പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ – 4 ക്രൈസ്തവരുടെ നിലവിളി ഉയരുന്ന ഉത്തര കൊറിയ

സെന്യോങ് ലീ ദക്ഷിണ കൊറിയയിലാണ് താമസം. ക്രൈസ്തവ വിശ്വാസിയാണ്. അവളുടെ അമ്മ ഉത്തര കൊറിയയിലാണ്. അമ്മയും ക്രൈസ്തവ വിശ്വാസി. അമ്മ മകള്‍ക്ക് ഇടയ്ക്കൊക്കെ കത്തുകള്‍എഴുതാറുണ്ട്. കോവിഡ് -19 തുടങ്ങിയതിനു ശേഷം അമ്മ മകള്‍ക്ക് എഴുതിയ കത്തില്‍ ഇങ്ങനെ ചോദിച്ചിരുന്നു – “ഒരു തവണ കൂടെ നിനക്ക് എന്നെ സഹായിക്കുവാൻ കഴിയുമോ?” പട്ടിണി മൂലം തളർന്നുതുടങ്ങിയ ഉത്തര കൊറിയയിലെ ഒരു അമ്മയുടെ, മകളോടുള്ള യാചനയാണ് ഇത്. കുഞ്ഞുങ്ങളും കുടുംബവുമായി ജീവിക്കുന്ന തന്റെ മകളുടെ അടുത്ത് സഹായം യാചിക്കുവാൻ ഈ അമ്മയ്ക്ക് മടിയാണെങ്കിലും കൊടിയ ദാരിദ്ര്യമാണ് അവരെ അതിനു പ്രേരിപ്പിക്കുന്നത്. സെന്യോങ് ലീ അമ്മ തനിക്കെഴുതിയ കത്ത് ‘റേഡിയോ ഫ്രീ ഏഷ്യ’ (Radio Free Asia) യുമായി പങ്കുവച്ചപ്പോഴാണ് ഉത്തര കൊറിയയിലെ ക്രൈസ്തവരുടെ കോവിഡ് കാലത്തെ ദുരിതങ്ങള്‍ പുറംലോകം അറിഞ്ഞത്.

കോവിഡ് പകർച്ചവ്യാധി വ്യാപിച്ചതോടെ പല രാജ്യങ്ങളുടെയും സാമ്പത്തിക വ്യവസ്ഥ തകർന്നു. ജനങ്ങൾ പട്ടിണിയിൽ മുങ്ങി. ഉത്തര കൊറിയയിലും സ്ഥിതി വിഭിന്നമായിരുന്നില്ല; പുറംലോകം അറിഞ്ഞില്ല എന്ന് മാത്രം. സെന്യോങ് ലീ അവസാനം തന്റെ അമ്മയ്ക്ക് പണം അയച്ചത് ഈ മാർച്ച് മാസത്തിൽ ആയിരുന്നു. അതിനാൽ തന്നെ അമ്മയ്ക്ക് മകളെ ബുദ്ധിമുട്ടിക്കുവാൻ പ്രയാസവും ആയിരുന്നു. എന്നാൽ ഇടയ്ക്കിടെയുള്ള അമ്മയുടെ കത്തുകളിൽ കടുത്ത ദാരിദ്ര്യത്തിന്റെ നിഴലുകൾ തെളിഞ്ഞുകാണാമായിരുന്നുവെന്ന് വിശ്വാസിയായ സെന്യോങ് ലീ പറയുന്നു. അമ്മയുടെ ഈ കത്ത് ഒരാളുടെ ദയനീയാവസ്ഥയുടെ മാത്രം പ്രതീകമല്ല. മറിച്ച്, ഒരു രാജ്യത്തെ ഭൂരിഭാഗം വരുന്ന ആളുകളുടെയും പ്രത്യേകിച്ച്, ക്രൈസ്തവരുടേയും അവസ്ഥയാണ്.

