ഭരണങ്ങാനത്തെ ദീപ്തമാക്കിയ യോഗിനി

സ്‌നേഹത്തിന്റെ മധുരഗാനം പാടിപ്പാടിയ ദൈവത്തിലേക്കു പറന്നുയര്‍ന്ന അല്‍ഫോന്‍സാമ്മ ജീവിതത്തെ സ്‌നേഹത്തിന്റെ നൂലില്‍ കോര്‍ത്തിണക്കിയപ്പോള്‍ യോഗിനിയായി. ദൈവവും മനുഷ്യാത്മാവും തമ്മിലുള്ള സമാഗമത്തിനുവേണ്ടിയുള്ള മനുഷ്യന്റെ നൈസര്‍ഗ്ഗിക തൃഷ്ണയില്‍നിന്ന് ഉരുത്തിരിയുന്നതാണ് യോഗാത്മകത. പ്രാര്‍ത്ഥനവഴി ആത്മാവ് ദൈവത്തോട് യോജിക്കുന്നു. ഈ സംയോജനം മനുഷ്യബുദ്ധിക്കതീതമാണ്. എങ്കിലും ദൈവത്തിന് ആത്മാവിനോട് കൃപ തോന്നി അതിനെ തന്റെ ഗാഢാശ്ലേഷത്തിലേക്കു നയിക്കുവാന്‍ സാധിക്കും. ഇപ്രകാരമുള്ള സ്വഭാവാതീതമായ ദൈവദാനമാണ് യോഗികള്‍ക്കു ലഭിക്കുന്നത്. ഈ ദാനം സ്‌നേഹനാഥനില്‍നിന്നും ഏറ്റുവാങ്ങിയ വിശുദ്ധയാണ് അല്‍ഫോന്‍സ.

”സ്‌നേഹനാഥന്‍ എന്റെ ഹൃദയത്തിലാണ് ആര്‍ക്കും എടുത്തുകൊണ്ടുപോകാന്‍ സാധിക്കയില്ല” എന്ന് ഉദീരണം ചെയ്തത് ഉള്ളോട് ഉള്‍ച്ചേര്‍ന്നിരിക്കുന്നവന്റെ ദിവ്യസാന്നിധ്യാനുഭവത്തില്‍ നിന്നാണ്. യോഗിനിയുടെ അന്തരാത്മാവിന്റെ നെടുവീര്‍പ്പാണ് താദാത്മ്യം പ്രാപിക്കുക എന്നത്.” അങ്ങയുടെ നിണം ഒഴുകുന്ന കരംകൊണ്ട് എന്നെ തഴുകേണമേ. അങ്ങയുടെ പിളര്‍ക്കപ്പെട്ട മാറില്‍ എന്നെയും ചേര്‍ക്കേണമെ” ദിവ്യമായ ഐക്യത്തിന്റെ അവസ്ഥ. നദി സമുദ്രത്തിലേക്ക് ഒഴുകുന്നതുപോലെ അല്‍ഫോന്‍സായാകുന്ന യോഗിനിയുടെ ആത്മാവ് യേശുവാകുന്ന സാഗരത്തില്‍ അപ്രത്യക്ഷമായി. ഇഷ്ടാനിഷ്ടങ്ങള്‍ തകിടം മറിഞ്ഞു. വിട്ടുകൊടുക്കലിന്റെ ആനന്ദം അനുഭവിച്ചു. ആത്മനാഥനില്‍ ഒന്നായിത്തീര്‍ന്നു. അവിടെ വലിയ ഹൃദയസ്വാതന്ത്ര്യമാണ്. ”നീ ചോദിച്ചതൊക്കെ ഞാന്‍ തന്നില്ലേ? ഞാന്‍ ചോദിക്കുന്നത് തന്നാലെന്താ?” എന്നീ വാക്കുകള്‍ അതല്ലേ വെളിപ്പെടുത്തുന്നത്.

