1346 -ലെ പ്ലേഗും 2019 -ലെ കൊറോണയും: ഒരു പഠനം 

ഡോ. ജോയ് ഫ്രാൻസിസ്

ആമുഖം

പതിനാലാം നൂറ്റാണ്ടിന്റെ മധ്യദശകങ്ങളില്‍ ആഗോളവ്യാപകമായി നാശം വിതച്ച പകര്‍ച്ചവ്യാധിയായിരുന്നു പ്ലേഗ്. വ്യാപനത്തിന്റെ വേഗതയിലും ജീവഹാനിയുടെ വൈപുല്യത്തിലും ലോകചരിത്രത്തിലെ ഏറ്റവും ഭീകരവും ദാരുണവും സമാനതകളില്ലാത്തതുമായ മഹാമാരിയായിരുന്നു പ്ലേഗ്. ‘ബ്ലാക്ക് ഡെത്ത്’ എന്ന ബീഭത്സമായ വിളിപ്പേര് വാച്യാര്‍ത്ഥത്തിലും വ്യംഗ്യാര്‍ത്ഥത്തിലും ചേര്‍ച്ചയുള്ളതാണ്. മാനവചരിത്രത്തിലെ കറുത്ത അദ്ധ്യായം എന്നു വിശേഷിപ്പിക്കാവുന്ന ഈ മഹാമാരിയും തുടക്കം കുറിച്ചത് ചൈനയില്‍ തന്നെ. കാറ്റു പിടിച്ച കാട്ടുതീ പോലെ ചൈനാ വന്‍കരയില്‍ നിന്ന് വാണിജ്യപാതകള്‍ (Trade Routes) വഴി മെഡിറ്ററേനിയന്‍ രാജ്യങ്ങള്‍ കടന്ന് ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും പ്ലേഗ് പടര്‍ന്നുപിടിച്ചു. ‘കറുത്ത മരണ’ത്തിന്റെ അതിദ്രുത വ്യാപനശേഷിക്കും സംഹാരശക്തിക്കും മുമ്പില്‍ ഇതികര്‍ത്തവ്യതാമൂഢരായി നില്‍ക്കാനേ ലോകരാജ്യങ്ങള്‍ക്കായുള്ളൂ. വേദനകള്‍ അതികഠിനവും മരണം അതിദാരുണവുമായിരുന്നു. രോഗലക്ഷണങ്ങള്‍ തുടങ്ങിയാല്‍ മൂന്നു-നാലു ദിവസങ്ങള്‍ കൊണ്ട് മരണത്തിനു കീഴ്‌പ്പെടേണ്ടി വരിക എന്നതായിരുന്നു രോഗബാധയുടെ സാധാരണ നാള്‍വഴി.

ത്വക്കിലൂടെ ലസികാഗ്രന്ഥികളെ (Lymph Nodes) ബാധിക്കുന്ന പ്ലേഗ് ബ്യൂബോണിക് പ്ലേഗ് (Bubonic Plague) എന്നാണ് അറിയപ്പെടുന്നത്. കറുത്തു കരിവാളിച്ചും പഴുത്തൊലിച്ചും ശരീരത്തിലുണ്ടാകുന്ന ഭയാനകവും വേദനാജനകവുമായ വ്രണങ്ങളാണ് ഇത്തരത്തിലുള്ള രോഗബാധക്ക് ‘കറുത്ത മരണം’  അഥവാ ‘ബ്ലാക്ക് ഡെത്ത്’ എന്ന ഉചിതമായ നാമം ചാര്‍ത്തിക്കൊടുക്കാനിടയായത്. ശ്വാസകോശങ്ങളെ ബാധിക്കുന്നത് ന്യുമോണിക് പ്ലേഗ് (Pneumonic Plague). രക്തത്തിലൂടെ വ്യാപിച്ച് രോഗബാധ ശരീരമൊട്ടാകെ ബാധിക്കുന്നത് സെപ്റ്റിസീമിക് പ്ലേഗ് (Septicemic Plague). രോഗാവസ്ഥയുടെ തുടക്കത്തിന്റെയും രോഗവ്യാപനത്തിന്റെയും മരണകാരണങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ തരംതിരിവുകള്‍. ‘അന്ത്യ’ത്തില്‍ അടിയനും തമ്പ്രാനും സമാസമം. ‘മന്നവനാട്ടെ, യാചകനാട്ടെ… വന്നിടുമൊടുവില്‍ വന്‍ചിത നടുവില്‍…’ പഴയ ഒരു സിനിമാഗാനം എത്ര സത്യം.

