പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ – 5 നൈജീരിയയിലെ ക്രൈസ്തവ വംശഹത്യ

2011 – ലെ ഒരു ക്രിസ്തുമസ് കാലം. കൃത്യമായി പറഞ്ഞാൽ ഡിസംബർ 22-ലെ സായാഹ്നം. ദെബോറ എന്ന 15 വയസ്സുകാരി പെൺകുട്ടിയും അവളുടെ സഹോദരൻ കാലേബും ഭക്ഷണം കഴിക്കുകയാണ്. പിതാവ് പീറ്റർ ഒരു ക്രിസ്ത്യൻ പാസ്റ്റർ ആണ്. അദ്ദേഹം കുളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കോളിംഗ് ബെൽ മുഴങ്ങിയപ്പോൾ സഹോദരൻ ചെന്ന് വാതിൽ തുറന്നുനോക്കി. മുഖം മറച്ച, ആയുധധാരികളായ മൂന്നുപേർ വീടിനകത്തേയ്ക്ക് പ്രവേശിച്ചു. ശബ്ദം കേട്ട് പുറത്തേയ്ക്കിറങ്ങി വന്ന പീറ്ററിന്റെ നെഞ്ചിലേയ്ക്ക് അവർ വെടിയുതിർത്ത് അദ്ദേഹത്തെ കൊലപ്പെടുത്തി. വ്യക്തിവൈരാഗ്യത്തിന്റെ പേരിലല്ലായിരുന്നു ഈ കൊലപാതകം; ക്രിസ്തുവിനെ പ്രസംഗിച്ചു എന്ന പേരിൽ മാത്രമായിരുന്നു അത്.  ക്രിസ്ത്യാനിയായി എന്ന പേരിൽ മാത്രം പീറ്ററിന് ജീവൻ വെടിയേണ്ടി വന്നു. ബൊക്കോ ഹറാം (Boko Haram) എന്ന ഇസ്ലാമിക തീവ്രവാദ സംഘടനയിലെ അംഗങ്ങളാണ് അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തിയത്.

പീറ്റർ പിടഞ്ഞു മരിച്ചു കഴിഞ്ഞപ്പോൾ തീവ്രവാദികളായ മൂന്നുപേരും കാലെബിനെ വകവരുത്തണോ വേണ്ടയോ എന്ന് ചർച്ച നടത്തി. ഒടുവിൽ സഹോദരിയുടെ മുമ്പിലിട്ട് ആ ആൺകുട്ടിയെയും വെടിവച്ചു കൊന്നുകളഞ്ഞു. കുട്ടിയാണെങ്കിലും നാളെ അവൻ വളർന്ന് പിതാവിനെപ്പോലെ ക്രിസ്തുവിനെ പ്രസംഗിക്കുന്ന ഒരു മിഷനറി ആയേക്കാമെന്നുള്ള വലിയ സാധ്യതയെ പൂർണ്ണമായും ഉന്മൂലനം ചെയ്യുവാൻ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല. രക്തത്തിൽ കുളിച്ച് ജീവനറ്റു കിടക്കുന്ന സ്വന്തം പിതാവിനെയും സഹോദരനെയും കണ്ട് പേടിച്ചരണ്ട് ഒന്ന് ഉറക്കെ കരയുവാൻ പോലും ഭയന്ന് ദെബോറ ആ രാത്രി മുഴുവൻ ആ വീട്ടിൽ കഴിഞ്ഞുകൂടി.

ഇത് ദെബോറ എന്ന ഒരു പെൺകുട്ടിയുടെ മാത്രം ജീവിതകഥയല്ല. ഇത് ഒരു ഉദാഹരണം മാത്രമാണ്. ഇതുപോലെ എത്രയെത്ര ദെബോറമാര്‍! സ്വന്തം പിതാവിനെയും മാതാവിനെയും സഹോദരങ്ങളെയും മതതീവ്രവാദികൾ ക്രൂരമായി കൊന്നൊടുക്കിയ, പ്രതികരിക്കുവാൻ ത്രാണിയില്ലാത്ത, ഒരു നിമിഷം കൊണ്ട് അനാഥമാക്കപ്പെട്ട അനേകായിരം നൈജീരിയൻ ക്രിസ്ത്യന്‍ ജീവിതങ്ങളുടെ പ്രതിനിധിയാണ് ദെബോറ.