ഭക്ഷണമില്ലാതെ ആളുകൾക്ക് പിടിച്ചുനിൽക്കുവാൻ കഴിയില്ല. മറ്റുള്ളവര്‍ക്ക് ആനുകൂല്യങ്ങളും പരിഗണനകളും നല്‍കുമ്പോഴും ക്രൈസ്തവരെ അവയിൽ നിന്നെല്ലാം മാറ്റിനിർത്തുകയാണ് ഉത്തര കൊറിയയില്‍. ഒപ്പം ക്രൂരമായ പീഡനങ്ങളും. ഈ കൊടിയ ദാരിദ്ര്യത്തിന്റെ അവസ്ഥകൾക്കിടയിലാണ് ക്രൈസ്തവർക്കു നേരെയുള്ള പീഡനങ്ങളും ഇവിടെ അരങ്ങേറുന്നത്. എന്നാൽ ഇത് ക്രൈസ്തവർ നേരിടുന്ന അനേകം പ്രശ്നങ്ങളിലും പ്രതിസന്ധികളിലും ഒന്നുമാത്രമാണ്.

‘ഓപ്പണ്‍ഡോര്‍സ് യുഎസ്‌എ’ (opendoorsusa) – യുടെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവപീഡനം നടക്കുന്നത് കമ്മ്യൂണിസ്റ്റ് രാജ്യമായ ഉത്തര കൊറിയയിലാണ്. കൊറിയയിൽ നടക്കുന്ന ക്രൈസ്തവപീഡനങ്ങൾക്ക് നാനൂറിലധികം വർഷങ്ങളുടെ പഴക്കമുണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു.

ക്രിസ്ത്യാനികളുടെ വളർച്ചയും ക്രൈസ്തവപീഡകരുടെ ആവിർഭാവവും

ജോസോൺ രാജവംശത്തിന്റെ അവസാനത്തില്‍ ചൈനയിൽ നിന്നു വന്ന കൺഫ്യൂഷ്യൻ പണ്ഡിതന്മാരാണ് കത്തോലിക്കാ മതം ആദ്യമായി കൊറിയയിൽ അവതരിപ്പിച്ചത്. 1603-ൽ കൊറിയൻ നയതന്ത്രജ്ഞനായ യി ഗ്വാങ്-ജിയോംഗ് ബീജിംഗിൽ നിന്ന് തിരികെയെത്തിയത്, ചൈനയിലെ ഇറ്റാലിയൻ മിഷനറി ആയിരുന്ന കപ്പൂച്ചിൻ വൈദികൻ, മത്തെയോ റിച്ചി തയ്യാറാക്കിയ ഏതാനും ദൈവശാസ്ത്ര പുസ്തകങ്ങളുമായിട്ടായിരുന്നു. ആ പുസ്തകങ്ങളിലെ വിശദാംശങ്ങൾ പഠിച്ച യി ഗ്വാങ്, താൻ പഠിച്ച കാര്യങ്ങൾ പ്രചരിപ്പിക്കുവാൻ തുടങ്ങി. അങ്ങനെയാണ് കൊറിയയിൽ ക്രൈസ്തവ വിശ്വാസത്തിന്റെ വിത്തുകൾ പാകപ്പെടുന്നത് എന്ന് കരുതപ്പെടുന്നു. പതിയെപ്പതിയെ ക്രൈസ്തവ വിശ്വാസം കൊറിയ സ്വീകരിച്ചുതുടങ്ങി. എന്നാൽ ക്രൈസ്തവ വിശ്വാസത്തിനു ലഭിക്കുന്ന സ്വീകാര്യത ചിലരെയെങ്കിലും ചൊടിപ്പിക്കാതിരുന്നില്ല. 1758-ൽ ജോസോൺ രാജാവായ യോങ്‌ജോ, കത്തോലിക്കാ വിശ്വാസം ഒരു പൈശാചികപ്രവർത്തിയായി പ്രഖ്യാപിച്ചുകൊണ്ട് ക്രിസ്തുമതം ഔദ്യോഗികമായി നിരോധിച്ചു.