കരിങ്കടല്‍ (Black Sea) കടന്ന് മെസ്സിന എന്ന സിസിലിയന്‍ തുറമുഖത്ത് അടുത്ത 12 കപ്പലുകള്‍ക്ക് സമീപത്തെത്തിയ തുറമുഖ തൊഴിലാളികള്‍ക്ക് കാണാനായത് അതിഭീകരമായ കാഴ്ചയാണ്. കപ്പലുകളിലുണ്ടായിരുന്ന ഏറെപ്പേരും മരണപ്പെട്ടിരുന്നു. ജീവനുണ്ടായിരുന്നവരോ, ദേഹമാകെ പൊട്ടിയൊലിക്കുന്ന വ്രണങ്ങളും കരുവാളിച്ച ശരീരവുമായി മരണം അടുത്തു എന്ന അവസ്ഥയിലെത്തിയ മനുഷ്യക്കോലങ്ങളും. സിസിലിയന്‍ അധികാരികള്‍ പെട്ടെന്നു തന്നെ ഈ മൃത്യുയാത്രക്കപ്പലുകളെ തുറമുഖത്തു നിന്ന് അകറ്റിയെങ്കിലും വൈകിപ്പോയിരുന്നു. ഈ യാനപാത്രങ്ങളില്‍ വന്നിറങ്ങിയ സംഹാരദൂതര്‍ ‘കറുത്ത മരണം’ വിതച്ച് മുന്നേറി. തുടര്‍ന്നു വന്ന അഞ്ചു വര്‍ഷങ്ങളില്‍ 20 മില്യണ്‍ മനുഷ്യരുടെ ജീവന്‍ അപഹരിക്കപ്പെട്ടു. യൂറോപ്പിലെ ഏതാണ്ട് മൂന്നിലൊന്നു ജനസംഖ്യയെ ഈ വ്യാധി ഉന്മൂലനം ചെയ്തു.

ചൈനാ വന്‍കരയില്‍ നിന്നും വാണിജ്യപാതകള്‍ വഴി മെഡിറ്ററേനിയന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും പ്ലേഗ് ദ്രുതഗതിയില്‍ വ്യാപിച്ചു. രോഗകാരണം എന്ത് എന്നത് അജ്ഞാതമായി തുടര്‍ന്നതോടെ മതാനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും അല്‍പസ്വല്‍പം വൈദ്യജ്ഞാനവും എല്ലാം രോഗാവസ്ഥയില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന അത്താണികളായി. പാശ്ചാത്യനാടുകളില്‍ ക്രിസ്തുമതവും പൗരസ്ത്യദേശങ്ങളില്‍ ഇസ്ലാം മതവും സാമാന്യജനങ്ങള്‍ക്ക് ആശ്വാസമേകി. കോടാനുകോടി ജനങ്ങളുടെ മരണത്തിനും ഏറെ ദുഃഖദുരിതങ്ങള്‍ക്കും ഇടയാക്കിയ പ്ലേഗ് എന്ന മഹാമാരി മാനവചരിത്രത്തിലൂടെ സാമൂഹ്യസാംസ്‌കാരിക മതാത്മകവ്യവസ്ഥകള്‍ക്ക് വ്യതിയാനം വരുത്തി.

പ്ലേഗ് എന്ന മഹാമാരിയെ തങ്ങളുടെ അധാര്‍മ്മിക ജീവിതരീതിക്കുള്ള ദൈവത്തിന്റെ നൈതികശിക്ഷയായി പലരും കരുതി. ശക്തമായ പ്രാര്‍ത്ഥനകളും പരിത്യാഗങ്ങളും  ദൈവകോപം ശമിപ്പിക്കുന്നതിന് ഉതകുന്നില്ല എന്ന ബോധ്യവും സാമാന്യജനങ്ങളേക്കാള്‍ പുണ്യപ്രവര്‍ത്തികളിലും ജീവിതവിശുദ്ധിയിലും മുന്നിലെന്നു നിനച്ചിരുന്ന പുരോഹിതരും നിങ്ങളെപ്പോലെ തന്നെ രോഗബാധക്കും മരണത്തിനും വശംവദരാകുന്ന കാഴ്ച, മതത്തിലുള്ള വിശ്വാസ്യതയെ പ്രതികൂലമായി ബാധിച്ചു. ഒട്ടനവധി പുരോഹിതരും സമര്‍പ്പിതരും മരണത്തിനു കീഴടങ്ങിയപ്പോള്‍ തങ്ങളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റാനും കൂദാശകള്‍ പരികര്‍മ്മം ചെയ്യാനും പ്രത്യേകിച്ച് ആസന്നമരണര്‍ ആഗ്രഹിക്കുന്ന കുമ്പസാരവും രോഗീലേപനവും തക്കസമയത്ത് ലഭ്യമാക്കാനും പുരോഹിതര്‍ ഇല്ലാതെ വന്നു.