ആര്‍ക്കും എടുത്തുമാറ്റാന്‍ സാധിക്കാത്തതായിരുന്നു അകതാരിലെ നിറവ്. ദിവ്യകാരുണ്യവും, തിരുഹൃദയവും ഈ നിറവിലേക്ക് നിരന്തരം അല്‍ഫോന്‍സായെ ആകര്‍ഷിച്ചു. ജീവിതത്തിലെ ഏകാന്തതയിലെ, പരിത്യജിക്കലിന്റെ, എന്നല്ല ഏതു തിക്താനുഭവവും യേശുവിന്റെ സ്‌നേഹം ഒഴുകിയെത്തുന്ന നിറവായി മാറി. സഹനത്തിന്റെ തീവ്രതയിലൂടെയാണ് ആത്മനാഥന്‍ താനുമായുള്ള സായൂജ്യത്തിലേക്ക് ആത്മാവിനെ നയിക്കുക. സഹനങ്ങളുടെ കുരിശുകളും ഇനിയും വേണമെന്ന തീവ്രമായ ആഗ്രഹം. തന്നിലേക്കു രൂപാന്തരപ്പെടുത്തുവാന്‍ നാഥന്‍ നല്കിയ സമ്മാനമായിരുന്നു പാരവശ്യം. ആര്‍ക്കും കണ്ടുനില്‍ക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഉഗ്രവേദന. ആ വേദനയിലും അല്‍ഫോന്‍സാമ്മ ദിവ്യസ്‌നേഹം നുകര്‍ന്നു. അമ്മയുടെ വാക്കുകള്‍തന്നെ ഇതു വ്യക്തമാക്കുന്നു.” പാരവശ്യത്തിനുശേഷം രാത്രിയിലനുഭവപ്പെടുന്ന ആനന്ദമോര്‍ക്കുമ്പോള്‍ അത് കൂടെക്കൂടെ വരുന്നതിനു ഞാന്‍ ആഗ്രഹിച്ചു.” നാഥന്‍ നല്‍കുന്ന ആനന്ദം അത്ര അവാച്യമായിരുന്നു.

യേശുവാകുന്ന ദിവ്യസാഗരത്തില്‍ മുങ്ങിത്തുടിച്ച് പരിശുദ്ധ ത്രീത്വത്തില്‍ ഒന്നായിത്തീര്‍ന്ന വി. അല്‍ഫോന്‍സാ പരമമായ അര്‍ത്ഥത്തില്‍ യോഗിനി തന്നെ. സ്വര്‍ഗ്ഗീയ ഭവനത്തിലെത്താന്‍ ഹൃദയം ദാഹിച്ചു. സ്വര്‍ഗ്ഗീയനാഥന്റെ ദിവ്യസ്വരം ശ്രവിച്ചു. ഹൃദയം ത്രസിച്ചു. അല്‍ഫോന്‍സാമ്മ ഉദ്ഘാഷിച്ചു. എന്റെ ബലി പൂര്‍ത്തിയാകുമ്പോള്‍ എന്റെ ദിവ്യനാഥന്‍ എന്നെ വിളിക്കും. അപ്പോള്‍ ഞാന്‍ ഒരു ഓട്ടം ഓടും. ഞാന്‍ ഓട് എന്റെ കര്‍ത്താവിന്റെ മടിയില്‍ ചെന്നിരിക്കും. കൂടുതകര്‍ത്ത് സ്വര്‍ഗത്തിലേക്ക് ഉയര്‍ന്ന ഈ യോഗിനി അതേ വി. അല്‍ഫോന്‍സാമ്മ ഭരണങ്ങാനത്തെ പ്രകാശമാനമാക്കിക്കൊണ്ട് ദൈവത്തില്‍ നിന്ന് അനുഗ്രഹങ്ങള്‍ വാരി ചൊരിയുന്നു.

സി. സെലിന്‍ തെരേസ് എഫ്. സി. സി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.