നൈജീരിയയിലെ ക്രിസ്തീയ വിശ്വാസത്തിന്റെ തുടക്കം  

15-16 നൂറ്റാണ്ടുകളില്‍ പോര്‍ച്ചുഗലില്‍ നിന്നുള്ള അഗസ്റ്റീനിയന്‍ – കപ്പൂച്ചിന്‍ മിഷനറിമാരാണ്  നൈജീരിയയിൽ ക്രിസ്തീയ വിശ്വാസത്തിന്റെ വിത്തുകള്‍ പാകിയത്‌. 200 മില്യൺ ജനങ്ങളുള്ളതിൽ ഏകദേശം 45.9 % ക്രിസ്തുമത വിശ്വാസികളാണ് നൈജീരിയയിലുള്ളത്. ഏതാണ്ട് എല്ലാ ക്രിസ്തീയവിഭാഗങ്ങളും ഇവിടെയുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവുമധികം ക്രിസ്ത്യാനികളുള്ളത് നൈജീരിയയിൽ ആണെന്നാണ് പഠനങ്ങൾ പറയുന്നത്. പക്ഷേ, ഇപ്പോൾ ബൊക്കോ ഹറാം, ഫുലാനി ജിഹാദിസ്റ്റുകളുടെ ക്രൂരമായ പ്രവർത്തനങ്ങൾ അവിടങ്ങളിൽ നിന്നെല്ലാം ക്രിസ്ത്യാനികളെ തുടച്ചുനീക്കിക്കൊണ്ടിരിക്കുന്നു.

തീവ്രവാദ ആക്രമണങ്ങളും മതപരമായ അടിച്ചമർത്തലുകളും

നൈജീരിയയുടെ വടക്കൻ ഭാഗങ്ങളിലെ മധ്യ ബെൽറ്റിലെയും ക്രൈസ്തവർ ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളായ ഫുലാനി ഹെർഡ്‌സ്‌മെൻ (Fulani Herdsmen), ബൊക്കോ ഹറാം (Boko Haram) എന്നിവരുടെ ആക്രമങ്ങളിൽ നിരന്തരമായി തിക്തഫലങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ്. അവരുടെ ദയയില്ലാത്ത ആക്രമണങ്ങൾ ക്രിസ്ത്യാനികളുടെ ജീവനും സ്വത്തിനും വലിയ നഷ്ടം വരുത്തുന്നതുമാണ്. അവരുടെ ഭൂമിയും മറ്റ്‌ ഉപജീവനമാർഗ്ഗങ്ങളും തച്ചുടച്ച് ഇല്ലാതാക്കുന്നതോടൊപ്പം തന്നെ ക്രിസ്ത്യൻ കുട്ടികൾക്കും യുവജനങ്ങൾക്കും വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങൾ പോലും നിഷേധിക്കുകയാണ്. ഉപദ്രവിക്കപ്പെടുമെന്നോ കൊല്ലപ്പെടുമെന്നോ ഭയന്ന് സാധാരണയായി ഇവരില്‍ പലരും രഹസ്യ കേന്ദ്രങ്ങളില്‍  താമസിക്കുകയും പുറത്തിറങ്ങേണ്ട സാഹചര്യമുണ്ടാകുമ്പോൾ ഇസ്ലാം മത വിശ്വാസികളെപ്പോലെ വസ്ത്രം ധരിക്കുകയും ചെയ്യുന്നു.

നൈജീരിയയിൽ ഇപ്പോൾ എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു?