പലരും, കൂടുതല്‍ അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായ അനുഷ്ഠാനങ്ങളിലേക്കു തിരിഞ്ഞു. സാത്താന്റെ പ്രതീകമായ സര്‍പ്പത്തെ വെട്ടിനുറുക്കി അതിന്റെ മാംസവും രക്തവും ദേഹത്തു തേക്കുക തുടങ്ങിയ ശാസ്ത്രീയത ഒട്ടുമില്ലാത്ത പ്രവര്‍ത്തികളായിരുന്നു പലതും. ആ ഗണത്തില്‍ ഏറെ ക്രൂരമായ ഒരു അനുഷ്ഠാനമായിരുന്നു ചമ്മട്ടിയടി (Flagellation). ചമ്മട്ടിയടിയിലൂട മനുഷ്യശരീരത്തെ പീഡിപ്പിച്ച് പാപപ്രായശ്ചിത്തം ചെയ്യുന്ന ഈ പ്രവര്‍ത്തി സ്വയം അനുഷ്ഠിക്കുന്നവരും മറ്റുള്ളവരുടെ സഹായത്തോടെ ചമ്മട്ടിയടി ഏല്‍ക്കുന്നവരും അതിനായി പ്രത്യേകം നിയോഗിക്കപ്പെട്ട ചമ്മട്ടിയടി വിദഗ്ദരും (Flagellation Masters) സമൂഹത്തിൽ ഉണ്ടായിരുന്നു. ഈ ക്രൂരമായ അനുഷ്ഠാനത്തിലൂടെ ശരീരത്തിലുണ്ടാകുന്ന മുറിവുകളും ക്ഷതങ്ങളും ദൈവപ്രീതിക്ക് ഉതകിയില്ല എന്നു മാത്രമല്ല, മുറിവുകള്‍ രോഗവ്യാപനത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു. ക്ലെമെന്റ് ആറാമന്‍ മാര്‍പാപ്പ ഈ ക്രൂരമായ പാപപരിഹാര മാര്‍ഗ്ഗത്തെ നിരോധിച്ചു. 1352 -ഓടെ പ്ലേഗ് ബാധ കെട്ടടങ്ങി.

1347 -ല്‍ ക്രീമിയയിലാണ് യൂറോപ്പില്‍ നിര്‍ണ്ണായകവും അവിതര്‍ക്കിതവുമായി പ്ലേഗ് പ്രത്യക്ഷപ്പെട്ടത്. തുറമുഖത്ത് നങ്കൂരത്തില്‍ കിടക്കുന്ന കപ്പലുകളില്‍ കടന്നുകൂടി, സുലഭമായി ലഭിച്ചിരുന്ന ഭക്ഷ്യധാന്യങ്ങള്‍ ആഹരിച്ച് പെരുകിയ എലികളുടെ ശരീരത്തിലെ ചോര കുടിച്ചു ജീവിക്കുന്ന ഒരു പരാദമാണ് എലിച്ചെള്ളുകള്‍ (Rat Fleas). എലികളില്‍ നിന്നും എലിച്ചെള്ളുകള്‍ വഴി മനുഷ്യരിലേക്ക് എളുപ്പത്തില്‍ പകര്‍ന്നുപിടിക്കുന്ന വ്യാധിയാണ് പ്ലേഗ്. വളരെ സാധാരണമായിരുന്ന അടിമവ്യാപാരവും  അടിമകളെ കുത്തിനിറച്ച് ഭൂഖണ്ഡങ്ങളിലേക്ക് മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന യാത്രകളും അടിമക്കപ്പലുകളിലെ അനാരോഗ്യകരമായ സാഹചര്യങ്ങളും യാനപാത്രങ്ങളിലെ എലികളും എലിച്ചെള്ളുകളും കൂടിച്ചേര്‍ന്നപ്പോള്‍ പ്ലേഗിന് പെരുകാന്‍ പറ്റിയ ‘കള്‍ച്ചര്‍ മീഡിയ’ ആയി അടിമക്കപ്പലുകള്‍.

ബ്ലാക്ക് ഡെത്ത് എന്ന് അറിയപ്പെടുന്ന ‘പ്ലേഗ് പാന്‍ഡെമിക്കി’ന്റെ തിരക്കഥ നമുക്ക് അറിയാമായിരുന്നെങ്കിലും രോഗഹേതുകനായ സൂക്ഷ്മാണുവിനെ തിരിച്ചറിയാന്‍ 1849 വരെ കാത്തിരിക്കേണ്ടി വന്നു. ഹോങ്കോംഗുകാരനായ അലക്‌സാണ്ടര്‍ യെര്‍സിന്‍ ആണ് ഈ മൈക്രോബിനെ തിരിച്ചറിഞ്ഞത്. രോഗബാധയുള്ള എലിയില്‍ നിന്നും രക്തം കുടിക്കുന്ന എലിച്ചെള്ളുകളിലേക്കും ചെള്ളുകടി ഏല്‍ക്കുന്നതു വഴി മനുഷ്യനിലേക്കും പകരുന്ന രോഗവ്യാപനരീതി വിശദീകരിച്ചത് 1898 -ല്‍ ജീന്‍ പോള്‍ സിമണ്ട് (Jean Paul Simmond) എന്ന ശാസ്ത്രജ്ഞനാണ്. രോഗാണുവിനെ തിരിച്ചറിഞ്ഞ അലക്‌സാണ്ടര്‍ യെര്‍സിനിന്റെ ബഹുമാനാര്‍ത്ഥം ഈ സൂക്ഷ്മാണുവിന് Yersinia Pestis എന്ന് നാമകരണം ചെയ്തു. രോഗാണുവിനെ തിരിച്ചറിഞ്ഞതോടെ പ്ലേഗ് രോഗത്തിന്റെ ചികിത്സാരീതികള്‍ക്കും സര്‍ഗ്ഗാത്മകമായ മാറ്റങ്ങള്‍ വന്നു.

