മാതാപിതാക്കളും ഇടവകയും കുട്ടികളുടെ കൂദാശാജീവിതത്തെ ഏറെ സ്വാധീനിക്കുന്നു എന്ന് പഠന റിപ്പോര്‍ട്ട് 

കുഞ്ഞുങ്ങളുടെ കൂദാശാജീവിതത്തെ പരിപോഷിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍ക്കും ഇടവകയ്ക്കും വിദ്യാലയങ്ങള്‍ക്കും വ്യക്തമായ പ്രാധാന്യം ഉണ്ടെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഡബ്ലിന്‍ അതിരൂപത നടത്തിയ ഗവേഷണങ്ങളാണ് ഈ കണ്ടെത്തലിലേയ്ക്ക് രൂപതാധികൃതരെ എത്തിച്ചത്.

കൂദാശാ സ്വീകരണത്തിനായി തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ഐറിഷ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ അയര്‍ലണ്ടിലെ പ്രത്യേകതയാണെന്ന് പഠനം ചൂണ്ടിക്കാട്ടി. ഇടവകകളില്‍ കുഞ്ഞുങ്ങളെ തയ്യാറാക്കുന്ന പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുവാന്‍ മാതാപിതാക്കളെ കൂടുതലായി നിര്‍ബന്ധിക്കുന്നുണ്ട്. എന്നാല്‍, പലപ്പോഴും ഇത് ഒരു സ്‌കൂള്‍ പ്രവര്‍ത്തനമായി തെറ്റിദ്ധരിക്കപ്പെടുന്നു.

കുട്ടികളുടെ കൂദാശാജീവിതത്തില്‍ മാതാപിതാക്കളുടെയും മറ്റുള്ളവരുടെയും സ്ഥാനത്തെക്കുറിച്ചുള്ള പഠനം 2018-ലാണ് ആരംഭിക്കുന്നത്. മാതാപിതാക്കള്‍, വൈദികര്‍, സന്യസ്തര്‍, ഇടവക വിശ്വാസികള്‍, സ്‌കൂളുകള്‍ തുടങ്ങിയ വിവിധ മേഖലകളിലുള്ള ആളുകളുമായി സംസാരിച്ചതിന്റെയും അവരുമായുള്ള കുട്ടികളുടെ ബന്ധം നിരീക്ഷിച്ചതിന്റെയും വെളിച്ചത്തിലാണ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

1800-ഓളം ആളുകളില്‍ നടത്തിയ നിരീക്ഷണത്തില്‍ പലര്‍ക്കും, സ്‌കൂളുകളില്‍ നടക്കുന്ന വിശ്വാസപരിശീലനത്തെക്കാള്‍ കൂടുതല്‍ കുടുംബങ്ങളിലും ദേവാലയങ്ങളിലും നല്‍കണം എന്ന അഭിപ്രായക്കാരാണ്. കുട്ടികളെ ഭവനങ്ങളോടും ദേവാലയത്തോടും ചേര്‍ത്തുനിര്‍ത്തി ആദ്യകുര്‍ബാന സ്വീകരണത്തിനായി ഒരുക്കുന്ന ഗ്രോ ഇന്‍ ലവ് എന്ന പരിശീലനപരിപാടിക്ക് ഡബ്ലിനില്‍ സ്വീകാര്യതയേറുകയാണ് എന്നും പഠനം വെളിപ്പെടുത്തുന്നു.