അധ്വാമ (Adwama) സ്റ്റേറ്റ് സീനിയർ അംഗമായ ഡോ. ബിട്രസ് പോഗു, നൈജീരിയയിൽ ഇപ്പോൾ ക്രിസ്ത്യാനികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളെ വിവരിക്കുന്നത് ഇപ്രകാരമാണ്: “തലമുറകളായി  ക്രിസ്ത്യാനികളുടെ സ്വന്തമായിരുന്ന കെട്ടിടങ്ങളും സ്വത്തുവകകളുമൊക്കെ ഇപ്പോൾ ഫുലാനികളുടെ കൈവശമാണ്. അവര്‍ ഒട്ടനവധി ക്രിസ്ത്യാനികളെ കൊന്നൊടുക്കി. ആക്രമണങ്ങൾക്കുശേഷം തിരികെ തങ്ങളുടെ കൃഷിയിടങ്ങളിലേയ്ക്ക് എത്തിച്ചേരുവാൻ ശ്രമിച്ചവരെപ്പോലും അവർ വെറുതേ വിട്ടില്ല. അവരെയും അവർ കൊന്നൊടുക്കി. ആ സ്ഥലം ഇന്ന് ശൂന്യമാണ്. ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന അസ്‌കിര ഉബ ഇന്ന് മരുഭൂമി പോലെ വിജനമാണ്.”

അദ്ദേഹം തുടരുന്നു.

“ഗവോസയിലെ പാർപ്പിടങ്ങളിൽ നിങ്ങൾക്ക് ഒരു ക്രിസ്ത്യാനിയെ കണ്ടുമുട്ടുക എന്നത് വളരെ ശ്രമകരമായ ഒരു ദൗത്യമാണ്. കാമറൂൺ അഭയാർത്ഥി ക്യാമ്പുകളിൽ ഏകദേശം 90,000 പേരാണ് ഗവോസയിൽ നിന്നു മാത്രം സ്വന്തം ജീവൻ രക്ഷിക്കുവാൻ എത്തിച്ചേർന്നത്. അതുകൂടാതെ, ഒരുപാടു പേർ അബുജയിലേയ്ക്കും മറ്റു പല സ്ഥലങ്ങളിലേയ്ക്കും ഓടിപ്പോയിരിക്കുന്നു. ഗ്രാമങ്ങളെല്ലാം തന്നെ മരുഭൂമി പോലെയായിരിക്കുന്നു. പ്രാദേശിക ഗവണ്മെന്റ് സ്ഥാപനങ്ങൾ പോലും ഇപ്പോൾ അവിടെ പ്രവർത്തനരഹിതമാണ്. ക്രിസ്ത്യാനികൾ തിങ്ങിപ്പാർത്തിരുന്ന ചിബോക് പോലുള്ള ഗ്രാമങ്ങളെല്ലാം തുടർച്ചയായുള്ള അക്രമങ്ങൾ മൂലം ഇന്ന് വിജനമാണ്. അവിടെ നിന്നും ആറു കിലോമീറ്റർ അപ്പുറത്തു മാത്രമാണ് ഒരു താമസസ്ഥലമുള്ളത്. അവിടെ താമസിക്കുന്നത് ഒരേയൊരാളും – അഡ്മിനി എന്ന വൈദികൻ! പ്രധാന റോഡുകളുടെ ഓരങ്ങളിൽ മാത്രം ഒന്നോ രണ്ടോ വീടുകൾ കാണാം.”

പല തീവ്രവാദ സംഘടനകൾ: ഒരേ ലക്ഷ്യം 

ക്രിസ്ത്യൻ വിശ്വാസികളെ അടിച്ചമർത്തുക എന്ന ലക്ഷ്യത്തോടെ പ്രധാനമായും രണ്ടു തരത്തിലുള്ള തീവ്രവാദ സംഘടനകളാണുള്ളത്. ‘ജിഹാദിസ്റ്റ് ഫുലാനി ഹെർഡ്‌സ്‌മെൻ’ അതുപോലെ തന്നെ ‘ബൊക്കോ ഹറാം ജിഹാദിസ്റ്റ്.’ ഇതിൽ ബൊക്കോ ഹറാം സംഘടനയുടെ ആഗോളതലത്തിൽ അറിയപ്പെടുന്ന പേര് ‘ഇസ്ലാമിക്‌ സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്കൻ പ്രൊവിൻസ്’ (Islamic State in West Africa Province -ISWAP) എന്നാണ്. ‘ഫുലാനി ജിഹാദിസ്റ്റ്’കൾ ഇപ്പോൾ ലോകത്തിലെ ഏറ്റവും അപകടകാരിയായ തീവ്രവാദ സംഘടനയാണ്.