പ്ലേഗ് എന്ന മഹാമാരി ഏങ്ങനെ കെട്ടടങ്ങി 

1350 -കളില്‍ പ്ലേഗ് ബാധ ശമിച്ചതിനു കാരണങ്ങള്‍ പലതുണ്ടെങ്കിലും പ്രഥമവും പ്രധാനവുമായ കാരണം ‘ക്വാറന്റയിന്‍’ എന്ന പ്രതിരോധ നിയമം രോഗവ്യാപനത്തിന്റെ വേഗത കുറച്ചു എന്നതാണ്.

ക്വാറന്റയിന്‍ എന്ന പദത്തിന്റെ ഉത്ഭവം ക്വരാന്ത എന്ന ഇറ്റാലിയന്‍ പദത്തില്‍ നിന്നാണ്. ‘ക്വരാന്ത’ എന്നാല്‍ 40; ‘ക്വാറന്റിന’ എന്നാല്‍ 40 ദിനങ്ങള്‍. പുറംരാജ്യങ്ങളില്‍ നിന്നെത്തുന്ന കപ്പലുകളും യാത്രക്കാരും ആതിഥേയരാജ്യത്തെ ജനങ്ങളുമായും മറ്റു ജീവജാലങ്ങളുമായുള്ള സമ്പര്‍ക്കം നിരോധിച്ച് പുറംകടലിലോ, ക്വാറന്റയിന്‍ കേന്ദ്രങ്ങളിലോ കഴിഞ്ഞുകൊള്ളണമെന്ന നിരോധനം രോഗവ്യാപനത്തിന്റെ മുനയൊടിച്ചു.

40 ദിവസം നീളുന്ന അന്നത്തെ ഒറ്റപ്പെടുത്തലിന്റെ (Isolation) ശാസ്ത്രീയ വിശദീകരണം വ്യക്തമല്ല. എന്നാല്‍ ചില ഊഹാപോഹങ്ങള്‍ നിലവിലുണ്ടുതാനും. 40 എന്നത് ഏറെ സാംസ്‌കാരികപ്രാധാന്യമുള്ള സംഖ്യയാണ്. വിശുദ്ധ ഗ്രന്ഥത്തില്‍ 40 എന്ന സംഖ്യ പലയിടങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മോശയുടെ സീനായി മലയിലെ 40 പ്രാര്‍ത്ഥനാദിനങ്ങള്‍, യേശുവിന്റെ 40 ദിവസങ്ങള്‍ നീണ്ട ഉപവാസം, ക്രിസ്തുമതവിശ്വാസികളുടെ നോമ്പുകാലം… ശാസ്ത്രീയവും യുക്തിസഹവുമായ ഒരു തീരുമാനം എന്നതിലുപരി അനുഭവജ്ഞാനത്തില്‍ അധിഷ്ഠിതവും സൗകര്യാര്‍ത്ഥവും ഉണ്ടാക്കിയ ഒരു സമ്പ്രദായം എന്നു കരുതിയാല്‍ മതി. 40 ചിലപ്പോള്‍ മുപ്പത്തിയൊന്‍പതും അന്‍പതുമൊക്കെയായി മാറാറുണ്ട്. എന്നാല്‍ ക്വാറന്റിന ഇംഗ്ലീഷില്‍ ക്വാറന്റയിന്‍ ആയാലും 40 തന്നെ.

കാശു മുടക്കിയാല്‍ ക്വാറന്റയിന്‍ ചുരുങ്ങും, വേണ്ടെന്നു വയ്ക്കാന്‍ സാധിക്കും. പണത്തിനു മീതെ പരുന്തും പറക്കാത്തതുകൊണ്ട് പണത്തിന് പാങ്ങില്ലാത്ത പല പായക്കപ്പലുകളും പൊഴിമുഖത്ത് ഊഴം കാത്ത് കെട്ടിക്കിടക്കേണ്ടി വരുമായിരുന്നു (Karl Appuhn എന്ന ശാസ്ത്രചരിത്രകാരന്റെ വാക്കുകളാണിവ).

രോഗബാധിതരെ അകറ്റിപ്പാര്‍പ്പിക്കുന്ന രീതി പ്ലേഗിനു മുമ്പും നിലവിലുണ്ടായിരുന്നു. ബൈബിളിലെ കുഷ്ഠരോഗികളുടെ ജീവിതവിവരണങ്ങള്‍ ശ്രദ്ധിച്ചാലറിയാം, എത്ര ദാരുണമായിരുന്നു ഈ അകറ്റിനിര്‍ത്തലുകള്‍ എന്ന്. കുഷ്ഠരോഗികളെ ശുശ്രൂഷിക്കുന്ന ഇടങ്ങള്‍ ‘ലാസറെറ്റോ – Lazeretto’ എന്നാണ് അറിയപ്പെട്ടിരുന്നത്. ക്വാറന്റയിനില്‍ കിടക്കേണ്ടി വരുന്ന കപ്പലിടങ്ങള്‍ക്കും രോഗബാധ സംശയിച്ച് അകറ്റിപ്പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇറ്റാലിയന്‍ ഭാഷയില്‍ നിന്നു കടമെടുത്ത ഈ നാമം ഉപയോഗിക്കാറുണ്ട്. ഈ പേരിന്റെ ബൈബിളിലെ സ്ഥാനം സുപരിചിതമാണല്ലോ.