എന്നാൽ അതുകൊണ്ടൊന്നും കൊറിയൻ മണ്ണിൽ വിതച്ച ക്രൈസ്തവ വിശ്വാസത്തിന്റെ വിത്തുകൾ തകർക്കുവാൻ കഴിഞ്ഞില്ല. 1785-ൽ യി സിയുങ്-ഹുൻ കത്തോലിക്കാ സഭയെ വീണ്ടും പ്രചാരത്തിൽ കൊണ്ടുവന്നു. ഏതാനും നാളുകൾക്കുശേഷം ക്രൈസ്തവരുടെ ഇടയിൽ ശുശ്രൂഷ ചെയ്യുവാൻ ഫ്രഞ്ച്, ചൈനീസ് കത്തോലിക്കാ പുരോഹിതരെ കൊറിയൻ ക്രിസ്ത്യാനികൾ ക്ഷണിച്ചു. പതിയെപ്പതിയെ കൊറിയയിൽ ക്രൈസ്തവ വിശ്വാസം വളർന്നുതുടങ്ങി. എന്നാൽ പുതിയ മതവിശ്വാസത്തിലേയ്ക്ക് നിരവധിയാളുകൾ ആകർഷിക്കപ്പെടുന്നത് ജോസോൺ റോയൽറ്റിയ്ക്ക് ഇഷ്ടപ്പെട്ടില്ല. ക്രൈസ്തവമതത്തിന്റെ വളർച്ചയെ തടയുന്ന എല്ലാ വഴികളും അദ്ദേഹം ഒരുക്കി. കൊറിയയിലെ ആദിമ ക്രിസ്ത്യാനികളെ പലരെയും പീഡനങ്ങൾക്കിരയാക്കി. 1866-ലെ കത്തോലിക്കാ പീഡനത്തിന്റെ പരിണതഫലമായി രാജ്യത്ത് 8,000 കത്തോലിക്കർ കൊല്ലപ്പെട്ടു. ഇതിൽ ഒമ്പത് ഫ്രഞ്ച് മിഷനറി പുരോഹിതന്മാരും ഉൾപ്പെടുന്നു. കൊറിയയിൽ ക്രൈസ്തവർക്കെതിരായ പീഡന പരമ്പര ആരംഭിക്കുന്നത് ഈ സംഭവത്തോടെയാണ്.

തുടരുന്ന ക്രൈസ്തവപീഡനങ്ങൾ

വിഭജനത്തിനുശേഷം കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനു കീഴിൽ ഉത്തര കൊറിയ എത്തിയതോടെ ക്രിസ്ത്യാനികൾ നേരിടുന്ന പീഡനങ്ങൾ വർദ്ധിച്ചു. ക്രൈസ്തവർക്ക് ജീവിക്കുവാൻ ഏറ്റവും പ്രയാസമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ന് ഉത്തര കൊറിയ. ഉത്തര കൊറിയയിൽ ക്രൈസ്തവ വിശ്വാസം നിരോധിതമായ ഒന്നാണ്. ഇവിടെ ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന ആരെയെങ്കിലും കണ്ടെത്തിയാൽ അവരെ രാഷ്ട്രീയ കുറ്റവാളികളായി ലേബർ ക്യാമ്പുകളിലേയ്ക്ക് നാടുകടത്തുകയോ സംഭവസ്ഥലത്തു വച്ച് കൊല്ലുകയോ ചെയ്യുന്നു. ക്രൂരമായ ക്രൈസ്തവ പീഡനങ്ങൾ അരങ്ങേറുന്ന ഉത്തര കൊറിയയിൽ ഒന്നിച്ചുകൂടി ആരാധന നടത്തുകയോ, മറ്റൊരു ക്രൈസ്തവനെ കണ്ടെത്തുക എന്നതോ അത്യന്തം ദുഷ്കരവും അങ്ങേയറ്റം രഹസ്യവുമാണ്. അങ്ങനെ അല്ലായെങ്കിൽ കൊല്ലപ്പെടുക എന്ന ഒരേയൊരു മാർഗ്ഗം മാത്രമാണ് ക്രിസ്ത്യാനിക്കു മുന്നിലുഉള്ളത്.