ഇരുകൂട്ടരും ചേർന്ന് നൈജീരിയയിൽ ഓരോ ദിവസവും കൊന്നുകൊണ്ടിരിക്കുന്നത് ശരാശരി അഞ്ചു ക്രിസ്ത്യാനികളെയാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു.  പാവപ്പെട്ട ക്രിസ്ത്യാനികളെ കൊള്ളയടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടാണ് അവരുടെ ആയുധശേഖരങ്ങൾക്കും ഭക്ഷണത്തിനുമായിട്ടുമൊക്കെയുള്ള പണം കണ്ടെത്തുന്നത്. ക്രിസ്ത്യാനികളുടെ രക്തം കൊണ്ട്, തങ്ങളുടെ മതത്തെയും സംഘടനയെയും പരിപോഷിപ്പിക്കുന്ന ഏറ്റവും ക്രൂരമായ തീവ്രവാദശൈലിയില്‍ അവർ പ്രവര്‍ത്തിക്കുന്നു. മുസ്ളീമുകൾ മാത്രമായിട്ടുള്ള ഒരു നൈജീരിയയെ സ്വപ്നം കണ്ട്, അവിടുത്തെ ക്രിസ്ത്യാനികളെ കൊന്നൊടുക്കുന്ന ഒരു കൂട്ടം യാഥാസ്ഥിതിക ചിന്താഗതിയുള്ള തീവ്രവാദികളാണ് അവിടുള്ളത്.

തുടര്‍ച്ചയായ ആക്രമണങ്ങള്‍ 

2015 ജൂൺ മുതല്‍ 12,000-ലധികം ക്രൈസ്തവർ നൈജീരിയയിൽ വധിക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. ലക്ഷക്കണക്കിനു ക്രിസ്ത്യാനികള്‍ക്ക് പലായനം ചെയ്യേണ്ടതായിവന്നു. രണ്ടായിരത്തോളം ദേവാലയങ്ങൾ തകർക്കപ്പെട്ടു. ഇരുപതോളം പുരോഹിതര്‍ കൊല്ലപ്പെട്ടു. അതില്‍ എട്ടോളം പേര്‍ കത്തോലിക്കാ പുരോഹിതരോ സെമിനരിക്കാരോ ആണ്.

2019 ഏപ്രിലില്‍ ബൊക്കോ ഹറാം തീവ്രവാദികൾ മഡഗലി ലോക്കൽ ഗവണ്മെന്റ് ഏരിയയിലെ ക്രിസ്ത്യൻ ഖുദാ സമുദായത്തെ ആക്രമിക്കുകയും മുപ്പതോളം വീടുകൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. 23 പേർ കൊല്ലപ്പെട്ടതിൽ 20 പേർ ക്രിസ്ത്യാനികളാണ്. താരതമ്യേന സുരക്ഷിതമെന്നു കരുതുന്ന അധ്വാമ സ്റ്റേറ്റിലെ ഗുലാക്കിലും മറ്റു ഭാഗങ്ങളിലും അഭയം തേടി ഇവിടുത്തെ താമസക്കാർ പലായനം ചെയ്യുകയാണുണ്ടായത്.  2019 ആഗസ്റ്റില്‍ തരാഹാ സ്റ്റേറ്റില്‍ തീവ്രവാദികള്‍ 18 ഗ്രാമങ്ങള്‍ തീവച്ചു നശിപ്പിച്ചു. അതില്‍ 15 പള്ളികളും രണ്ടു സ്കൂളുകളും ഒരു ആരോഗ്യകേന്ദ്രവും നശിപ്പിക്കപ്പെട്ടു. 2019 സെപ്റ്റംബറില്‍ മൂന്ന് ക്രിസ്ത്യാനികള്‍ കൊല്ലപ്പെട്ടു. 2019 ഒക്ടോബറില്‍ ആറു പെണ്‍കുട്ടികളേയും രണ്ട് അധ്യാപരേയും തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി.