പ്ലേഗ് ബാധയുടെ യഥാര്‍ത്ഥ കാരണം അറിവില്ലാതിരുന്നിട്ടും രോഗിയുമായുള്ള സമ്പര്‍ക്കം രോഗവ്യാപനത്തിന് ഇടയാക്കുമെന്ന ബോധ്യത്താല്‍ അവരെ നഗരാതിര്‍ത്തിക്കു വെളിയിലേക്കു മാറ്റി പാര്‍പ്പിക്കണമെന്നത് നിയമത്തിന്‍ കീഴില്‍ നടപ്പിലാക്കിയിരുന്നു. ഒരു ചികിത്സയും ലഭിക്കാതെ മരണം കാത്തുകിടക്കുന്നവരായിരുന്നു ഏറെപ്പേരും.

അമേരിക്കന്‍ ഐക്യനാടുകളില്‍ പല സമയങ്ങളിലായി പൊട്ടിപ്പുറപ്പെട്ട പകര്‍ച്ചവ്യാധികള്‍ പ്രത്യേകിച്ച്, യെല്ലോ ഫീവര്‍ (Yellow Fever), കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലത്തില്‍ 1878 -ല്‍ നാഷണല്‍ ക്വാറന്റയിന്‍ ആക്ട് നിലവില്‍ വന്നു. ഇന്ന് ആഗോളവ്യാപകമായി പകര്‍ച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനുള്ള മാര്‍ഗ്ഗമാണ് നമുക്ക് ഏറെ സുപരിചിതമായ ‘ക്വാറന്റയിന്‍.’

ക്വാറന്റയിന്‍ പോലെ തന്നെ രോഗവ്യാപനം തടയുന്നതിനു സഹായിച്ച ഒരു മാര്‍ഗ്ഗമായിരുന്നു, ‘വീട്ടില്‍ തന്നെ കഴിയുക’ എന്ന മാര്‍ഗ്ഗം. കോവിഡ് 19 -ന്റെ തീവ്രവ്യാപനത്തിന്റെ നാളുകളില്‍ നാമും അനുവര്‍ത്തിച്ച ഒരു ജീവിതശൈലി ആയിരുന്നല്ലോ അത്.

ഉയര്‍ന്ന സാമ്പത്തികശ്രേണിയിലുള്ളവര്‍ താരതമ്യേന ജനപ്പെരുപ്പം കുറവും അനുകൂലമായ കാലാവസ്ഥയും ഉള്ളയിടങ്ങളിലേക്ക് താമസം മാറ്റിയതും പ്ലേഗ് ബാധ നിയന്ത്രിക്കുന്നതിന് ഒരു പരിധി വരെ സഹായകമായി.

പ്ലേഗ് Vs കോവിഡ് 19 

പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പ്ലേഗ് എന്ന മഹാമാരിക്ക് തുടക്കമിട്ടത് ചൈനാ വന്‍കരയിലാണ്. 2019 -ല്‍ കോവിഡ്-19 എന്ന പാന്‍ഡെമിക്കിനു തുടക്കം കുറിച്ചതും ചൈനയിലെ വുഹാന്‍ പ്രവിശ്യയില്‍. 1350 -ഓടെ ഒരു പകര്‍ച്ചവ്യാധി എന്ന നിലയില്‍ പ്ലേഗ് അവസാനിച്ചു എന്ന സ്ഥിതി വന്നു. 2021 ആയിട്ടും കോവിഡ്-19 നിയന്ത്രണവിധേയമായി എന്നു പറയാറായിട്ടില്ല.

സാമൂഹ്യഫലങ്ങള്‍

പ്ലേഗിനെ അതിജീവിച്ചവരുടെ സാമൂഹ്യമായ കാഴ്ചപ്പാടുകളില്‍ വന്ന വ്യതിയാനങ്ങള്‍ പ്രകടമായിരുന്നു. സന്മാര്‍ഗ്ഗമൂല്യങ്ങളിലുണ്ടായ ച്യുതി ലൈംഗികതയിലെ അച്ചടക്കരാഹിത്യത്തിന് വഴിയൊരുക്കി. ജീവിതപങ്കാളികള്‍ നഷ്ടപ്പെട്ടവര്‍ പുനര്‍വിവാഹത്തിന് തിരക്കു കൂട്ടി.

കോവിഡ് 19 -ന്റെ പശ്ചാത്തലം ‘ആരാണെന്റെ അയല്‍ക്കാരന്‍’ എന്ന വിശുദ്ധ ഗ്രന്ഥ വിവരണത്തിന് കൂടുതല്‍ പ്രസക്തി നല്‍കി. ചികിത്സക്കെത്തിക്കാനും തക്കസമയത്ത് ചികിത്സ ലഭ്യമാക്കാനും ആത്മാര്‍ത്ഥതയോടെ ഓടിയെത്തിയ, അയല്‍ക്കാരനല്ലാതിരുന്നിട്ടും നല്ല അയല്‍ക്കാരനായിത്തീര്‍ന്ന ഒട്ടനവധി പേരുടെ സേവനം അനേകരെ മരണവക്ത്രത്തില്‍ നിന്നു രക്ഷപെടുത്തിയ വീരഗാഥകള്‍ ചരിത്രത്താളുകളില്‍ സുവര്‍ണ്ണരേഖകളായി.

