അമ്മയാകാൻ തീരുമാനിച്ച ഒരു ഒളിമ്പിക്സ് താരത്തിന് സംഭവിച്ചത്

30 വയസ്സിനുള്ളിൽ ഒൻപത് ഒളിമ്പിക് മെഡലുകൾ. അതിൽ ആറെണ്ണം സ്വർണ്ണമെഡലും മൂന്നെണ്ണം വെള്ളിയും. മത്സരിച്ച 11 ലോക ചാംപ്യൻഷിപ്പിലാണ് ഈ ഒൻപത് മെഡലുകൾ കരസ്ഥമാക്കിയതെന്ന വസ്തുത ഇവിടെ വളരെ പ്രസക്തമാണ്. അധികമൊന്നും സംസാരിക്കില്ലെങ്കിലും അലിസൺ ഫെലിക്സ് എന്ന ഒളിമ്പ്യന് തന്റെ ജീവിതം കൊണ്ട് പറയാനേറെയുണ്ട്. ജീവിതത്തിൽ അവർ ഓടിയത് മെഡലുകൾക്കു വേണ്ടി മാത്രമായിരുന്നില്ല.

ഇപ്പോൾ 35 വയസ്സുള്ള അലിസൺ, കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ മത്സരിച്ച് 400 മീറ്ററിൽ ഓടിവാങ്ങിയത് മൂന്നാം സ്ഥാനമായിരുന്നു. പക്ഷേ നേടിയത് വെങ്കലമായിരുന്നുവെങ്കിലും അതിന് സ്വർണ്ണത്തിളക്കമാണ്. കാരണം ഒരു അമ്മയാകുക എന്ന തീരുമാനം കൊണ്ട് തനിക്ക് നഷ്ടമാകുമായിരുന്ന അവസരത്തെ ദൃഢനിശ്ചയം കൊണ്ട് നേടിയെടുത്ത ഈ വനിതാതാരത്തിന്റെ പോരാട്ടത്തിന്റെ കഥയറിഞ്ഞാൽ ലോകം അവരുടെ മുമ്പിൽ മുട്ടുമടക്കും.

ലോസ് ആഞ്ചലസിൽ ഒരു ക്രൈസ്തവ കുടുംബത്തിൽ ജനിച്ച അലിസൺ, മത്സരങ്ങളിൽ അമേരിക്കയെയാണ് പ്രതിനിധീകരിക്കുന്നത്. 2015 -ൽ ബെയ്ജിങ് ഒളിമ്പിക്സിൽ 400 മീറ്റർ ഓടിയെത്തി സ്വർണ്ണമെഡലിന് അർഹയായത് വെറും 49.26 സെക്കന്റുകൾ കൊണ്ടായിരുന്നു. ഒരു തികഞ്ഞ ക്രൈസ്തവ വിശ്വാസിയായ അലിസൺ ഫെലിക്സ്, തന്റെ കഴിവിനെക്കുറിച്ച് പറഞ്ഞത് ഇപ്രകാരമാണ്: “എന്റെ വിശ്വാസം കൊണ്ടു മാത്രമാണ് ഞാൻ ഓടുന്നത്. ഒരു മികച്ച കഴിവ് തന്നാണ് ദൈവം എന്നെ അനുഗ്രഹിച്ചിരിക്കുന്നത്. ഞാൻ അത് പരമാവധി പ്രയോജനപ്പെടുത്തുന്നു.”

അമ്മയാകാൻ തീരുമാനിച്ചപ്പോൾ

അലിസണിന്റെ അതുവരെയുള്ള എല്ലാ മത്സരങ്ങളും സ്പോൺസർ ചെയ്തിരുന്നത് പ്രമുഖ അമേരിക്കൻ ഷൂസ് നിർമ്മാതാക്കളായ നൈക്ക് ആയിരുന്നു. 2017 ഡിസംബറിൽ നൈക്കുമായിട്ടുള്ള ഫെലിക്സിന്റെ കരാർ അവസാനിക്കുമായിരുന്നു. ആ സമയത്ത് അലിസൺ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതുകൊണ്ടു തന്നെ നൈക്ക്, അലിസണിന്റെ കരാർ പുതുക്കാൻ വിമുഖത കാണിക്കുകയും പുതിയ കരാർ പ്രകാരം 70% തുക വെട്ടിക്കുറക്കുകയും ചെയ്തു.

