മതപരിവർത്തനം ആരോപിക്കപ്പെട്ട് അറസ്റ്റിലായ സന്യാസിനിമാരെ ജാമ്യത്തിൽ വിട്ടയച്ചു

നിയമവിരുദ്ധമായ മതപരിവർത്തനം ആരോപിച്ച് നേപ്പാളിൽ അറസ്റ്റിലായ രണ്ട് കൊറിയൻ മിഷനറി സന്യാസിനിമാരെ ജാമ്യത്തിൽ വിട്ടയച്ചു. ‘കോൺഗ്രിഗേഷൻ ഓഫ് ദി സിസ്റ്റേഴ്സ് ഓഫ് സെന്റ് പോൾ ഓഫ് ചാർട്ട്സി’ലെ അംഗങ്ങളാണ് ഇവർ.

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള പൊഖാറയിൽ ജോലി ചെയ്തിരുന്ന സി. ജെമ്മ ലൂസിയ കിം, സി. മാർത്ത പാർക്ക് എന്നിവരെ മതംമാറ്റവും മതപരിവർത്തന പ്രവർത്തനങ്ങളും ആരോപിച്ച് സെപ്റ്റംബർ 14 -ന് രാത്രിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, പകർച്ചവ്യാധി സമയത്ത് അയൽപക്കത്തെ ദരിദ്രരായ പാവപ്പെട്ടവർക്ക് ഭക്ഷണം വിതരണം ചെയ്യുകയായിരുന്നു ഇവർ. രണ്ട് മാസത്തോളം ജയിലിൽ കഴിഞ്ഞതിനു ശേഷമാണ് ഈ സന്യാസിനിമാരെ ജാമ്യത്തിൽ വിട്ടയക്കുന്നത്.

നേപ്പാളിലെ വളരെ ദരിദ്രമായ പ്രദേശത്ത് 120 -ഓളം പാവപ്പെട്ട കുട്ടികൾക്കായുള്ള ഒരു സ്ഥാപനവും ഇവർ നടത്തുന്നുണ്ട്. അവർക്ക് സൗജന്യമായി താമസവും ഭക്ഷണവും വിദ്യാഭ്യാസവും വൈദ്യസഹായവും ലഭ്യമാക്കുന്നുണ്ട്.

സമീപ വർഷങ്ങളിൽ നേപ്പാളിലെ ക്രൈസ്തവർ വളരെയേറെ കഷ്ടപ്പാടുകൾ സഹിക്കേണ്ടി വരുന്നുണ്ട്. 2021 -ലെ റിലീജിയസ് ഫ്രീഡം റിപ്പോർട്ട് അനുസരിച്ച്, 2015 -ലെ പുതിയ ഭരണഘടനയും മതപരിവർത്തനം നിരോധിക്കുന്ന പുതിയ ശിക്ഷാനിയമവും ക്രൈസ്തവരുടെ മേൽ നിയമപരവും സാമൂഹികവുമായ സമ്മർദ്ദം വർദ്ധിപ്പിക്കാൻ കാരണമായി. അടുത്തിടെ ചില വിദേശ വൈദികർക്കും സന്യാസിനിമാർക്കും വിസ നിഷേധിക്കുകയും രാജ്യം വിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.

നേപ്പാളിലെ ജനസംഖ്യയുടെ 1.4 % മാത്രമാണ് കത്തോലിക്കർ ഉള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.