പ്ലേഗിന്റെ ഏറെ പ്രധാനമായ ഒരു സാമൂഹ്യഫലസിദ്ധിയായിരുന്നു ജന്മിത്വം ഏറെക്കുറെ അവസാനിപ്പിക്കാനായി എന്നത്. കാര്‍ഷികജോലിക്ക് ആളെ കിട്ടാനില്ലാത്ത സ്ഥിതിയില്‍ അവരുടെ വേതനങ്ങള്‍ മരവിപ്പിച്ചും അവരുടെ നിത്യോപയോഗസാധനങ്ങള്‍ക്കും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും വരെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും അവരെ മുതലാളിമാര്‍ കഷ്ടപ്പെടുത്തിയിരുന്നു. തൊഴിലാളികള്‍ക്ക് വേതനവര്‍ദ്ധനയും മറ്റു പ്രോത്സാഹനങ്ങളും നല്‍കി ജോലിയെടുപ്പിക്കണ്ട സാഹചര്യം സംജാതമായി.

സാമൂഹ്യമായ ഉന്നമനത്തിനും മെച്ചപ്പെട്ട സമ്പദ്‌വ്യവസ്ഥകള്‍ക്കും കൊതിച്ച ഈ അധഃസ്ഥിതരോടുള്ള കടുത്ത വിവേചനങ്ങള്‍. പ്ലേഗിന്റെ സാഹചര്യത്തില്‍ രൂപപ്പെട്ട ഭാഗ്യവിപര്യയം (Role Reversal) എന്നിവ 1381 -ലെ മഹാവിപ്ലവത്തിലേക്കു നയിച്ച പല കാരണങ്ങളില്‍ ചിലതായിരുന്നു. ഈ കാര്‍ഷികവിപ്ലവം ഒരു വിജയമായിരുന്നു എന്നു പറയാനാകില്ലെങ്കിലും ചില അന്യായമായ നികുതിപ്പിരിവുകള്‍ നിര്‍ത്തലാക്കാന്‍ അത് സംഗതിയായി (Poll Taxes).

2019 -ലെ കോവിഡ് മഹാമാരിയും പൊതുവിതരണ രംഗത്ത് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യധാന്യങ്ങളും ആവശ്യസാധനങ്ങളും കിറ്റുകളായും സുമനസ്സുകളുടെ സംഭാവനകളായും എത്തിക്കുന്നതിനു സാധിച്ചു. കടബാധ്യതകള്‍ക്ക് ഒട്ടനവധി ഇളവുകള്‍ നല്‍കുന്നതിനും ഭരണസംവിധാനത്തിനു സാധിച്ചു. 14-ാം നൂറ്റാണ്ടില്‍ സംഭവിച്ചതു പോലെ പട്ടിണിമരണങ്ങള്‍ നമ്മുടെ നാട്ടിലെങ്ങും ഉണ്ടായതായി അറിവില്ല.

രോഗവ്യാപനം നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയ ചില ‘മുറകള്‍’ വിദ്യാഭ്യാസരംഗത്തെ താറുമാറാക്കി എന്നു പറയാതെ വയ്യ. 14-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ നമുക്ക് അറിവില്ല. പള്ളിക്കൂടങ്ങള്‍ പൂട്ടി. പള്ളികളും വിദ്യാഭ്യാസം ഇലക്‌ട്രോണിക് ശൃംഖലകളിലൂടെ ക്രമീകരിച്ച ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ മാത്രമായി. വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സംവദിക്കുന്നത് മോണിറ്റര്‍ സ്‌ക്രീനില്‍ തെളിയുന്ന അദ്ധ്യാപകന്റെ സാങ്കല്‍പിക രൂപത്തോടായി. തരപ്പടിക്കാരും സഹപാഠികളുമായുള്ള ബന്ധം അന്യോന്യം സാധ്യമല്ലാതായി. സ്വന്തം വീടിനു വെളിയില്‍ ഇറങ്ങുന്നതു പോലും വിലക്കപ്പെട്ട അടച്ചുപൂട്ടല്‍ (Lock Down) സാമ്പത്തികമായും ശാരീരികമായും മാനസികമായും ജനസഞ്ചയത്തെ ആകമാനം വളരെ മൃണാത്മകമായി സ്വാധീനിച്ചു എന്നു കാണാം. ഏറെ പ്രകടമായ ജീവിതവ്യതിയാനം പി.ജി. മുതല്‍ എല്‍.കെ.ജി. വരെ നീളുന്ന വിദ്യാര്‍ത്ഥിസമൂഹത്തെയാണ് ലഹരിവസ്തുക്കളുടെ ഉപയോഗവും ആസക്തികളും നിരാശയും വിഷാദരോഗവും ആത്മഹത്യകളും തത്ഫലമായി സമൂഹത്തില്‍ വര്‍ദ്ധമാനമായി.

