ലോകത്തിലെ ഏറ്റവും പ്രായമുള്ള സന്യാസിനിക്ക് 115 വയസ് 

സി. സോണിയ ഡി.സി.

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സന്യാസിനിക്ക് ഇപ്പോൾ 115 വയസ്. വി. വിൻസെന്റ് ഡി പോളിന്റെ ഉപവി പുത്രിമാരുടെ സമൂഹാംഗമായ സി. ആന്ദ്രേ ഡി. സി.യാണ് ആ ഭാഗ്യവതിയായ സിസ്റ്റർ.

ഫ്രാൻസിലെ ഏറ്റവും പ്രായം ചെന്ന വ്യക്തി ആയിരുന്നു ബഹു. സി. ആന്ദ്രേ. ഇന്ന് സിസ്റ്റർ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സന്യാസിനിയും; യൂറോപ്പിലെ പ്രായം കൂടിയ വ്യക്തിയും, ലോകത്തിലെ രണ്ടാമത്തെ പ്രായം കൂടിയ വ്യക്തിയുമായ ഈ വലിയ സന്യാസിനി 115-ാം വയസ്സിലും അവരുടെ വ്യക്തിമുദ്ര പതിപ്പിക്കുന്നുണ്ട്. 116 വയസ്സുള്ള ജപ്പാന്‍കാരിയായ കാനെ തനക്കായാണ് ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തി.

1904 ഫെബ്രുവരിയിൽ ഫ്രാൻസിലെ അലെസില്‍ ആണ് സി. ആന്ദ്രേ ജനിച്ചത്. ജനിച്ചതും വളർന്നതും യുവത്വം വരെ അലെസില്‍ ആയിരുന്ന സിസ്റ്റർ, വി. വിൻസെന്റ് ഡി പോളിന്റെ ഉപവി പുതിമാരുടെ (Daughters of Charity of St Vincent de Paul) സഭയിൽ ചേർന്ന് സന്യാസം തിരഞ്ഞെടുത്ത അവർ ക്രൈസ്തവീക മൂല്യങ്ങൾ സ്വന്തം ജീവിതത്തിൽ പകര്‍ത്തി, ക്രിസ്തുവിനെ പുൽകി പാവങ്ങളുടെ സേവനം തിരഞ്ഞെടുത്തു. 1944-ൽ റു ഡു ബാക്കി (ru du bac) ൽ സഭാംഗമായി ചേർന്ന് 1945 മുതൽ 2009 വരെ നീണ്ട 54 വര്‍ഷം അഗതികളും ആലംബഹീനരുമായവര്‍ക്ക് അത്താണിയായി. കൂടുതലായും ആശുപത്രികളിലും അനാഥ മന്ദിരങ്ങളിലും ഉത്സാഹത്തോടും തീക്ഷ്ണതയോടും കൂടി ഏറ്റവും പാവപ്പെട്ട വ്യക്തികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച സിസ്റ്ററിന് ഇനിയും ഈ വീൽ ചെയറില്‍ ഇരുന്നു പ്രാർത്ഥിച്ച് കർമ്മനിരതയായിരിക്കാനാണ് ആഗ്രഹം.

എന്റെ കണ്ണും കാഴ്ചയും മനുഷ്യര്‍ക്ക് നൽകി. എന്റെ ഉൾക്കണ്ണുകളിൽ യേശുവിനെ സ്വീകരിച്ച് പ്രാർത്ഥനാഭരിതരായി നീങ്ങുകയാണ് ഞാനിപ്പോൾ. അതാണ് എന്റെ ഏറ്റവും വലിയ സന്തോഷവും. ഇനിയെന്റെ 120 വയസ്സ് വരെ കർത്താവിനു വേണ്ടി ജോലി ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.

ഈ കഴിഞ്ഞ ഫെബ്രുവരിയിലെ തന്റെ 115-ാം പിറന്നാൾ ദിനം സി. ആന്ദ്രേയെ തേടി ഒരു സമ്മാനപ്പൊതി വന്നു. ഫ്രാൻസിസ് മാർപാപ്പാ ആശീർവദിച്ച് അയച്ച ഒരു ജപമാലയും കത്തുമായിരുന്നു അത്.

സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും അകലം കുറച്ച് നിസ്വാർത്ഥമായ സഹനജീവിതം ഏറ്റെടുത്ത കർത്തവ്യങ്ങൾ ഈശോയുടേതാക്കി മാറ്റുവാൻ ശ്രമിച്ച അവര്‍ ജീവിക്കുന്ന മാലാഖയായി…

സി. സോണിയ ഡി. സി.