വെടിയേറ്റ ബിഷപ്പിന്റെ സ്ഥാനാരോഹണ ചടങ്ങുകൾ അടുത്ത വർഷത്തേയ്ക്കു മാറ്റി

സെൻട്രൽ സൗത്ത് സുഡാനിലെ റംബെക്കിന്റെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റ്യൻ കാർലാസാരെയുടെ സ്ഥാനാരോഹണ ചടങ്ങുകൾ 2022 -ലേക്കു മാറ്റി. ഈ വർഷം മെയ് 23 -ന് നടത്തേണ്ട ചടങ്ങുകൾ, അദ്ദേഹത്തിന്റെ രണ്ടു കാലുകൾക്കും വെടിയേറ്റതിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഏപ്രിൽ 26 -നാണ് അദ്ദേഹത്തിന് വെടിയേറ്റത്.

കെനിയയിലെയും ദക്ഷിണ സുഡാനിലെയും അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ചുബിഷപ്പ് ബെർട്ട് വാൻ മെഗൻ ഒക്ടോബർ 30 -ലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. “റംബെക്കിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ട ക്രിസ്റ്റ്യൻ കാർലാസറെയുടെ മെത്രാഭിഷേകം 2022 -ലേക്ക് മാറ്റിവച്ചിരിക്കുന്നു. പരിശുദ്ധ സിംഹാസനത്തെ പ്രതിനിധീകരിച്ച് ഈ തീരുമാനം നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമയാണ്” – അദ്ദേഹം പറഞ്ഞു. ദക്ഷിണ സുഡാനിലെയും സുഡാനിലെയും പ്രാദേശിക ഓർഡിനറികൾക്കും അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റർമാർക്കും എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

പത്തു വർഷങ്ങൾക്കു ശേഷമാണ് റംബെക്കിലേക്ക് പുതിയ ബിഷപ്പിനെ ഫ്രാൻസിസ് പാപ്പാ നിയമിച്ചത്. 44 -കാരനായ ഇറ്റാലിയൻ വംശജനായ ഫാ. ക്രിസ്റ്റ്യൻ കാർലാസാരെ ഒരു മിഷനറി വൈദികനായിരുന്നു. വെടിയേറ്റ അദ്ദേഹം സുഖം പ്രാപിച്ചു വരികയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.