മദ്ധ്യപൂര്‍വ്വദേശത്തെ  തിരുപ്പിറവി വിളിച്ചോതിക്കൊണ്ട് പള്ളിമണികള്‍ മുഴങ്ങി 

മദ്ധ്യപൂര്‍വ്വദേശത്ത് തിരുപ്പിറവി വിളിച്ചോതിക്കൊണ്ട് അവിടത്തെ ദേവാലയ മണികള്‍ ഇത്തവണ മുഴങ്ങി  എന്ന് സുറിയാനി കത്തോലിക്കാ സഭയുടെ അന്ത്യോക്ക്യായുടെയും ആകമാന സിറിയയുടെയും പാത്രിയര്‍ക്കിസ് ഇഗ്നേഷ്യസ് എഫ്രേം യുസഫ് പറഞ്ഞു.

യുദ്ധവും കലാപവും ഭീകരപ്രവര്‍ത്തനങ്ങളും മൂലം നാളുകളായി നിശ്ശബ്ദമായിരുന്ന ദേവാലയ മണികളാണ് ഇക്കുറി ക്രിസ്തുമസ്സ്നാളില്‍ തിരുപ്പിറവിയുടെ ആനന്ദം വിളിച്ചോതിക്കൊണ്ടു മുഴങ്ങിയതെന്ന് മദ്ധ്യപൂര്‍വ്വദേശത്തും, ലോകത്തെ ഇതര ഭാഗങ്ങളിലും ജീവിക്കുന്ന സുറിയാനി കത്തോലിക്കര്‍ക്ക് അയച്ച ക്രിസ്തുമസ്സ് സന്ദേശത്തില്‍ പാത്രിയര്‍ക്കിസ് യൂസഫ് പറഞ്ഞു.

ഭീകരപ്രവര്‍ത്തനങ്ങളുടെ താവളങ്ങള്‍‍ പിടിച്ചടക്കാന്‍ സാധിച്ചതാണ് ഒരു പരിധിവരെ നിനീവെ താഴ്വാരത്തും കുര്‍ദിസ്ഥാന്‍ പ്രവിശ്യയിലും ഇറാക്കിന്‍റെ മറ്റുഭാഗങ്ങളിലുമുള്ള ദേവാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാനും വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാനും സാധിക്കുന്നതെന്ന് പാത്രിയര്‍ക്കിസ് യൂസഫ് സന്ദേശത്തില്‍ വ്യക്തമാക്കി. ഭീകരപ്രവര്‍ത്തനങ്ങള്‍ ഇല്ലായ്മ ചെയ്യാനുള്ള സിറിയന്‍ സര്‍ക്കാരിന്‍റെ ശ്രമകരമായ പരിശ്രമത്തെ പാത്രിയര്‍ക്കിസ് യൂസഫ് സന്ദേശത്തില്‍ പ്രശംസിച്ചു.

വരുംതലമുറയ്ക്ക് സമാധാനപൂര്‍ണ്ണായി ജീവിക്കാനും ഭൂമിയെയും പരിസ്ഥിതിയെ സംരക്ഷിക്കാനും വളര്‍ത്താനും സാധിക്കുന്നൊരു സംസ്ക്കാരം സിറിയന്‍ പ്രവശ്യയിലെ യുവതലമുറയില്‍ ഇനിയും വളര്‍ത്തിയെടുക്കാന്‍ സാധിക്കണമെന്ന് പാത്രിയര്‍ക്കിസ് യൂസഫ് സന്ദേശത്തില്‍ ആഹ്വാനംചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.