പ്ലേഗ് ബാധയുടെ കാലത്ത് മരണപ്പെട്ടവരുടെ സ്വത്തുക്കള്‍ സ്വായത്തമാക്കി മധ്യവര്‍ഗ്ഗത്തിലെ പലരും സമ്പന്നരായി.

കോവിഡ് 19-ന്റെ കാലം സാമ്പത്തിക തട്ടിപ്പുകളുടെയും വിശ്വാസവഞ്ചനകളുടെയും ചാകര കൂടിയായിരുന്നു എന്നു വേണം പത്രമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ നിന്നും മനസിലാക്കാന്‍.

ആഘോഷവേളകളില്‍ കൂട്ടും കൂടുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയതു കൊണ്ട് ഉത്സവങ്ങളും പെരുന്നാളുകളും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ചടങ്ങുകളില്‍ ഒതുങ്ങി. പന്തലുപണിക്കാര്‍ മുതല്‍ ചെണ്ടമേളക്കാരടക്കം പട്ടിണിയിലായി. വിവാഹം വരനും വധുവും പിന്നെ ഇരുപതാളും എന്ന ഫോര്‍മുല മുതലാക്കി കല്യാണച്ചെലവ് ചുരുക്കിയ മാതാപിതാക്കളും ധാരാളം. വിളിച്ചെന്നേ ഉള്ളൂ; അറിയാമല്ലോ, വരണമെന്നില്ല. പ്രാര്‍ത്ഥിക്കണം തുടങ്ങിയ പതിവ് പതംപറച്ചിലായി കല്യാണംവിളി.

മൃതസംസ്‌കാരം ലൈവ് സ്ട്രീമിംഗിലൂടെ സ്വന്തം വീടുകളിലിരുന്ന് പങ്കെടുക്കുന്ന ചടങ്ങായി. അടുപ്പത്തിട്ടിരിക്കുന്ന അരിയുടെ വേവും നോക്കാം ‘അടക്ക്’ കൂടുകയും ചെയ്യാം. ‘നല്ല മനുഷ്യനായിരുന്നു. എന്തു ചെയ്യാം, ശവമടക്ക് വല്യ ഓളമില്ലാതെ കടന്നുപോയി. പ്രോട്ടോക്കോളല്ലേ.’

പ്ലേഗ് ബാധയും മതവും 

പുരോഹിതരും സാധാരണ ജനങ്ങളെപ്പോലെ പ്ലേഗ് ബാധക്കും മരണത്തിനും വശംവദരാണെന്ന ബോധ്യവും മരണം മൂലം പുരോഹിതരുടെ എണ്ണത്തിലുണ്ടായ കുറവും പൗരോഹിത്യശുശ്രൂഷകള്‍ക്കു വേണ്ടിയുള്ള വര്‍ദ്ധിച്ച ഡിമാന്‍ഡും തല്‍ഫലമായുണ്ടായ ജോലിഭാരവും പുരോഹിതര്‍ക്ക് തങ്ങളുടെ ശുശ്രൂഷകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പ്രേരണ നല്‍കി. ആരാധനാലയങ്ങള്‍ വിജനമായി.

കോവിഡ് 19 -നോടനുബന്ധിച്ച് ഭരണാധികാരികള്‍ നിയമത്താല്‍ നിരോധിച്ച കൂട്ടം കൂടലും അകലം പാലിക്കലും മുഖാവരണമണിയലും 2018-2021 കാലഘട്ടങ്ങളിലും 14-ാം നൂറ്റാണ്ടിലേതിനു സമാനമായി മതാനുഷ്ഠാനങ്ങളെ പ്രതികൂലമായി ബാധിച്ചു. ഒരു വ്യത്യാസം, ബലിയര്‍പ്പണങ്ങളും പൂജകളും തത്സമയ സംപ്രേഷണത്തിലൂടെ വീടുകളിലും സ്ഥാപനങ്ങളിലും എത്തിക്കാനുള്ള ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ ഇന്ന് ലോകെമെമ്പാടും നിലവിലുണ്ട് എന്നതാണ്. നിത്യരക്ഷക്ക് നിര്‍ബന്ധമെന്നു പഠിപ്പിച്ചിരുന്ന പലതും ‘ഇങ്ങനെ ആയാലും മതി’ എന്ന നിലയിലേക്ക് ആക്കി. ഉദാഹരണം, ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങളിലുള്ള ഓണ്‍ലൈന്‍ ഭാഗഭാഗിത്വം, ദിവ്യകാരുണ്യ സ്വീകരണം, അരൂപിക്കടുത്ത രീതിയിലും ആവാം എന്നീ ഓര്‍മ്മപ്പെടുത്തലുകള്‍ – സാധാരണ വിശ്വാസിക്ക് ഈ രീതി ഇരട്ടത്താപ്പായി തോന്നാം.

ക്രിസ്ത്യാനിയുടെ ഞായറാഴ്ച കുര്‍ബാന ആയാലും ഇസ്ലാമിലെ വെള്ളിയാഴ്ചകളിലെ ജുമാ ആലും ഹൈന്ദവന്റെ ശബരിമല ദര്‍ശനമായാലും കോവിഡ് പ്രോട്ടോക്കോള്‍ എന്ന നിരോധനാജ്ഞക്കു മുമ്പില്‍ അനുഷ്ഠാനങ്ങള്‍ക്ക് അടിയറവ് പറയേണ്ടിവന്നു.

