ന്യൂനപക്ഷ സംരക്ഷണത്തിനായുള്ള സർക്കാരിന്റെ നീക്കങ്ങളെ സ്വാഗതം ചെയ്ത് പാക്ക് ക്രൈസ്തവ സമൂഹം

പാക്കിസ്ഥാനിലെ മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി ‘ഇന്റർ റിലീജിയസ് ഹാർമണി’ വകുപ്പിന്റെ കീഴിൽ പ്രത്യേക വിഭാഗം രൂപീകരിക്കുവാനുള്ള മതസൗഹാർദ്ദത്തിനുവേണ്ടിയുള്ള പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രത്യേക ഉപദേഷ്ടാവ് ഹാഫിസ് താഹിർ മെഹ്മൂദ് അഷ്റാഫിയുടെ ശ്രമങ്ങൾക്ക് അഭിനന്ദനവുമായി ഹൈദരാബാദ് മെത്രാനും നാഷ്ണൽ കാത്തലിക് കമ്മീഷൻ ഫോർ ജസ്റ്റിസ് ആൻഡ്‌ പീസ്‌ (സി.സി.ജെ.പി) ചെയർമാനുമായ സാംസൺ ഷുക്കാർഡിൻ രംഗത്ത്. “അപ്പീൽ ടു നോൺ മുസ്ലിംസ് ഇൻ പാക്കിസ്ഥാൻ” എന്ന പേരിൽ സർക്കാർ കാര്യാലയം തുടങ്ങിവെച്ച നടപടികൾ വിവിധ മതങ്ങൾ തമ്മിലുള്ള സൗഹാർദ്ദത്തേയും സമാധാനത്തേയും ശക്തിപ്പെടുത്തുമെന്നും മതന്യൂനപക്ഷങ്ങൾക്ക് ഭയം കൂടാതെ ജീവിക്കുവാൻ സഹായിക്കുമെന്നും ബിഷപ്പ് ഷുക്കാർഡിൻ പറഞ്ഞു.

“നിർബന്ധിത മതപരിവർത്തനങ്ങളെക്കുറിച്ചും, വിവാഹങ്ങളെക്കുറിച്ചും, മതത്തിന്റെ പേരിൽ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നതിനെ കുറിച്ചും കാലാകാലങ്ങളായി കേൾക്കുകയാണ്. മതനിന്ദാ നിയമത്തിന്റെ ദുരുപയോഗം അടക്കമുള്ള വിഷയങ്ങളിൽ പ്രശ്ന പരിഹാരത്തിനായി പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ നിർദ്ദേശാനുസരണം ഒരു പ്രത്യേക വിഭാഗം രൂപീകരിച്ചിട്ടുണ്ടെന്ന അഷ്റാഫിയുടെ പ്രഖ്യാപനത്തെ രാജ്യത്തെ പ്രമുഖ മതന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം സ്വാഗതം ചെയ്യുന്നു”- അദ്ദേഹം പറഞ്ഞു.

മതന്യൂനപക്ഷങ്ങളിൽപ്പെടുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് മതപരിവർത്തനം ചെയ്യുന്നതിൽ നിന്നും വ്യാജ മതനിന്ദ ചുമത്തുന്നതിൽ നിന്നും സംരക്ഷിക്കുന്ന കാര്യത്തിലും പാക്ക് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അഷ്റാഫി വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.