എന്റെ ആലാപനം… അങ്ങനെ സെൽഫിയുടെ ഈ കാലഘട്ടത്തിൽ സ്വന്തമായി ഒരു പാട്ട് ഇറക്കണം എന്ന് വിചാരിച്ചിട്ട് അത് വേണ്ടെന്നു വച്ച് ഇങ്ങനെയൊരാളെ കൈപിടിച്ചുയർത്തുന്ന സൈജു അച്ചനെപ്പോലെയുള്ള ആത്മീയവ്യക്തിത്വങ്ങൾ ഇപ്പോഴും പലർക്കും ഒരു അത്താണിയും ആശ്വാസവുമാണ് ഒപ്പം പ്രതീക്ഷയും.

സിബിച്ചൻ ഇരിട്ടി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.