2021 -ലെ ലോക യുവജന സമ്മേളനത്തിനായുള്ള ഔദ്യോഗികഗാനം രൂപതകളിൽ പുറത്തിറക്കി

ക്രിസ്തുരാജന്റെ തിരുനാൾ ദിനമായ നവംബർ 21 -ന് ആഘോഷിക്കുന്ന ലോക യുവജന സമ്മേളനത്തിനു മുന്നോടിയായി ഔദ്യോഗികഗാനം രൂപതകളിൽ പുറത്തിറക്കി. പരിശുദ്ധ സിംഹാസനം സ്ഥാപിച്ച പുതിയ മാർഗ്ഗനിർദ്ദേശപ്രകാരം ഈ വർഷം മുതൽ പ്രാദേശികമായി രൂപതകളിലും ഇടവകകളിലുമായാണ് ലോക യുവജനദിനം ആചരിക്കുന്നത്.

‘ഉണർന്നെഴുന്നേൽക്കുക, യേശു പറയുന്നു…’ എന്നു തുടങ്ങുന്ന ഗാനം യുവജനങ്ങൾക്കുള്ള വലിയ ആഹ്വാനമായിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. റോബർട്ടോ അസ്സലിനി സംഗീതസംവിധാനം ചെയ്തിരിക്കുന്ന ഗാനം ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ് ഭാഷകളിലാണ് പുറത്തിറക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകരാണ് ഇത് ആലപിച്ചിരിക്കുന്നത്.

“വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകരുള്ളതിനാൽ ഒരു അന്താരാഷ്ട്ര അനുഭവം നൽകാനും ദൈവത്തെ സ്തുതിക്കുന്നതിന് ദൂരമോ, ഭാഷയോ ഒരു പ്രതിബന്ധമാകില്ലെന്നും യുവജനങ്ങളെ ബോധ്യമാക്കുവാനും സാധിക്കുന്നു” എന്ന് മ്യൂസിക്കൽ തീമിന്റെ ഉപജ്ഞാതാവായ റാമോൺ പാനി ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായ റിക്കാർഡോ ഗർസോണാ പറഞ്ഞു. ഗാനത്തിന്റെ നൃത്താവിഷ്കാരം അവതരിപ്പിക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പുകൾക്കായി ആഗോളതലത്തിൽ ‘ചലഞ്ച് WYD 2021’ എന്ന പേരിൽ ഒരു മത്സരവും നടത്തപ്പെടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.