ഗർഭിണിയാകുന്ന കായികതാരങ്ങൾക്ക് യാതൊരുവിധ പരിഗണനയും നൽകാത്ത കമ്പനിയുടെ സ്‌പോൺസർഷിപ്പ് ഉപേക്ഷിച്ച് അവർ അതലറ്റ് എന്ന മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടു. അങ്ങനെ ഏഴാം മാസത്തിൽ രക്തസമ്മർദ്ദം കൂടിയതിനാൽ സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ ഫെലിക്സ് തന്റെ പോരാട്ടം പുനഃരാരംഭിച്ചു.

മൂന്നു മാസത്തോളം NICU -വിൽ മകൾ ക്യാമറിനും ജീവനും വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. ഒടുവിൽ ഇരുവരും വിജയം കണ്ടു. സിസേറിയൻ കഴിഞ്ഞ് വെറും പത്തു മാസത്തിനു ശേഷം ലോക അതലറ്റിക് ചാമ്പ്യൻഷിപ്പിൽ അലിസൺ, ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡ് തിരുത്തിക്കുറിച്ചു കൊണ്ട് സ്വർണ്ണമെഡലിന് അർഹയായി. പിന്നീട് ടോക്കിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയത് കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഫെലിക്സിന്റെ ഏറ്റവും മികച്ച വേഗത ലോകത്തിനു നൽകിക്കൊണ്ടായിരുന്നു. റിലേ മത്സരത്തിൽ അമേരിക്കക്കു വേണ്ടി സ്വർണ്ണമെഡലും ഫെലിക്സ് നേടി. തന്റെ 30 -ആം വയസ്സിൽ നേടിയെടുത്ത മെഡലിനേക്കാൾ ഏറ്റവും കുറഞ്ഞ വേഗതയിൽ 35 -ആം വയസ്സിൽ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുകയാണ് ഫെലിക്സ്. പ്രായമോ, മാതൃത്വമോ, അമ്മയാകേണ്ടി വന്നപ്പോൾ വിധേയയാകേണ്ടി വന്ന സർജറിയോ ഒന്നും തന്റെ ജീവിതത്തിൽ ഒരു വിലങ്ങുതടിയായി വന്നില്ല എന്ന് ഈ ഓട്ടക്കാരി തന്റെ പ്രകടനത്തിലൂടെ കാണിച്ചുതരികയാണ്.

ടോക്കിയോ ഒളിമ്പിക്സിലൂടെ ട്രാക്കിൽ നിന്ന് ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന അമേരിക്കൻ കായികതാരം എന്ന ബഹുമതിയാണ് അലിസണിനെ തേടിയെത്തിയത്. ലോകം മുഴുവൻ അവർക്കു വേണ്ടി കൈയ്യടിക്കുന്ന സമയത്ത് ഒരു കായികതാരം എന്ന ‘സ്റ്റാറ്റസിൽ’ നിന്നും ഒരു ‘അമ്മ’ എന്ന നിലവാരത്തിലേക്ക് അവർ മുന്നോട്ട് സഞ്ചരിച്ചിരുന്നു.

ടോക്കിയോ ഒളിമ്പിക്സിൽ ഓടിയെത്തി ട്രാക്കിലിരിക്കുന്ന അലിസണിന്റെ മനോഹരമായ ഒരു ചിത്രമുണ്ട്. അതിൽ അലിസൺ ഒറ്റക്കല്ലായിരുന്നു. മാതൃത്വമെന്ന പോരാട്ടത്തിൽ തനിക്കൊപ്പം നിന്ന് ജീവനു വേണ്ടി പോരാടിയ മകളായ ക്യാമറിനും ഒപ്പമുണ്ടായിരുന്നു. ഒരുപക്ഷേ, ഈ നൂറ്റാണ്ട് കണ്ടതിൽ വച്ച് ഏറ്റവും മികച്ച ചിത്രമെന്ന് ഇതിനെ വിശേഷിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. കാരണം, മാതൃത്വം എന്നാൽ മരണത്തിലേക്കുള്ള ചുംബനമല്ല എന്ന് ലോകത്തെ കാണിച്ചുതന്ന ഒരു അമ്മയുടെയും മകളുടെയും ചിത്രമാണത്.

സുനീഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

1 COMMENT

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.