2019 മുതല്‍ 2020 വരെ നടത്തിയ പല പഠനങ്ങളും കോവിഡാനന്തര കാലഘട്ടമെത്തിയാലും മതാനുഷ്ഠാനങ്ങളോടും മതപരമായ ഒത്തുചേരലുകളോടും ജനസാമാന്യത്തിനിടയില്‍ ഉരുവായ നിസ്സംഗത ഏറെക്കാലം നിലനില്‍ക്കാനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

ഉപസംഹാരം 

14-ാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ആഗോളവ്യാപകമായി നാശം വിതച്ച പ്ലേഗ് ബാധയും 2019 -ല്‍ ലോകജനതയെ മൊത്തത്തില്‍ മരണഭീതിയിലാഴ്ത്തിയ കോവിഡ്-19 എന്ന മഹാമാരിയും മാനവരാശിയിലുണര്‍ത്തിയ പ്രതികരണങ്ങളില്‍ ഐകരൂപ്യവും സമാനതകളും കണ്ടെത്താനാവും.

അതിതീവ്രമായ രോഗവ്യാപനത്തിന്റെയും അതിദാരുണമായ മരണങ്ങളുടെയും കാലയളവില്‍ 14-ാം നൂറ്റാണ്ടിലാവട്ടെ, 2019 -ലാവട്ടെ ആത്മാര്‍ത്ഥമായ സേവനങ്ങളിലൂടെയും അതിരുകളില്ലാത്ത ഉപവിപ്രവര്‍ത്തികളിലൂടെയും രോഗബാധിതരായ ജനസഹസ്രങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന അനേകായിരങ്ങളുണ്ട്. ആരോഗ്യപരിപാലന മേഖലയിലും ആതുരശുശ്രൂഷാരംഗത്തും കൈയ്-മെയ് മറന്നുള്ള സേവനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ രോഗം ബാധിച്ച് സ്വന്തം ജീവന്‍ ബലിയായി നല്‍കേണ്ടിവന്ന സുമനസ്സുകള്‍ക്ക് ആദരാഞ്ജലികള്‍…

എന്തുകൊണ്ട് ഇങ്ങനെയുള്ള സഹനങ്ങള്‍ എന്ന  ഈ പ്രഹേളികയ്ക്കുള്ള ഉത്തരം ജോബിന്റെ പുസ്തകത്തില്‍ കണ്ടെത്താനാകും.

ജോബിന്റെ പുസ്തകം കഷ്ടപ്പാടുകള്‍ക്കുള്ള ഉത്തരം നല്‍കുന്ന ഒരു റെഡി റെക്കണര്‍ (Ready Reckoner) അല്ല. സര്‍വ്വപ്രാപഞ്ചിക ചെയ്തികളെയും നിയന്ത്രിക്കുന്നത് ദൈവമായ കര്‍ത്താവാണ് എന്ന് പ്രഖ്യാപിക്കുകയാണ് ജോബിന്റെ ഗ്രന്ഥകര്‍ത്താവ് ചെയ്യുന്നത്.

നമ്മില്‍ പലരും കോവിഡ്-19 ബാധിച്ചിട്ട് രോഗമുക്തി നേടിയവരായിരിക്കും. കുറച്ചു പേര്‍ക്കെങ്കിലും രോഗബാധ മൂലം ഉറ്റവര്‍ നഷ്ടപ്പെട്ടവരാകാം. ഏറെപ്പേരും കോവിഡ്-19 ബാധിച്ചില്ലെങ്കിലും ഈ പാന്‍ഡെമിക് വരുത്തിവച്ച സാമ്പത്തിക ക്ലേശങ്ങളാല്‍ ഉഴലുന്നവരാകാം. സകലരും നിശ്ചയമായും മാസങ്ങള്‍ നീണ്ടുനിന്ന ലോക്ക് ഡൗണിന്റെ ദുരിതങ്ങള്‍ അനുഭവിച്ചു മടുത്തവരാണ്. എന്നിരുന്നാലും ഈ ദുഃഖദുരിതങ്ങള്‍ ദൈവം അനുവദിച്ചിട്ടാണെങ്കില്‍ അങ്ങനെ തന്നെയാണു താനും. സമാശ്വസിക്കുക, ദൈവാശ്രയബോധം കൈവിടാതിരിക്കുക, ‘ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു എന്ന് നമുക്ക് അറിയാമല്ലോ’ (റോമ 8:28).

കാലപ്രവാഹത്തില്‍ പ്രകൃതിക്കും ജീവിതശൈലികള്‍ക്കും പ്രകടമായ മാറ്റങ്ങളുണ്ടായെങ്കിലും മനുഷ്യന്റെ അന്തര്‍ഹിത വ്യാപാരങ്ങള്‍ക്കു മാറ്റമില്ല. The Inner core of the human personality remains rather unchanged. അത് ചിലപ്പോഴെങ്കിലും കായേന്റേതിനു സമാനമാണ്; അന്നും ഇന്നും.

ഡോ. ജോയ് ഫ്രാന്‍സിസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.