2020-ല്‍ ജൂണ്‍ മാസം വരെ 620 ക്രിസ്ത്യാനികള്‍ ഇസ്ലാമിക തീവ്രവാദികളാല്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നാണ് ‘യൂണിയന്‍ ഓഫ് കാത്തലിക് ഏഷ്യന്‍ ന്യൂസ്’‌ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാഴ്ത്തപ്പെട്ട  സിപ്രിയൻ മൈക്കിൾ ഇവെനെ റ്റൻസി (Bl. Fr. Cyprian Michael Iwene Tansi) എന്ന പുരോഹിതനും, വിവിയൻ ഉച്ചേച്ചു ഓഗു (Vivian Uchechu Ogu) എന്ന, 14 വയസ്സു മാത്രം പ്രായമുള്ളപ്പോള്‍ ശുദ്ധത സംരക്ഷിക്കാന്‍വേണ്ടി കൊല്ലപ്പെട്ട പെണ്‍കുട്ടിയും നൈജീരിയയുടെ വിശ്വാസ സംരക്ഷണത്തിന് മാതൃകയാണ്. എങ്കിലും നൈജീരിയയുടെ ഇന്നത്തെ ക്രൈസ്തവ വിശ്വാസ അന്തരീക്ഷം വളരെ വിഷമകരമായ ഘട്ടത്തിലേയ്ക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്.

നൈജീരിയയിൽ നടക്കുന്നത് ക്രൈസ്തവ വംശഹത്യ  

നൈജീരിയയിൽ നടക്കുന്നത് ക്രൈസ്തവ വംശഹത്യയാണെന്ന് സോകോട്ടോ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് മാത്യു ഹസൻ കുക്ക ആവർത്തിച്ചു പറയുന്നു. ക്രൈസ്തവര്‍ ഉൾപ്പെടെ അഞ്ച് സന്നദ്ധപ്രവർത്തകരെ അടുത്തിടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ ‘എയിഡ് ടു ദി ചർച്ച് ഇൻ നീഡ്’ എന്ന സംഘടനയ്ക്കു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം ആവർത്തിച്ചത്.

2015-നു ശേഷം 12,000 ക്രൈസ്തവ വിശ്വാസികളാണ് രാജ്യത്ത് കൊല്ലപ്പെട്ടതെന്ന് ബിഷപ്പ് പറയുന്നു. മൂന്നു ലക്ഷത്തോളം ആളുകൾ ഭവനരഹിതരായി. അക്രമങ്ങളിലൂടെയും തട്ടിക്കൊണ്ടു പോകലിലൂടെയും തീവ്രവാദികൾ പണമുണ്ടാക്കുന്നു. തീവ്രവാദത്തിനു ലഭിക്കുന്ന പണത്തിന് വിവിധ ഉറവിടങ്ങളുണ്ടെന്ന് ബിഷപ്പ് കുക്ക ചൂണ്ടിക്കാട്ടി. തീവ്ര ചിന്താഗതിയുള്ളവർ സുരക്ഷാ ഏജൻസികളിൽ പോലും കടന്നുകയറിയിട്ടുള്ളതിനാൽ സർക്കാരിന്റെ പണം പോലും തീവ്രവാദത്തിനു വേണ്ടി പോകുന്നുണ്ടോയെന്ന് സംശയമുള്ളതായി അദ്ദേഹം സൂചിപ്പിച്ചു. സൈന്യത്തിന്റെ അലംഭാവമാണ് തീവ്രവാദികളെ ശക്തമാക്കുന്നതെന്നും ക്രൈസ്തവ വിരുദ്ധ പീഡനത്തെ പ്രതിരോധിക്കാനായി കൂടുതൽ അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും ബിഷപ്പ് മാത്യു ഹസൻ കുക്ക ആവശ്യപ്പെട്ടു.