ക്രൈസ്തവരുടെ ദുരിതങ്ങൾ

ഒരു ഉത്തര കൊറിയക്കാരനെ സംബന്ധിച്ചിടത്തോളം താൻ ഒരു കത്തോലിക്കനോ, ക്രൈസ്തവനോ ആണെങ്കിൽ അതൊരു പരമ രഹസ്യമാണ്. ക്രിസ്ത്യാനി ആയ ഒരു വ്യക്തിക്ക് ഒരു ബൈബിൾ ഉണ്ടെങ്കിൽ, അല്ലെങ്കിൽ അതിന്റെ ഒരു ഭാഗമുണ്ടെങ്കിൽ അത് ശ്രദ്ധാപൂർവ്വം മറച്ചുവയ്ക്കുകയും താന്‍ ഒറ്റയ്ക്കാണെന്ന് ആ വിശ്വാസിക്ക് ഉറപ്പുണ്ടെങ്കിൽ മാത്രം വായിക്കുകയും ചെയ്യും. അത്രയ്ക്ക് രഹസ്യമായിട്ടാണ് അവർ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കുന്നത്.

ഇവിടെയുള്ള ക്രൈസ്തവർ, തങ്ങൾ ക്രിസ്തുവിന്റെ പിന്‍ഗാമികളാണെന്ന വിവരം കുഞ്ഞുങ്ങളോട് ചെറുപ്രായത്തിൽ പറയില്ല. അവർ വളർന്ന്, ഒരു രഹസ്യം സൂക്ഷിക്കാൻ പ്രാപ്തരായതിനുശേഷമാണ് തങ്ങളുടെ മതവിശ്വാസത്തെക്കുറിച്ച് അവർ തിരിച്ചറിയുന്നത് അല്ലെങ്കില്‍ മാതാപിതാക്കള്‍ അവരോട് തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് വെളിപ്പെടുത്തുന്നത്. കുട്ടികളുടെ വായിൽ നിന്ന് അബദ്ധവശാൽ പോലും ക്രൈസ്തവ വിശ്വാസത്തിന്റെ  കാര്യം പുറത്തെത്താതിരിക്കാൻ വേണ്ടിയാണ് ഈ മുൻകരുതൽ.

ക്രിസ്ത്യാനികളായ ആരെയെങ്കിലും കണ്ടെത്തിയാൽ അവരെ അറസ്റ്റു ചെയ്ത് ഉത്തര കൊറിയയിലെ ഭയാനകമായ ലേബർ ക്യാമ്പുകളിലൊന്നിൽ തടവിലാക്കും. അവിടെ അവരെ അടിമകളെപ്പോലെ ജോലി ചെയ്യിപ്പിക്കുകയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുകയും ചെയ്യും. ഈ തടവറകളിൽ നിന്ന് രക്ഷപ്പെടുക അസാധ്യം തന്നെ.

പീഡനങ്ങൾക്കു നടുവിലും വളരുന്ന സഭ

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വളരെ വേദനാജനകമായ വാർത്തകളും പീഡനപരമ്പരകളുമാണ് ഉത്തര കൊറിയയിൽ നിന്ന് വരുന്നതെങ്കിലും ഇവിടെ ക്രൈസ്തവസഭ വളർച്ചയുടെ പാതയിൽ തന്നെയാണ്. രണ്ടു ലക്ഷം മുതൽ നാലു ലക്ഷം വരെ അംഗങ്ങൾ ഉള്‍പ്പെടുന്ന ഭൂഗർഭസഭ ഇവിടെയുണ്ട് എന്നുള്ളത് ഒരു വലിയ അത്ഭുതമായി നിലകൊള്ളുന്നു. പതിനായിരക്കണക്കിന് രഹസ്യവിശ്വാസികൾ ഉത്തര കൊറിയയിലെ കുപ്രസിദ്ധമായ ലേബർ ക്യാമ്പുകളിൽ ക്രൂരമായ പീഡനങ്ങൾക്കിരയായി കഴിയുന്നുണ്ട്. അത് മറ്റുള്ളവരെ വേദനിപ്പിക്കുന്നുണ്ടെങ്കിലും തങ്ങൾക്കു ലഭിച്ച വിശ്വാസചൈതന്യം ജീവനേക്കാൾ വിലയുള്ള നിധിയായി കരുതി ഇവർ കാത്തുസൂക്ഷിക്കുകയാണ്.

(തുടരും)

നാളെ: നൈജീരിയയിലെ പീഡിത ക്രൈസ്തവ സമൂഹം

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.