ഔദ്യോഗിക വസ്ത്രങ്ങൾ മാറ്റി രക്ഷാപ്രവർത്തനത്തിനെത്തിയ എസ് ഐ 

പെരുമ്പാവൂരിൽ രക്ഷാ പ്രവർത്തനത്തിനിടെ ആളുകളെ കൈപിടിച്ച് കയറ്റുന്ന ആളെ കണ്ടപ്പോൾ ചിലർക്ക് ഒരു സംശയം. ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ? ഇതു നമ്മുടെ എസ് ഐ അല്ലേ? അപ്പോഴാണ് പലരും ഒപ്പമുള്ള പോലീസുകാരനെ തിരിച്ചറിഞ്ഞത്.

ഇതു പെരുമ്പാവൂർ എസ് ഐ ടി.എം.സൂഫി. പെരുമ്പാവൂരിലെ രക്ഷാ പ്രവർത്തനത്തിന് ഔദ്യോഗിക വസ്ത്രം ഒരു തടസ്സമാകുമെന്നു തിരിച്ചറിഞ്ഞു അത് ഊരി വെച്ചു. രക്ഷാപ്രവർത്തകർക്കിടയിൽ ഒരു സാധാരണക്കാരനെപോലെ ഒപ്പം കൂടി. പെരിയാർ തീരത്ത് വാരപ്പെട്ടി ഇഞ്ചൂർ മേഖലയിലാണ് ഇദ്ദേഹത്തിന്റെ വീട്. ചെറുപ്പം മുതൽ വെള്ളവുമായി ഏറെ പരിചിതമായിരുന്നു. അതിനാൽ തന്നെ പേടിച്ചു നിൽക്കാതെ വെള്ളത്തിലേക്ക് എടുത്തു ചാടി. അദ്ദേഹത്തിൻറെ കരങ്ങളിലൂടെ നൂറുകണക്കിന് ആളുകളാണ് ജീവിതത്തിലേയ്ക്ക് കടന്നു വന്നത്.

പെരുമ്പാവൂരിലെ പ്രവർത്തനങ്ങൾക്ക് ശേഷം പ്രളയം രൂക്ഷമായ കാലടിയിലേയ്ക്ക് പോയി. അവിടെ പലയിടത്തും നീന്തിച്ചെന്നാണ് ആളുകളെ രക്ഷപെടുത്തിയത്. “ഇതു എന്റെ മാത്രം കാര്യമല്ല. പോലീസുകാരിൽ പലരും യൂണീഫോം ധരിക്കാതെയാണ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. അതിനാൽ അവരെ തിരിച്ചറിയാതെ പോലീസുകാരുടെ ഭാഗത്തു നിന്ന് സഹകരണം കുറവായിരുന്നു എന്ന് പറയുന്നവരുണ്ട്. അതു കേൾക്കുമ്പോൾ സങ്കടം തോന്നുന്നു,” അദ്ദേഹം പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.