ദെബോരയെപ്പോലെ ഒരുപാട് ജീവിതങ്ങൾ ക്രിസ്തുവിലുള്ള തങ്ങളുടെ വിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നുണ്ട്. ചോദ്യം ചെയ്യപ്പെട്ടപ്പോൾ പോലും തങ്ങളുടെ വിശ്വാസത്തെ മറ്റൊന്നിലേയ്ക്ക് പറിച്ചുനടാതെ ജീവിതത്തിലൂടെ ഇനിയും ക്രിസ്തുവിനെ പ്രഘോഷിക്കുവാൻ ദിനംപ്രതി പലായനം ചെയ്യുന്ന ഒരു ജനത. “അവർ ഭീകരരാണ്, എനിക്ക് നഷ്ടപ്പെട്ടത് എന്റെ പ്രിയപ്പെട്ടവരാണെങ്കിലും ഞാൻ അവരെ വിധിക്കുന്നില്ല. കാരണം, ബൈബിൾ പറയുന്നത് നിങ്ങൾ വിധിക്കരുതെന്ന് എന്നാണ്. എന്റെ അപ്പനും സഹോദരനും ഇപ്പോൾ ദൈവത്തിന്റെ നിഴലിലാണുള്ളത്…”

തിളങ്ങുന്ന കണ്ണുകളാൽ ദെബോറയെന്ന പെൺകുട്ടി വിശ്വാസത്തോടെ ഉറപ്പിച്ചു പറയുകയാണ്. എത്ര വലിയ മതപീഡനങ്ങൾ നേരിട്ടാലും ഉറച്ച വിശ്വാസത്തോടെയുള്ള ഒരൊറ്റ മറുപടി മതി, എത്ര വലിയ തീവ്രവാദിയുടെ തോക്കുകളും വാളുകളുമെല്ലാം യഥാർത്ഥ വിശ്വാസത്തിന്റെ മുമ്പിൽ നിര്‍ജ്ജീവമാകാൻ.

ഫാ. പോള്‍ ഉബേബെ ഉത്തര നൈജീരിയയിലെ ആശ്രമത്തിലാണ്. ‘ഒബ്ലാത്തി ഡി മരിയ വെര്‍ജിന്‍’ സന്യാസ സമൂഹത്തിലെ അംഗമാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ലൈഫ് ഡേ -യുടെ പ്രതിനിധി അദ്ദേഹവുമായി ദീര്‍ഘനേരം, നൈജീരിയയിലെ ക്രിസ്ത്യാനികളുടെ അവസ്ഥയെക്കുറിച്ചു സംസാരിച്ചു. അച്ചന്റെ ആശ്രമത്തില്‍ നിന്നും കലാപം നടക്കുന്ന ഇടത്തേയ്ക്ക് കേവലം 30 മിനിറ്റ് ദൂരം മാത്രമേയുള്ളൂ. അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത് ഇങ്ങനെയാണ്:

“ഞങ്ങളുടെ അവസ്ഥ ഏറെ സങ്കടകരമാണ്. ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണം. അവര്‍ ചെയ്യുന്നതുപോലെ തിരിച്ചും ചെയ്യാന്‍ ഞങ്ങള്‍ക്കാവില്ലല്ലോ. ക്രിസ്തു നമ്മളെ അങ്ങനെയല്ലല്ലോ പഠിപ്പിച്ചിരിക്കുന്നത്. ഒന്നേ പറയാനുള്ളൂ – നിങ്ങള്‍ ഞങ്ങള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കണം.”

വിശ്വാസത്തെ മാത്രം മുറുകെപ്പിടിച്ചുകൊണ്ട് ലോകത്തിനു മുഴുവൻ മാതൃകയാകുന്ന നൈജീരിയൻ ക്രൈസ്തവ സമൂഹത്തിനായി നമുക്ക്  പ്രാർത്ഥിക്കാം.

തുടരും

നാളെ: ഇന്തോനേഷ്യ – അവസാന ബഞ്ചിലെ ക്രിസ്ത്യാനി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.